പഴയ മുഖങ്ങളെ അണിനിരത്തി താലിബാന്റെ പുതിയ സർക്കാർ; വനിതകളില്ലാത്ത ‘ഇസ്ലാമിക് എമിറേറ്റ്’ മുഹമ്മദ് ഹസൻ അഖുന്ദ് നയിക്കും

കാബൂൾ: ആഴ്‌ചകൾ നീണ്ട അഭ്യൂഹങ്ങൾക്കും ചർച്ചകൾക്കും വിരാമമിട്ടുകൊണ്ട് അഫ്‌ഗാനിസ്ഥാനിൽ താലിബാൻ പുതിയ ഗവൺമെന്റ് പ്രഖ്യാപിച്ചു. താലിബാൻ സ്ഥാപകൻ മുല്ലാ ഉമറിന്റെ വിശ്വസ്‌തനും പഴയ താലിബാൻ സർക്കാരിൽ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായിരുന്ന മുല്ലാ മുഹമ്മദ് ഹസ്സൻ അഖുന്ദാണ് കാവൽ ഗവണ്മെന്റിന്റെ പ്രധാനമന്ത്രി. രാഷ്ട്രീയകാര്യ തലവനും മുതിർന്ന നേതാവുമായ മുല്ല അബ്ദുൽ ഗനി ബറാദറാണ് ഉപപ്രധാനമന്ത്രി. താലിബാൻ വക്താവ് സൈബുള്ള മുജാഹിദ് ചൊവ്വാഴ്ച് രാത്രിയോടെ പ്രഖ്യാപിച്ച ക്യാബിനറ്റ് പേരുകളിൽ ഭൂരിഭാഗവും പഴയ നേതാക്കളും മുൻ താലിബാൻ സർക്കാരിന്റെ ഭാഗമായിരുന്നവരുമാണ്. എല്ലാവരെയും ഉൾകൊള്ളുന്ന ഗവണ്മെന്റ് വാഗ്‌ദാനം ചെയ്‌തിരുന്ന താലിബാൻ എന്നാൽ വനിതകളെയോ മറ്റ് ഗ്രൂപ്പുകളുടെ പ്രതിനിധികളെയോ നിലവിൽ ഉൾക്കൊള്ളിച്ചിട്ടില്ല.

പാകിസ്താനിലും അഫ്‌ഗാനിലുമായി പ്രവർത്തിക്കുന്ന തീവ്രവാദ ഗ്രൂപ്പായ ഹക്കാനി നെറ്റ്‌വർക്കിന്റെ തലവൻ സിറാജുദ്ദീൻ ഹക്കാനിയാണ് പുതിയ ആഭ്യന്തര മന്ത്രി. അൽ ഖ്വയ്‌ദ ബന്ധത്തിന്റെ പേരിൽ എഫ്.ബി.ഐയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിലുള്ള വ്യക്തിയാണ് സിറാജുദ്ദീൻ. മുല്ലാ ഉമറിന്റെ മകൻ മുല്ലാ മുഹമ്മദ് യാക്കൂബിനാണ് പ്രതിരോധ മന്ത്രാലയം. മുതിർന്ന നേതാവായ ഹിദായത്തുള്ള ബദ്‌രിയെ ധനകാര്യ മന്ത്രിയായും ദോഹയിലെ ചർച്ചകൾ നയിച്ചിരുന്ന ആമിർ ഖാൻ മുത്തഖിയെ വിദേശകാര്യ മന്ത്രിയായും നിയമിച്ചു. ആകെ 33 പേരെയാണ് പുതിയ സർക്കാരിന്റെ ഭാഗമായി പ്രഖ്യാപിച്ചത്. മറ്റുള്ളവരുടെ ചുമതലകൾ വരും ദിവസങ്ങളിൽ പ്രഖ്യാപിക്കുമെന്നും സൈബുള്ള മുജാഹിദ് വ്യക്തമാക്കി. നിലവിൽ വരുന്ന ഗവൺമെന്റ് കാവൽ സംവിധാനം മാത്രമാണെന്നും രാജ്യത്തിൻറെ മറ്റു ഭാഗങ്ങളിൽ നിന്നുള്ളവരെക്കൂടി പിന്നീട് ഉൾപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആരാണ് മുല്ലാ മുഹമ്മദ് ഹസ്സൻ അഖുന്ദ്

