ഒമിക്രോൺ സാമൂഹിക വ്യാപന സാധ്യത കേരളത്തിലും, രാജ്യം കൊവിഡ് മൂന്നാം തരംഗ ഭീതിയിൽ; ആശങ്കയുടെ പുതുവർഷം

പുതുവർഷത്തിലും ആശങ്ക വർധിപ്പിച്ച് രാജ്യത്ത് വർധിച്ചുവരുന്ന ഒമിക്രോൺ കേസുകുകളും മൂന്നാം കൊവിഡ് തരംഗ സാധ്യതയും. കഴിഞ്ഞ ദിവസം പുതുതായി രജിസ്റ്റർ ചെയ്ത 22,775 കൊവിഡ് കേസുകൾ ഉൾപ്പടെ രാജ്യത്തെ സജീവ കൊവിഡ് രോഗികളുടെ എണ്ണം വീണ്ടും ഒരു ലക്ഷം കഴിഞ്ഞതായി കേന്ദ്ര ആരോഗ്യ മാന്ത്രാലയം വ്യക്തമാക്കി. തൊട്ട് മുൻദിവസത്തെ കണക്കുകൾ അപേക്ഷിച്ച് 35 ശതമാനത്തിന്റെ വർധനയാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രജിസ്റ്റർ ചെയ്‌തത്‌. ഒക്ടോബർ ആദ്യവാരത്തിന് ശേഷം റിപ്പോർട്ട് ചെയ്യപ്പെടുന്ന ഏറ്റവും വലിയ കണക്കാണ് ഇത്. കൊറോണ വൈറസിന്റെ പുതിയ വകഭേഗം ഒമിക്രോൺ ബാധിച്ചവരുടെ എണ്ണവും രാജ്യത്ത് വർധിക്കുകയാണ്. ഇതുവരെ 1431 പേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചിട്ടുണ്ട്.

കൊവിഡ് രോഗികളുടെ എണ്ണത്തിൽ വലിയ വർധന ഉണ്ടായിട്ടില്ലെങ്കിലും ഒമിക്രോൺ ബാധിതർ കേരളത്തിൽ നൂറുകടന്നതും സാമൂഹിക വ്യാപന സാധ്യത റിപ്പോർട്ട് ചെയ്‌തതും സംസ്ഥാനത്തും ആശങ്കയുയർത്തുന്നു. 107 പേരിലാണ് കേരളത്തിൽ ഒമിക്രോൺ ബാധ സ്ഥിരീകരിച്ചത്. വിദേശത്തുനിന്ന് വന്നവരല്ലാതെ സമ്പർക്കത്തിലൂടെ രോഗം ബാധിച്ച 14പേരിൽ രണ്ടുപേർക്ക് നേരിട്ടോ പരോക്ഷമായോ വിദേശയാത്ര നടത്തിയവരുമായി ബന്ധമില്ല എന്നതാണ് കേരളത്തിൽ സാമൂഹിക വ്യാപനം സാധ്യതയുണ്ടെന്ന നിഗമനത്തിലെത്താൻ കാരണം. എന്നാൽ ആരോഗ്യ വകുപ്പ് അധികൃതർ ഈ വിഷയത്തിൽ ഔദ്യോഗിക സിഥിരീകരണം നൽകിയിട്ടില്ല. ലോ റിസ്‌ക് രാജ്യങ്ങളിൽ നിന്നുമെത്തിയ 52പേർക്കും ഹൈ റിസ്ക് രാജ്യങ്ങളില്‍ നിന്നും വന്ന 41 പേർക്കുമാണ് ഇതുവരെ സംസ്ഥാനത്ത് ഒമിക്രോൺ സ്ഥിരീകരിച്ചത്.

ഇതുവരെ ഒമിക്രോൺ സ്ഥിരീകരിച്ച 23 സംസ്ഥാനങ്ങളിൽ മഹാരാഷ്ട്രയാണ് മുന്നിൽ. 454 രോഗികളാണ് മഹാരാഷ്ട്രയിൽ. കേരളമുൾപ്പെടെ അഞ്ചു സംസ്ഥാനങ്ങളിൽ നൂറിന് മുകളിലാണ് ഒമിക്രോൺ കേസുകൾ. ഡൽഹിയിൽ 351 കേസുകളും തമിഴ്നാട്ടിൽ 118 കേസുകളും ഗുജറാത്തിൽ 115-മാണ് ഇതുവരെ രെജിസ്റ്റർ ചെയ്‌തത്‌. ഡൽഹിയിലും മുംബൈയിലും ഒമിക്രോൺ സാമൂഹിക വ്യാപനവും സ്ഥിരീകരിച്ചിട്ടുണ്ട്.

