തൊണ്ണൂറുകളില്‍ മലയാളിയുടെ ആക്ഷന്‍ ഹരമായിരുന്ന ബാബു ആന്റണി ഒമര്‍ ലുവുവിന്റെ പവര്സ്റ്റാറിലിടൂടെ വമ്പന്‍ തിരിച്ചുവരവിന് തയ്യാറെടുക്കുകയാണ്. ബാബു ആന്റണിയെ വേണ്ട വിധം ഉപയോഗിച്ചിരുന്നെങ്കില്‍ ഒരു ഇന്റര്‍നാഷണല്‍ സ്റ്റാര്‍ ലഭിച്ചേനെയെന്ന് കഴിഞ്ഞ ദിവസം ഒമര്‍ലുലു അഭിപ്രായപ്പെട്ടിരുന്നു. ഹോളിവുഡ് ചിത്രം റാംബോയുടെ പോസ്റ്ററില്‍ സില്‍വസ്റ്റര്‍ സ്റ്റാലനു പകരം ബാബു ആന്റണിയെ ഫോട്ടോഷോപ്പ് ചെയ്തുള്ള ചിത്രവും സംവിധായകന് പങ്കുവെച്ചു. ഒമര്‍ ലുവുവിന്റെ പോസ്റ്റിനെ ഏറെ പേര് പിന്തുണച്ചെങ്കിലും വിമര്‍ശനങ്ങളുമെത്തി. ബാബു ആന്റണിയുടെ എക്സ്പ്രഷന്‍സ് പോരായെന്ന കമന്റുകളും വന്നു. ഇതിന് മറുപടിയുമായെത്തിയിരിക്കുകയാണ് ബാബു ആന്റണി.
എന്നെ സംബന്ധിച്ചിടത്തോളം അഭിനയം എന്നത് മുഖഭാഷ മാത്രമല്ല, ശരീര ഭാഷയുമാണ്. നമ്മള് ചെയ്യുന്ന കാര്യങ്ങള്‍ പ്രേക്ഷകര്‍ക്ക് നന്നായി മനസിലാക്കാന്‍ പറ്റുമെങ്കില്‍ പിന്നെ ആവശ്യമില്ലാത്ത എക്സ്പ്രഷന്‍സ് എനിക്ക് താല്പര്യമില്ല.
ബാബു ആന്റണി
സ്റ്റോറി, സ്ക്രിപ്റ്റ്, ഷോട്ടുകള്‍, ബിജിഎം, കോസ്റ്റാര്സ് എല്ലാം അഭിനയത്തില്‍ നമ്മെ സഹായിക്കുന്ന ഘടകങ്ങള്‍ ആണ്. ഞാന്‍ ചെയ്ത വൈശാലിയും, അപരാഹ്നവും, കടലും, ചന്തയും, നാടോടിയും, ഉത്തമനും മറ്റു ഭാഷ ചിത്രങ്ങളും ഒക്കെ ജനങ്ങള്‍ക്കു മനസ്സിലാവുകയും സൂപ്പര്‍ ഹിറ്റ് ആവുകയും ചെയ്തു. പിന്നെ, എനിക്ക് അഭിനയത്തിന് ഒരു പഞ്ചായത്തു അവാര്‍ഡ് പോലും കിട്ടിയിട്ടില്ല. അതുകൊണ്ടു ഇവനെന്തിനു ഈ അവാര്‍ഡ് കൊടുത്തു എന്ന് ചോദിക്കണ്ട അവസ്ഥയും ഇല്ല. ഇന്ത്യയിലെ വലിയ വലിയ സംവിധായകര്‍ക്ക് ഒരു പരാതിയും ഇല്ലതാനും. എന്റെ വര്‍ക്കില്‍ അവര്‍ ഹാപ്പിയും ആണ്. അതുകൊണ്ട് ചില സഹോദരന്മാര് സദയം ക്ഷമിക്കണമെന്നും ബാബു ആന്റണി ഫേസ്ബുക്കില്‍ കുറിച്ചു.

ഒമര്‍ ലുലുവിന്റെ കുറിപ്പ്
“ആറടി മൂന്ന് ഇഞ്ച് പൊക്കം, നല്ല സ്റ്റൈലനായി ഫൈറ്റ് ചെയ്യുന്ന ബാബു ആന്റണി ചേട്ടനെ വെച്ച് അത്യാവശ്യം നല്ല ബഡ്ജറ്റില്‍ പണ്ട് ഒരു ആക്ഷന്‍ ചിത്രം ചെയ്തിരുന്നു എങ്കില്‍ പാന്‍ ഇന്ത്യയല്ലാ ഒരു ഇന്റര്‍നാഷണല്‍ സ്റ്റാര്‍ ജനിച്ചേനെ കേരളക്കരയില്‍ നിന്ന്.
ഇത്രയും സ്റ്റൈലും ഇന്റര്‍നാഷണല്‍ അപ്പീല്‍ ഉണ്ടായിരുന്നിട്ടും അന്നതെ മുന്‍നിര സംവിധായകര്‍ ആരും ബാബു ആന്റണി ചേട്ടനെ നായകന് ആക്കിയിട്ടില്ല എന്നാണ് എന്റെ ഓര്‍മ്മ. നായകനായി അഭിനയിച്ചത് എല്ലാം ലോബഡ്ജറ്റ് മൂവീസില്‍ ആയിരുന്നു. ഫൈറ്റിനായി ഒരു ദിവസം ഒക്കെയായിരുന്നു ചാര്ട്ടിങ്ങ്. എന്നിട്ടും ബാബു ചേട്ടന്റെ ആക്ഷന്‍ സിനിമകള്‍ നമ്മളെ കോരിത്തരിപ്പിച്ചൂ എങ്കില്‍ മുന്‍നിര സംവിധായകരും ബഡ്ജറ്റും ഉണ്ടായിരുന്നെങ്കില്‍ പുള്ളി വേറെ റെയ്ഞ്ച് ആയേനെ.”