‘തെരഞ്ഞെടുപ്പുകള്‍ വരും പോകും’; സ്ഥായിയായ ഒരു ജനവിധി ജനങ്ങള്‍ നല്‍കുന്നില്ലെന്ന് കെ സുരേന്ദ്രന്‍

നിയമസഭാ തെരഞ്ഞെടുപ്പിലെ ബിജെപി തോല്‍ക്കാന്‍ കാരണം മുസ്ലീം വോട്ടര്‍മാര്‍ക്കിടയില്‍ നടന്ന ധ്രൂവീകരണമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. എല്ലാ മണ്ഡലങ്ങളിലും എന്‍ഡിഎ മുന്നണിയെ പരാജയപ്പെടുത്താന്‍ ആസൂത്രിതമായ ശ്രമമുണ്ടായെന്ന് തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സുരേന്ദ്രന്‍ പറഞ്ഞു. മഞ്ചേശ്വരത്ത് കഴിഞ്ഞ തവണത്തേക്കാള്‍ പതിനായിരം വോട്ടുകള്‍ ഞങ്ങള്‍ പിടിച്ചിട്ടും 700 വോട്ടിന് പരാജയപ്പെടുകയാണ്. പാലക്കാട് ലോകാരാധ്യനായ ഇ ശ്രീധരനെ പരാജയപ്പെടുത്താന്‍ സിപിഐഎമ്മിലെ മുസ്ലീം വോട്ടര്‍മാര്‍ യുഡിഎഫിന് വോട്ട് ചെയ്‌തെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

തെരഞ്ഞെടുപ്പുകള്‍ വരും പോകും. ഓരോ തെരഞ്ഞെടുപ്പിലും ഓരോ ജനവിധിയാണ്. സ്ഥായിയായ ഒരു ജനവിധി ജനങ്ങള്‍ നല്‍കുന്നില്ല. അതുകൊണ്ട് തെരഞ്ഞെടുപ്പില്‍ ഒരു തവണത്തെ വിജയ പരാജയങ്ങളുടെ അടിസ്ഥാനത്തില്‍ അല്ല കാര്യങ്ങള്‍. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏക സീറ്റ് നഷ്ടമായെങ്കിലും ജനങ്ങള്‍ക്കിടയില്‍ ശക്തമായ പ്രതിപക്ഷമായി തുടര്‍ന്നും മുന്നോട്ട് പോകും.

കെ സുരേന്ദ്രന്‍

പല മണ്ഡലങ്ങളിലും ശക്തമായ മുന്നേറ്റം ബിജെപി നടത്തിയിട്ടുണ്ട്. കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ സ്ഥലങ്ങളില്‍ രണ്ടാം സ്ഥാനത്ത് വന്നിട്ടുണ്ട്. ശക്തമായ പ്രചരണം നടത്തിയ ഇടത്തെല്ലാം ജനപിന്തുണ വര്‍ധിച്ചു. പക്ഷെ ഇടതുമുന്നണിയും കോണ്‍ഗ്രസും ധ്രുവീകരണ രാഷ്ട്രീയം, സ്ട്രാറ്റജിക്കല്‍ വോട്ടിങ്ങ് ഫലപ്രദമായിട്ട് നടത്തി. അതുകൊണ്ടാണ് പരാജയപ്പെട്ടതെന്നും സുരേന്ദ്രന്‍ പ്രതികരിച്ചു.

കെ സുരേന്ദ്രന്‍ പറഞ്ഞത്

“കേരളത്തിന്റെ ജനവിധി പൂര്‍ണമായും മാനിച്ചുകൊണ്ട്, വലിയ ഭൂരിപക്ഷത്തോടുകൂടി അധികാരത്തില്‍ തിരിച്ചുവന്ന പിണറായി വിജയന്‍ സര്‍ക്കാരിനെ അഭിനന്ദിക്കുകയാണ്. ജനവിധിയെ ഞങ്ങള്‍ പൂര്‍ണമായും അംഗീകരിക്കുന്നു. ദേശീയ ജനാധിപത്യസഖ്യം പ്രതീക്ഷിച്ച സീറ്റുകളില്‍ വിജയിക്കാന്‍ സാധിച്ചില്ല എന്ന കാര്യം അംഗീകരിക്കുന്നു. ഞങ്ങള്‍ക്ക് വിജയ സാധ്യതയുണ്ടായിരുന്ന പല മണ്ഡലങ്ങളിലും വലിയ തോതില്‍ ധ്രുവീകരണത്തിനുള്ള നീക്കം നടന്നു എന്നതാണ് ഞങ്ങള്‍ പ്രാഥമികമായി കാണുന്നത്. എന്‍ഡിഎയുടെ പ്രകടനത്തെ സംബന്ധിച്ച് വിശദമായ പരിശോധന നടത്തി പാര്‍ട്ടിക്ക് അകത്തും എന്‍ഡിഎയ്ക്ക് അകത്തും വിശദമായ ചര്‍ച്ചകള്‍ നടത്തി ശക്തമായി മുന്നോട്ടുപോകും.

കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തോടും സിപിഐഎമ്മിന്റെ ഏകാധിപത്യ പ്രവണതയോടും അഴിമതിയോടും തുടര്‍ന്നും ജനങ്ങള്‍ക്കിടയില്‍ ശക്തമായ പ്രതിരോധം തീര്‍ത്തുകൊണ്ട് പോരാട്ടം തുടരുക തന്നെ ചെയ്യും. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏക സീറ്റ് നഷ്ടമായെങ്കിലും ജനങ്ങള്‍ക്കിടയില്‍ ശക്തമായ പ്രതിപക്ഷമായി തുടര്‍ന്നും മുന്നോട്ട് പോകും. ആശയപരമായി ഇടതുപാര്‍ട്ടികളോടുള്ള ഞങ്ങളുടെ വിയോജിപ്പ് ശക്തമായി പ്രകടിപ്പിച്ചുകൊണ്ട് കൂടുതല്‍ കരുത്തോടെ മുന്നോട്ട് പോകാന്‍ തയ്യാറാകും.

നേമത്ത് മാത്രമല്ല, എല്ലാ മണ്ഡലങ്ങളിലും മുസ്ലീം വോട്ടര്‍മാര്‍ക്കിടയില്‍ വ്യാപകമായ ധ്രുവീകരണശ്രമമാണ് നടന്നത്. മഞ്ചേശ്വരത്ത് കഴിഞ്ഞ തവണത്തേക്കാള്‍ പതിനായിരം വോട്ടുകള്‍ ഞങ്ങള്‍ പിടിച്ചിട്ടും 700 വോട്ടിന് പരാജയപ്പെടുകയാണ്. പാലക്കാട് ലോകാരാധ്യനായ ഇ ശ്രീധരനെ പരാജയപ്പെടുത്താന്‍ സിപിഐഎമ്മിലെ മുസ്ലീം വോട്ടര്‍മാര്‍ യുഡിഎഫിന് വോട്ട് ചെയ്തു. അത് പച്ചയായിട്ടുള്ള സത്യമാണ്. പ്രധാന മണ്ഡലങ്ങളിലെല്ലാം മുസ്ലീം ധ്രുവീകരണത്തിന് വേണ്ടിയുള്ള ആസൂത്രിതമായ ശ്രമം നടന്നു. എന്‍ഡിഎ ജയിക്കാതിരിക്കാന്‍ മതപരമായ ശ്രമം നടന്നു.

തെരഞ്ഞെടുപ്പില്‍ ജയിക്കുമ്പോള്‍ ജയിക്കുന്നയാളെ അംഗീകരിക്കണം. വിജയിച്ചയാളെ അംഗീകരിക്കുന്നതില്‍ എന്താണ് കുഴപ്പമുള്ളത്? പക്ഷെ, ഇതേ പിണറായി വിജയനാണ് കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ് 20ല്‍ 19 സീറ്റിലും പരാജയപ്പെട്ടത്. അതുകൊണ്ട് തെരഞ്ഞെടുപ്പുകള്‍ വരും പോകും. ഓരോ തെരഞ്ഞെടുപ്പിലും ഓരോ ജനവിധിയാണ്. സ്ഥായിയായ ഒരു ജനവിധി ജനങ്ങള്‍ നല്‍കുന്നില്ല. അതുകൊണ്ട് തെരഞ്ഞെടുപ്പില്‍ ഒരു തവണത്തെ വിജയ പരാജയങ്ങളുടെ അടിസ്ഥാനത്തില്‍ അല്ലല്ലോ കാര്യങ്ങള്‍.

Also Read: കേരളം ‘ബിജെപി മുക്തം’; സ്ഥാനാര്‍ത്ഥിയായും സംസ്ഥാന അദ്ധ്യക്ഷനായും തോറ്റ് കെ സുരേന്ദ്രന്‍

പരാജയം മുന്‍കൂട്ടി കാണാന്‍ യുഡിഎഫിന് സാധിച്ചോ? യുഡിഎഫ് ഇന്ന് രാവിലെയും പറഞ്ഞത് സര്‍ക്കാര്‍ ഉണ്ടാക്കുമെന്നല്ലേ. ജനങ്ങള്‍ എങ്ങനെയാണ് പ്രതികരിക്കുന്നത് എന്ന് എങ്ങനെയാണ് മുന്‍കൂട്ടി കാണാന്‍ കഴിയുക. നിങ്ങള്‍ വോട്ടിന്റെ കണക്ക് ഇലക്ഷന്‍ കമ്മീഷന്‍ പുറത്തുവിടുമ്പോള്‍ നോക്കൂ. പല മണ്ഡലങ്ങളിലും ശക്തമായ മുന്നേറ്റം ഞങ്ങള്‍ നടത്തിയിട്ടുണ്ട്. കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ സ്ഥലങ്ങളില്‍ ഞങ്ങള്‍ രണ്ടാം സ്ഥാനത്ത് വന്നിട്ടുണ്ട്. ശക്തമായ പ്രചരണം നടത്തിയ ഇടത്തെല്ലാം ജനപിന്തുണ വര്‍ധിച്ചിട്ടുണ്ട്. പക്ഷെ, ഈ ധ്രുവീകരണ രാഷ്ട്രീയം, സ്ട്രാറ്റജിക്കല്‍ വോട്ടിങ്ങ് ഫലപ്രദമായിട്ട് ഇടതുമുന്നണി നടത്തി. കോണ്‍ഗ്രസും നടത്തി അതുകൊണ്ടാണ്.

തെരഞ്ഞെടുപ്പിന്റെ വിജയത്തിന് പല ചേരുവകളുണ്ട്. അത് സമര്‍ത്ഥമായിട്ട് ഉപയോഗിക്കലാണ്. മുസ്ലീം ലീഗ് മത്സരിക്കാത്തയിടത്തൊക്കെ മുസ്ലീങ്ങള്‍ ആര്‍ക്കാണ് വോട്ട് ചെയ്തിരിക്കുന്നത്?”