ഐക്യരാഷ്ട്ര സഭ വിലക്കേർപ്പെടുത്തിയിരിക്കുന്ന മുതിർന്ന നേതാവാണ് മുഹമ്മദ് ഹസ്സൻ അഖുന്ദ്. താലിബാൻ സ്ഥാപകൻ മുലാ ഉമറിന്റെ വിശ്വസ്‌തനും രാഷ്ട്രീയ ഉപദേശകനുമായിരുന്നു കാണ്ഡഹാറുകാരനായ അദ്ദേഹം. 2001ലെ അമേരിക്കൻ അധിനിവേശത്തിന് ശേഷം പാകിസ്ഥാനിലെ ക്യുഎറ്റയിൽ രൂപീകൃതമായ താലിബാന്റെ ഉന്നതാധികാര സമിതിയായ റെഹ്ബാരി ശൂറയുടെ തലവനും അഖുന്ദായിരുന്നു. 1996 മുതൽ 2001 വരെ താലിബാൻ അഫ്‌ഗാൻ ഭരിച്ചിരുന്നപ്പോൾ ആദ്യം വിദേശകാര്യമന്ത്രിയും പിന്നീട് ഉപപ്രധാനമന്ത്രിയുമായും പ്രവർത്തിച്ചിരുന്നു. നിലവിലെ താലിബാൻ പരമോന്നത നേതാവ് ഹൈബത്തുല്ല അകുൻസാദയുമായി അടുത്ത ബന്ധം പുലർത്തുന്ന അഖുന്ദ് താലിബാനുള്ളിൽ വലിയ സ്വാധീനമുള്ളയാളാണ്.

ആധുനിക അഫ്‌ഗാൻ സ്ഥാപകൻ അഹമ്മദ് ഷാ ദുർറാനിയുടെ വംശപരമ്പരയിൽപ്പെട്ട പഷ്‌തൂൺ ഗോത്രക്കാരാണ് അറുപതിനടുത്ത് പ്രായമുള്ള മുഹമ്മദ് ഹസ്സൻ അഖുന്ദ്. ഒരു രാഷ്ട്രീയ നേതാവ് എന്നതിനേക്കാൾ മതപണ്ഡിതനായിട്ടായിരുന്നു അദ്ദേഹം കണക്കാക്കപ്പെട്ടിരുന്നത്.

ALSO READ: അമീർ മുതൽ കമാൻഡർ വരെ; താലിബാൻ തലപ്പത്ത് ഈ അഞ്ചുപേർ

‘മാറിയ’ താലിബാന്റെ മാറാത്ത മുഖങ്ങൾ

താലിബാൻ തീവ്രനിലപാടുകൾ ഉപേക്ഷിച്ചുവെന്നും പുരോഗമനം സിദ്ധിച്ചുവെന്നും വാദമുയരുമ്പോഴും നിലവിൽ പ്രഖ്യാപിച്ച ക്യാബിനറ്റിൽ മിക്കതും തീവ്രനിലപാടുകളുണ്ടായിരുന്ന പഴയ മുഖങ്ങൾ തന്നെയാണ്. അന്താരാഷ്ട്ര തലത്തിൽ സ്വീകാര്യത ഉണ്ടാക്കിയെടുക്കാനുള്ള താലിബാൻ ശ്രമങ്ങളെ ഈ പ്രഖ്യാപനം യാതൊരുനിലക്കും സഹായിക്കില്ലെന്നാണ് അമേരിക്കൻ യൂണിവേഴ്‌സിറ്റി ഓഫ് അഫ്ഗാനിസ്ഥാനിലെ ഉബൈദുള്ള ബഹീർ നിരീക്ഷിക്കുന്നത്. ഇത്രകാലം നടന്ന ചർച്ചകളും ആലോചനകളും എല്ലാവരെയും ഉൾക്കൊള്ളുന്ന ഗവൺമെന്റ് എങ്ങനെ ഉണ്ടാക്കാം എന്നായിരുന്നില്ല മറിച്ച് താലിബാൻ നേതൃത്വത്തിനിടയിൽ എങ്ങനെ അധികാരം പങ്കിടാം എന്നതായിരുന്നു എന്നാണ് ബഹീർ അജസീറയോട് പറഞ്ഞത്. ഗോത്ര പ്രാതിനിധ്യം പരിശോധിച്ചാലും ഭൂരിപക്ഷമായ പഷ്‌തൂൺ വിഭാഗക്കാരെ മാത്രമാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്.

