ന്യൂഡല്‍ഹി: ഗുസ്തിതാരം സംഘട്ടനത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഒളിംപിക് മെഡല്‍ ജേതാവ് സുശീല്‍ കുമാറിനെതിരെ അന്വേഷണം. ഹരിയാന സ്വദേശിയായ 23കാരന് സാഗറിന്റെ മരണത്തില്‍ സുശീല്‍ കുമാറിന്റെ പേരും എഫ്ഐആറില്‍ ഉള്‍പ്പെടുത്തിയെന്ന് ഡല്‍ഹി പൊലീസ് വ്യക്തമാക്കി. ന്യൂഡല്‍ഹി മോഡല്‍ ടൗണ്‍ പ്രദേശത്തെ ഒരു വസ്തുവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് വിവരം.
ചൊവ്വാഴ്ച്ച രാത്രി ന്യൂഡല്‍ഹി ഛത്രാസല്‍ സ്റ്റേഡിയത്തില്‍ വെച്ചാണ് സംഭവമുണ്ടായത്. സ്റ്റേഡിയത്തിനകത്ത് നിന്ന് വെടി ശബ്ദം കേട്ടെന്ന് മോഡല്‍ ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ വിവരം ലഭിച്ചു. പൊലീസ് സംഭവസ്ഥലത്തെത്തിയപ്പോള്‍ അഞ്ച് കാറുകള്‍ സ്റ്റേഡിയത്തിന്റെ പാര്‍ക്കിങ്ങ് ഏരിയയില്‍ കണ്ടെത്തി. സുശീല്‍ കുമാര്‍, പ്രിന്‍സ്, സോനു, സാഗര്‍, അമിത് എന്നിവരും പാര്‍ക്കിങ്ങ് സ്ഥലത്തുണ്ടായിരുന്ന മറ്റുള്ളവരും തമ്മില്‍ സംഘര്‍ഷമുണ്ടായെന്ന് പൊലീസ് കണ്ടെത്തി. തുടര്‍ന്ന് ആംസ് ആക്ട് ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്തു. സംഘര്‍ഷത്തില്‍ പരുക്കേറ്റ മോഡല്‍ ടൗണ്‍ സ്ദേശി സാഗര്‍, ഹരിയാന റോത്തക് സ്വദേശി അമിത് കുമാര്‍ (27), ഹരിയാന സോനിപത്ത് സ്വദേശി സോനു (35) എന്നിവരെ ബിജെആര്‍എം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അന്വേഷണത്തിനിടെയാണ് ട്രോമ സെന്ററില്‍ നിന്ന് സാഗര്‍ മരിച്ച വിവരം പൊലീസ് അറിയുന്നത്. തുടര്‍ന്ന് ഐപിസി 302, 365, 120 ബി വകുപ്പുകള്‍ കൂടി എഫ്ഐആറില്‍ ഉള്‍പ്പെടുത്തി.
പരിശോധനയ്ക്കിടെ ഒരു സ്കോര്‍പിയോയില്‍ നിന്ന് ലോഡ് ചെയ്യപ്പെട്ട ഒരു ഇരട്ടക്കുഴല്‍ തോക്കും അഞ്ച് വെടിയുണ്ടകളും കണ്ടെത്തി. രണ്ട് മരവടികളും സ്ഥലത്തുണ്ടായിരുന്നു.
പൊലീസ്
ആയുധങ്ങളും അഞ്ച് വാഹനങ്ങളും പൊലീസ് പിടിച്ചെടുത്തു. ഫോറന്‍സിക് സംഘം സംഭവസ്ഥലം പരിശോധിച്ചെന്നും നോര്‍ത്ത് വെസ്റ്റ് എഡിജിപി ഗുരിഖ്പാല് സിങ്ങ് സിദ്ദു പ്രതികരിച്ചു. കേസില്‍ ഹരിയാന ജജ്ജാര്‍ സ്വദേശിയായ പ്രിന്‍സ് ദലാലിനെ (24) പൊലീസ് പിടികൂടിയിട്ടുണ്ട്. ഒരു ഇരട്ടക്കുഴല്‍ തോക്കും ഇയാളില്‍ നിന്ന് പിടിച്ചെടുത്തു. റെയ്ഡുകള്‍ക്കൊപ്പം സാങ്കേതിക തെളിവുകളും അന്വേഷണ സംഘം ശേഖരിക്കുന്നുണ്ട്.