മിഷനറീസ് ഓഫ് ചാരിറ്റിക്ക് 78 ലക്ഷം; കേന്ദ്രം ഫണ്ട് മുടക്കിയപ്പോൾ സഹായവുമായി നവീൻ പട്നായിക്

മദർ തെരേസ സ്‌ഥാപിച്ച മിഷനറീസ് ഓഫ് ചാരിറ്റി സന്നദ്ധ സംഘടനക്ക് വിദേശ സഹായം സ്വീകരിക്കുന്നതിനുള്ള ലൈസൻസ് കേന്ദ്രസർക്കാർ റദ്ദാക്കിയതിന് പിന്നാലെ വലിയ ധനസഹായം പ്രഖ്യാപിച്ച് ഒഡീഷ സർക്കാർ. മുഖ്യമന്ത്രി നവീൻ പട്നായിക്കിന്റെ ദുരിതാശ്വാസ നിധിയിൽ നിന്നും മിഷനറീസ് ഓഫ് ചാരിറ്റിയുടെ കീഴിലെ 13 സന്നദ്ധ സ്ഥാപനങ്ങൾക്കായി 78.76 ലക്ഷം രൂപ അനുവദിച്ചുകൊണ്ടാണ്‌ ഉത്തരവായത്.

സമാധാന നൊബേൽ ജേതാവായ മദർ തെരേസ 1950ലാണ് കൊൽക്കത്ത ആസ്ഥാനമായി മിഷനറീസ് ഓഫ് ചാരിറ്റി രൂപീകരിച്ചത്. എട്ട് ജില്ലകളിലായി വിവിധ സ്ഥാപനങ്ങളിൽ 900ത്തിനടുത്ത് അഗതികളെയാണ് സംഘടന സംരക്ഷിക്കുന്നത്. വിദേശ ഫണ്ട് സ്വീകരിക്കാൻ യോഗ്യതയില്ല എന്ന് ചൂണ്ടിക്കാട്ടി ഡിസംബർ 25ന് സംഘടനയുടെ എഫ്‌സിആർഎ ലൈസൻസ് പുതുക്കാനുള്ള അപേക്ഷ കേന്ദ്രസർക്കാർ തള്ളുകയായിരുന്നു.

മിഷനറീസ് ഓഫ് ചാരിറ്റിയുടെ സ്ഥാപനങ്ങളിലേക്ക് ഫണ്ട് കൃത്യമായി എത്തുന്നുണ്ടെന്ന് ഉറപ്പാക്കാൻ മുഖ്യമന്ത്രി ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുകയും ചെയ്‌തു.

‘മിഷനറീസ് ഓഫ് ചാരിറ്റിയുടെ സ്ഥാപനങ്ങളുമായി നിരന്തരം ബന്ധം നിലനിർത്താൻ ജില്ലാ കളക്ടർമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു സ്ഥാപനവും ഭക്ഷണത്തിന്റെ കാര്യത്തിലോ ആരോഗ്യ പരിപാലനത്തിന്റെ കാര്യത്തിലോ പ്രതിസന്ധി നേരിടുന്നില്ല എന്ന് ഉറപ്പാക്കാനും നിർദേശം നൽകിയിട്ടുണ്ട്. എപ്പോൾ ആവശ്യം വന്നാലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിൽ നിന്നും പണം അനുവദിക്കാവുന്നതാണ്, എന്ന് നവീൻ പട്നായിക് പ്രസ്‌താവനയിൽ വ്യക്തമാക്കി.

മിഷനറീസ് ഓഫ് ചാരിറ്റിക്ക് പുറമെ, ജാമിയ മില്ലിയ ഇസ്ലാമിയ, ഓക്‌സ്‌ഫാം ഇന്ത്യ തുടങ്ങിയ സ്ഥാപങ്ങളുടെ ലൈസൻസും കേന്ദ്രസർക്കാർ നിഷേധിച്ചിരുന്നു. തങ്ങൾക്കനുകൂലമല്ലാത്ത സംഘങ്ങളുടെ പ്രവർത്തനങ്ങൾ പ്രതിസന്ധിയിലാക്കാനുള്ള നീക്കമാണ് ഇതെന്ന് പ്രതിപക്ഷം ഉൾപ്പടെ വിമർശനം ഉയർത്തിയിട്ടുണ്ട്. മദർ തെരേസയുടെ പ്രവർത്തനങ്ങൾ മതപരിവർത്തനം ലക്ഷ്യംവെച്ചുള്ളതായിരുന്നു എന്ന് വിവിധ ബിജെപി നേതാക്കൾ അഭിപ്രായപ്പെട്ടിരുന്നു.