രാജ്യത്ത് ശരീഅത്ത് നിയമങ്ങൾ ഉയർത്തിപ്പിടിക്കാനും അതനുസരിച്ച് ഭരണം നടത്താനുമായിരിക്കും താലിബാൻ ശ്രമിക്കുകയെന്ന് ഹൈബത്തുള്ള ആകുൻസാദ ചൊവ്വാഴ്ച്ച പ്രസ്‌താവനയിൽ വ്യക്തമാക്കി. ഇതിനായി പ്രവർത്തിക്കാൻ അദ്ദേഹം പുതിയ കാബിനറ്റ് അംഗങ്ങളോട് ആവശ്യപ്പെട്ടു. ഇസ്‌ലാമിക നിയമങ്ങൾക്ക് വിരുദ്ധമല്ലാത്ത എല്ലാ അന്താരാഷ്ട്ര ഉടമ്പടികളെയും നിർദേശങ്ങളെയും താലിബാൻ മാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. അഫ്‌ഗാനിലെ പുതിയ നേതൃത്വം മേഖലയിൽ സമാധാനവും വികസനവും ക്ഷേമവും ഉറപ്പുവരുത്തുമെന്ന് അഭിപ്രായപ്പെട്ട ആകുൻസാദ ജനങ്ങൾ രാജ്യം വിട്ടുപോകേണ്ടതില്ല എന്നും കൂട്ടിച്ചേർത്തു. താലിബാൻ അഫ്‌ഗാൻ പിടിച്ചതിന് ശേഷമുള്ള അകുൻസാദയുടെ ആദ്യ പ്രതികരണമാണ് ഇത്.

ALSO READ: ‘ജനാധിപത്യം ചർച്ചയേ അല്ല’; അഫ്‌ഗാനിൽ നടപ്പാക്കുക സമ്പൂർണ ശരീഅത്തെന്ന് താലിബാൻ നേതാവ്

വിട്ടുവീഴ്ചയില്ലാത്ത തീവ്ര മതനിയമങ്ങളാലും കടുത്ത ശിക്ഷാ നടപടികളാലും സ്ത്രീകൾക്കെതിരെയുള്ള അക്രമണങ്ങളാലും കുപ്രസിദ്ധമായിരുന്നു 1996 മുതൽ 2001 വരെയുള്ള താലിബാൻ ഭരണം. എന്നാൽ തങ്ങൾ പുരോഗമിച്ചുവെന്നും ആരും ഭയപ്പെടേണ്ടതില്ലയെന്നും താലിബാൻ ആവർത്തിക്കുമ്പോഴും തീവ്രനിലപാടുകളുള്ള പഴയ നേതാക്കൾക്ക് തന്നെ രാജ്യം നൽകുന്നത് ആശങ്കാജനകമാണെന്നാണ് നിരീക്ഷകർ അഭിപ്രായപ്പെടുന്നത്.

അതേസമയം സ്ഥിതിഗതികൾ തങ്ങൾ നിരീക്ഷിക്കുകയാണെന്നും പ്രഖ്യാപിച്ച ചില പേരുകളിൽ വ്യാകുലരാണെന്നും അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ടമെന്റ് വിശദമായി പ്രതികരിക്കാതെ അഭിപ്രായപ്പെട്ടു. ചർച്ചകളിലൂടെ രൂപപ്പെടുന്ന എല്ലാവരെയും ഉൾക്കൊള്ളുന്ന ഗവൺമെന്റിന് മാത്രമേ രാജ്യത്ത് സമാധാനം കൊണ്ടുവരാൻ സാധിക്കൂ എന്നാണ് ഐക്യരാഷ്ട്രസഭാ വക്താവ് ഫർഹാൻ ഹഖ് പ്രതികരിച്ചത്.