കൊച്ചി: വയനാട് മുട്ടില്‍ വനംകൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണത്തിന് സ്റ്റേ ഇല്ലെന്ന് ഹൈക്കോടതി. അന്വേഷണം സ്റ്റേ ചെയ്യണമെന്ന പ്രതികളുടെ ആവശ്യം ഹൈക്കോടതി തള്ളി. മരം കൊള്ളയുമായി ബന്ധപ്പെട്ട് പുറത്ത് വന്നത് മഞ്ഞുമലയുടെ അറ്റം മാത്രമാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതില്‍ അറിയിച്ചു.
പ്രതികള്‍ക്കെതിരായ അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും ഉന്നത ബന്ധമുള്ള കേസ് ആണെന്നും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് കോടതിയില്‍ പറഞ്ഞു. പ്രതികള്‍ സര്‍ക്കാര്‍ ഉത്തരവ് ദുര്‍വ്യാഖ്യാനം ചെയ്താണ് വനം കൊള്ള നടത്തിയത്. വില്ലേജ് ഓഫീസര്‍മാരടക്കം കേസില്‍ അന്വേഷണം നേരിടുകയാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഇത് പരിഗണിച്ച കോടതി സ്റ്റേ ആവശ്യം തള്ളുകയായിരുന്നു.
പ്രതികളായ റോജി അഗസ്റ്റിന്, ആന്റോ അഗസ്റ്റിന് എന്നിവരടക്കമുള്ളവരാണ് കോടതിയെ സമീപിച്ചത്.
മുട്ടിലിലെ ഈട്ടിമരം കൊള്ളയില്‍ വനം വകുപ്പ് സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഈട്ടിമരം മുറി സംസ്ഥാന വ്യാപകമായി നടന്നിട്ടുണ്ടെന്ന സംശയം ഉന്നത ഉദ്യോഗസ്ഥര്‍ വനംമന്ത്രി എകെ ശശീന്ദ്രന് വിളിച്ച യോഗത്തില്‍ തന്നെ പ്രകടിപ്പിച്ചിരുന്നു.