തിരുവനന്തപുരം: ഇടത് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ താന്‍ കൂട്ടുനിന്നെന്ന സിപിഐഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്റെ പരാമര്‍ശത്തിനെതിരെ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. അട്ടിമറി ശ്രമങ്ങള്‍ക്ക് സാമുദായിക ചേരുവ നല്‍കാനാണ് ശ്രമിച്ചതെന്ന വിജയരാഘവന്റെ പരാമര്‍ശം കൂടുതല്‍ പ്രകോപനമുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് സുകുമാരന്‍ നായര്‍ ആരോപിച്ചു.
‘വോട്ടെടുപ്പ് ദിവസം വോട്ടു ചെയ്തു മടങ്ങുമ്പോള്‍ മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് നല്കിയ മറുപടിയാണല്ലോ ഇത്തരം വ്യാഖ്യാനങ്ങളുടെ ഉറവിടം. സര്‍ക്കാരിനെതിരായ ഒരു പരസ്യ പ്രസ്താവന നടത്തണമായിരുന്നു എങ്കില്‍ അത് നേരത്തെ ചെയ്യാനുള്ള ആര്‍ജവം എന്‍എസ്എസിനുണ്ട്’, സുകുമാരന്‍ നായര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.
ഇടതുപക്ഷ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ക്ക് സാമുദായിക ചേരുവ നല്‍കാനാണ് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ എന്ന പരസ്യ പ്രസ്താവനയുമായി രംഗത്തു വന്നതെന്ന പാര്‍ട്ടി സെക്രട്ടറിയുടെ പ്രകോപനപരമായ വ്യാഖ്യാനം അര്‍ത്ഥശൂന്യവും എന്‍എസ്എസിനെ അപകീര്‍ത്തിപ്പെടുത്താനുള്ള ചിലരുടെ ഗൂഢോദ്ദേശ്യത്തിന്റെ ഭാഗവും ആണെന്ന് പറയേണ്ടിയിരിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.
വിശ്വാസം സംരക്ഷിക്കുന്ന കാര്യത്തില്‍ മാത്രമാണ് ഇടതു സര്‍ക്കാരുമായി അഭിപ്രായ വ്യത്യാസം ഉണ്ടായിട്ടുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മതേതരത്വം സംരക്ഷിക്കാന്‍ എന്നും മുന്‍പന്തിയില്‍ നില്ക്കുന്ന എന്‍എസ്എസ്, അതിന്റെ സന്ദര്‍ഭോചിതവും നീതിപൂര്‍വകവുമായ നിലപാടുകളിലൂടെ എല്ലാ രാഷ്ട്രീയ നേതൃത്വങ്ങളോടും ഗവണ്മെന്റുകളോടും എതിര്‍പ്പ് പ്രകടിപ്പിക്കേണ്ടി വന്നിട്ടുണ്ട്. അതൊക്കെ സമൂഹ്യനീതിക്കു വേണ്ടിയും ആയിരുന്നു. മറ്റു കാര്യസാദ്ധ്യങ്ങള്‍ക്കു വേണ്ടി ആയിരുന്നില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
പിണറായി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള യുഡിഎഫ് രാഷ്ട്രീയ ഗൂഢാലോചനയ്ക്ക് എന്‍എസ്എസ് കൂട്ടുനിന്നെന്നായിരുന്നു വിജയരാഘവന് പാര്‍ട്ടി മുഖപത്രം ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ ആരോപിച്ചത്. ഇക്കാര്യത്തിനുവേണ്ടി ജി സുകുമാരന്‍ നായര്‍ പ്രസ്താവനകളിറക്കി. സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഗൂഢാലോചനയില്‍ കോണ്‍ഗ്രസുമായും ബിജെപിയുമായും സുകുമാരന്‍ നായര്‍ കൈകോര്‍ത്തെന്നും ലേഖനത്തില്‍ വിമര്‍ശിക്കുന്നു.