‘നാടുമായി കുറച്ചൊക്കെ ബന്ധം വേണം’; അരിയുണ്ടോയെന്ന് കിറ്റ് വാങ്ങുന്ന ബിജെപിക്കാരോടെങ്കിലും രമേശ് ചോദിക്കണമെന്ന് എംവി ജയരാജന്‍

ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശനെതിരെ പരിഹാസവുമായി സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. ‘പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്നയോജന വഴി കേരളത്തിന് അരിയെത്തി. സൗജന്യകിറ്റ് വിതരണം ഈ മാസവും തുടരും’ എന്ന എംടി രമേശിന്റെ ഫേസ്ബുക്ക് പോസ്റ്റ് ചൂണ്ടിയാണ് സിപിഐഎം നേതാവിന്റെ വിമര്‍ശനം.

‘കേരളത്തില്‍ നല്‍കുന്ന കിറ്റില്‍ അരിയില്ല’. കുറച്ചൊക്കെ നാടുമായി ബന്ധം വേണമെന്നേ പറയാനുള്ളൂ. ചുരുങ്ങിയപക്ഷം സാധാരണക്കാരായ കിറ്റ് വാങ്ങിക്കുന്ന ബിജെപിക്കാരോടെങ്കിലും ചോദിക്കാമായിരുന്നു.

എം വി ജയരാജന്‍

കിറ്റ് വിതരണമെന്ന ആരും പട്ടിണിയാകാതിരിക്കാനുള്ള നന്മ ജനങ്ങളാകെ ഏറ്റെടുത്തപ്പോള്‍, അതിന്റെ ഉടമസ്ഥാവകാശം പേറാന്‍ പലരും രംഗത്തുണ്ട്. കേന്ദ്രസര്‍ക്കാരാണ് കിറ്റ് നല്‍കിയതെങ്കില്‍, എന്തുകൊണ്ട് രാജ്യത്താകെ അത് നല്‍കുന്നില്ല എന്ന് ബിജെപിക്കാരോട് ചോദിച്ചാല്‍ അവര്‍ കുടുങ്ങും. വീണ്ടും അവകാശ വാദവുമായി രംഗത്തുവന്നിട്ടുണ്ട് ബിജെപി നേതാക്കള്‍ എന്നതാണ് എം ടി രമേശിന്റെ എഫ്ബി പോസ്റ്റ് വ്യക്തമാക്കുന്നതെന്നും സിപിഐഎം നേതാവ് കൂട്ടിച്ചേര്‍ത്തു.

എംവി ജയരാജന്റെ പ്രതികരണം

ബി.ജെ.പി നേതാവേ, ഒരുകാര്യം പ്രത്യേകം ഓര്‍മ്മിപ്പിക്കട്ടെ -‘ കിറ്റില്‍ അരിയില്ല’

കേരളത്തില്‍ കോവിഡ് പ്രതിസന്ധി ഘട്ടത്തില്‍ ആരും പട്ടിണിയാകാതിരിക്കാനാണ് സൗജന്യ ഭക്ഷ്യകിറ്റുകള്‍ നല്‍കാന്‍ പിണറായി സര്‍ക്കാര്‍ തീരുമാനിച്ചത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നന്മ ചോര്‍ന്നുപോകാത്തവര്‍ ഇതിനായി നല്‍കിയ തുകയുള്‍പ്പടെ ഉപയോഗിച്ചാണ് മഹാമാരി ഘട്ടത്തില്‍ ആരും പട്ടിണിയാകാതിരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ടത്. ഒപ്പം, കോവിഡ് രോഗികള്‍ക്കുള്‍പ്പടെ സമയത്ത് ഭക്ഷണമെത്തിച്ചുനല്‍കാന്‍ സാമൂഹ്യ അടുക്കളകളും ആരംഭിച്ചു. ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കരുതെന്ന് വാശിപിടിച്ചവര്‍ക്കും, നന്മ ചോര്‍ത്തിക്കളയുന്ന ആ വലതുപക്ഷ പ്രഖ്യാപനം ഏറ്റെടുത്തവര്‍ക്കും ഉള്‍പ്പടെ എല്ലാവര്‍ക്കുമാണ് പിണറായി സര്‍ക്കാര്‍ ഭക്ഷ്യകിറ്റ് സൗജന്യമായി നല്‍കിയതെന്നത് മറ്റൊരു വസ്തുത.

ആരും പട്ടിണിയാകാതിരിക്കാനുള്ള ആ നന്മ ജനങ്ങളാകെ ഏറ്റെടുത്തപ്പോള്‍, അതിന്റെ ഉടമസ്ഥാവകാശം പേറാന്‍ പലരും രംഗത്തുണ്ട്. കേന്ദ്രസര്‍ക്കാരാണ് കിറ്റ് നല്‍കിയതെങ്കില്‍, എന്തുകൊണ്ട് രാജ്യത്താകെ അത് നല്‍കുന്നില്ല എന്ന് ആരും ബിജെപിക്കാരോട് ചോദിക്കല്ലേ..! അവര്‍ കുടുങ്ങും. വീണ്ടും അവകാശ വാദവുമായി രംഗത്തുവന്നിട്ടുണ്ട് ബിജെപി നേതാക്കള്‍ എന്നതാണ് ഈ പുതിയ എഫ്ബി പോസ്റ്റ് വ്യക്തമാക്കുന്നത്. ഒരു കാര്യം പ്രത്യേകം ബിജെപി നേതാവിനെ ഓര്‍മ്മിപ്പിക്കട്ടെ -‘ കേരളത്തില്‍ നല്‍കുന്ന കിറ്റില്‍ അരിയില്ല’. കുറച്ചൊക്കെ നാടുമായി ബന്ധം വേണമെന്നേ പറയാനുള്ളൂ. ചുരുങ്ങിയപക്ഷം സാധാരണക്കാരായ കിറ്റ് വാങ്ങിക്കുന്ന ബിജെപിക്കാരോടെങ്കിലും ചോദിക്കാമായിരുന്നു. നന്ദി, നല്ല നമസ്‌ക്കാരം.