‘മണി മാറി മത്തായി വന്നാലും അതിന് മാറ്റമില്ല’; ലക്ഷദ്വീപ് പ്രമേയത്തില്‍ മോഡിക്കെതിരെയോ കേന്ദ്രത്തിനെതിരെയോ ഒരു വാക്കുപോലുമില്ലെന്ന് പിടി തോമസ്

കേരള നിയമസഭ ഐക്യകണേഠന പാസ്സാക്കിയ ലക്ഷദ്വീപ് പ്രമേയത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെയോ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയോ ഒരു വാക്കു പോലും ഉള്‍ക്കൊള്ളിച്ചിട്ടില്ലെന്ന് പി ടി തോമസ് എംഎല്‍എ. കേന്ദ്ര സര്‍ക്കാരെന്നോ നരേന്ദ്ര മോദിയെന്നോ ചേര്‍ക്കാതിരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ബോധപൂര്‍വം ശ്രമിച്ചെന്ന് കോണ്‍ഗ്രസ് എംഎല്‍എ കുറ്റപ്പെടുത്തി. ഇതിനെതിരെയാണ് ഞാന്‍ സഭയില്‍ ഭേദഗതി കൊണ്ടുവന്നത്. പ്രമേയത്തില്‍ ചില ഭേദഗതികള്‍ അംഗീകരിച്ച് മാറ്റം വരുത്തി എന്ന മട്ടിലാണ് പ്രമുഖ ചാനലുകളും പത്രങ്ങളും ഇന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍ സത്യം അതല്ലെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ചൂണ്ടിക്കാട്ടി.

ഭേദഗതി ചെയ്ത പ്രമേയത്തില്‍ പോലും കേന്ദ്ര സര്‍ക്കാരിനെ പറ്റിയോ നരേന്ദ്ര മോദിയെപ്പറ്റിയോ ഒരു വാക്കു പോലും ചേര്‍ത്തിട്ടില്ല. തെങ്ങിന് കാവിയടിച്ചു എന്ന മുഖ്യമന്ത്രിയുടെ പ്രസംഗം പ്രമേയത്തിന്റെ ഭാഗമായി എന്നാണു പല ശുദ്ധാത്മാക്കളും ധരിച്ചത്.

പി ടി തോമസ്

ആദ്യത്തെ പ്രമേയത്തില്‍ നിന്നും ആകെ വരുത്തിയിട്ടുള്ള ഭേദഗതികളും കോണ്‍ഗ്രസ് എംഎല്‍എ ഫേസ്ബുക്ക് പോസ്റ്റില്‍ അക്കമിട്ടുനിരത്തി.

  1. ഖണ്ഡിക 1 – ഭൂമിശാസ്ത്ര പരമായും
  2. ഖണ്ഡിക 3 – ജമ്മു കാശ്മീരിനെ വെട്ടിമുറിച്ചതും, സംസ്ഥാന പദവിയും പ്രത്യേക പദവിയും എടുത്തു കളഞ്ഞതു, പൗരത്വ ഭേദഗതി നിയമവും എല്ലാം അത്തരം നീക്കങ്ങളുടെ ഒടുവിലത്തെ ഉദാഹരണം ആണ്.
  3. ഖണ്ഡിക 4 – അദ്ദേഹത്തിന്റെ വിവാദമായ മുഴുവന്‍ ഉത്തരവുകളും റദ്ദ് ചെയ്യണമെന്നും.
  4. ഖണ്ഡിക 4 – ഉപജീവന മാര്‍ഗങ്ങളും സംസ്‌കാരത്തനിമയും

ജനങ്ങള്‍ തെറ്റിദ്ധരിക്കാതിരിക്കാന്‍ കാരട് പ്രമേയത്തിന്റെ പകര്‍പ്പും സഭ അംഗീകരിച്ച പ്രമേയത്തിന്റെ പകര്‍പ്പും ഇതോടൊപ്പം ചേര്‍ക്കുന്നു. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ പ്രഖ്യാപിത നയം തന്നെ വ്യക്തിയല്ല നയമാണ് മുഖ്യം എന്നാണ്. ലക്ഷദ്വീപിലെ അഡ്മിനിസ്‌ട്രേറ്ററുടെ പ്രവര്‍ത്തനം കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശാനുസരണമാണ്. മണി മാറി മത്തായി വന്നാലും അതിനു മാറ്റമില്ല എന്നതിനാല്‍ അഡ്മിനിസ്‌ട്രേറ്ററുടെ പ്രവര്‍ത്തനങ്ങള്‍ നരേന്ദ്ര മോഡിയുടെ പ്രേരണയില്‍ നടത്തുന്നതാണ് എന്ന വസ്തുത മറച്ചു വയ്ക്കുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചിട്ടുള്ളതെന്നും പി ടി തോമസ് ആരോപിച്ചു.