ഒമിക്രോൺ വ്യാപനം വർധിച്ചാൽ രാജ്യം ആരോഗ്യപ്രതിസന്ധിയിലേക്ക് ചെന്നെത്തുമെന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. രാജ്യത്ത് ഒമിക്രോണിന്റെ വ്യാപനം അതിവേഗത്തിലായിരിക്കുമെന്നും ആരോഗ്യ സംവിധാനങ്ങളുടെ ലഭ്യതക്കുറവായിരിക്കും രാജ്യം അഭിമുഖീകരിക്കാൻ പോകുന്ന പ്രതിസന്ധിയെന്നും ലോകാരോഗ്യ സംഘടനയുടെ മുഖ്യ ശാസ്ത്രജ്ഞ ഡോ. സൗമ്യ സ്വാമിനാഥൻ അഭിപ്രായപ്പെടുന്നു. ‘വളരെ വേഗത്തിലായിരിക്കും കേസുകൾ കുതിച്ചുയരാൻ പോകുന്നത്. നിരവധിയാളുകൾ രോഗികളാകും. ഈ സാഹചര്യത്തിൽ പരമാവധി ചികിത്സാ സൗകര്യങ്ങൾ ഉറപ്പുവരുത്തുകയാണ് വേണ്ടത്. കേസുകൾ കൂടുന്നതനുസരിച്ച് ചികിത്സ വീടുകളിലേക്ക് മാറ്റേണ്ടതായും വരും,’ എന്നുമാണ് സൗമ്യ സ്വാമിനാഥൻ എൻ.ഡി.ടി.വിയുമായുള്ള അഭിമുഖത്തിൽ അഭിപ്രായപ്പെട്ടത്. എന്നാൽ രോഗികളുടെ എണ്ണം കൂടുന്നുണ്ടെങ്കിലും രോഗതീവ്രത കുറവാണെന്നത് ആശാസ്യമാണെന്നും അവർ കൂട്ടിച്ചേർത്തു.

ഡോ. സൗമ്യ സ്വാമിനാഥൻ

ഇന്ത്യയിലെ ഒരു സംസ്ഥാനവും ഒമിക്രോണിന്റെ പിടിയിൽ നിന്നും രക്ഷപ്പെട്ട് നിൽക്കില്ലെന്ന് രാജ്യത്തെ കൊവിഡ് കേസുകളെക്കുറിച്ച് പഠനം നടത്തിയ കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിലെ സാമ്പത്തിക വിദഗ്ദ്ധൻ പോൾ ക്യാറ്റ്യൂമനും അഭിപ്രായപ്പെടുന്നത്. നിലവിലെ ഉയർന്ന കൊവിഡ് വ്യാപന തോത് പൊതുവെയും ഒമിക്രോൺ നിരക്ക് സവിശേഷമായും പരിശോധിച്ചാൽ ഗുരുതര സാഹചര്യത്തിലേക്കാണ് വിരൽ ചുരുണ്ടുന്നതെന്ന് ക്യാറ്റ്യൂമൻ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. പ്രായമായവരിലും രോഗപ്രതിരോധ ശേഷി കുറഞ്ഞവരിലുമായിരിക്കും രോഗം മൂർച്ഛിക്കുകയെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു.

ആരോഗ്യവാന്മാരിൽ ഒമിക്രോൺ ബാധ വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കില്ലെന്നും ആശുപത്രി കിടക്കകൾ ബുക്കുചെയ്യേണ്ടതില്ലെന്നും എയിംസ് മേധാവി രൺദീപ് ഗുലേറിയ വ്യക്തമാക്കി. സാധാരണ കൊവിഡിൽ നിന്നും വ്യത്യസ്തമായി ഒമിക്രോൺ ശ്വാസകോശങ്ങളെയല്ല മറിച്ച് ശ്വാസനാളിയെയാണ് ബാധിക്കുന്നത്. മറ്റ് രോഗങ്ങളില്ലാത്തവർ പരിഭ്രാന്തരാവേണ്ട കാര്യമില്ല. വീടുകളിൽ ഐസൊലേഷൻ ഉപ്പാക്കുന്നതിൽ ശ്രദ്ധിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ഏപ്രിൽ മെയ് മാസങ്ങളിലായിരുന്നു ഇന്ത്യയിൽ രണ്ടാം കൊവിഡ് തരംഗമുണ്ടായത്. നാല് ലക്ഷം പ്രതിദിന കേസുകൾ വരെ അന്ന് രജിസ്റ്റർ ചെയ്തിരുന്നു. മൂന്നാം തരംഗത്തിലെ വ്യാപനം പരമാവധി കുറക്കാനുള്ള ശ്രമത്തിലാണ് അധികൃതർ. പുതിയ ആശങ്കയുടെ പശ്ചാത്തലത്തിൽ പ്രതിരോധ നടപടികൾ ഊർജിതമാക്കിയിരിക്കുകയാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ. കൃത്യമായ വ്യാക്‌സിനേഷനും ആർടിപിസിആർ ടെസ്റ്റുകളും ത്വരിതമാക്കാൻ വിവിധ തലങ്ങളിൽ നിർദേശം നൽകിയിട്ടുണ്ട്. കേരളത്തിലെ രാത്രിനിയന്ത്രണങ്ങൾ ഉൾപ്പടെ വിവിധ സംസ്ഥാനങ്ങൾ വീണ്ടും നടപടികൾ സ്വീകരിച്ചുതുടങ്ങിയിട്ടുണ്ട്. ഉത്തർ പ്രദേശ്, മണിപ്പൂർ, ഉത്തരാഖണ്ഡ്, ഗോവ, പഞ്ചാബ് സംസ്ഥാങ്ങളിൽ തെരഞ്ഞെടുപ്പുകൾ നടക്കാനിരിക്കുന്ന പശ്ചാത്തലത്തിലാണ് വ്യാപനം എന്നത് ആശങ്കയുടെ തോത് വർധിപ്പിക്കുന്നു.