ഒമിക്രോൺ സാമൂഹികവ്യാപനം സ്ഥിരീകരിച്ച് കേന്ദ്ര സമിതി; ബിഎ.2 ഉപവകഭേദവും രാജ്യത്ത് പടരുന്നു

രാജ്യത്ത് ഒമിക്രോൺ സാമൂഹികവ്യാപനം സംഭവിച്ചുവെന്ന് സ്ഥിരീകരിച്ച് കേന്ദ്രസർക്കാരിന്റെ വിദഗ്‌ധ സമിതി. മെട്രോ നഗരങ്ങളിൽ കൊവിഡിന്റെ ഒമിക്രോൺ വകഭേദമാണ് ഡെൽറ്റ പോലെയുള്ള മറ്റു വേരിയെന്റുകളേക്കാൾ കൂടുതലെന്നും ശാസ്ത്രജ്ഞരുടെ സമിതിയായ ഇൻസകോഗ്‌ വ്യക്തമാക്കി. ഒമിക്രോണിന്റെ ഉപവകഭേദമായ ബിഎ.2വും രാജ്യത്തെ വിവിധ ഭാഗങ്ങളിൽ ഗണ്യമായ രീതിയിൽ കണ്ടെത്തിയിട്ടുണ്ടെന്നും ഇൻസകോഗ്‌ ഞായറാഴ്ച്ച പുറത്തിറക്കിയ റിപ്പോർട്ടിൽ വിശദീകച്ചു.

കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് കീഴിലുള്ള കൊവിഡിന്റെ ജനിതക വ്യതിയാനകളെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രജ്ഞരുടെ സംഘമാണ് ഇന്ത്യൻ സാർസ്-കോവ്-2 ജീനോമിക്‌സ് കൺസോർഷ്യം എന്ന ഇന്സകോഗ്.

ഒമിക്രോൺ കേസുകളിൽ മിക്കവയും രോഗലക്ഷണങ്ങൾ കാണിക്കാത്തതും തീവ്രത കുറഞ്ഞതുമാണെങ്കിലും ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വരുന്നവരുടെയും തീവ്രപരിചരണ വിഭാഗത്തിലെ ശുശ്രൂഷ ആവശ്യമായി വരുന്നവരുടെയും എണ്ണം വർധിച്ചുവെന്നും വിദഗ്‌ധ സംഘത്തിന്റെ റിപ്പോർട്ട് പരാമർശിക്കുന്നു. വിദേശത്തുനിന്നും വന്നവരിലൂടെ പകർന്ന കേസുകളേക്കാൾ ആഭ്യന്തര വ്യാപനമാണ് നിലവിൽ കൂടുതലെന്നും ഇന്സകോഗ്‌ കണ്ടെത്തിയിട്ടുണ്ട്.

ALSO READ: മൂന്നാം ഡോസ് ബൂസ്റ്റർ വാക്‌സിൻ ആരംഭിച്ചു; അർഹർ ആരൊക്കെ? ലഭിക്കുക എങ്ങനെ?

രോഗപരിശോധനാ കണക്കുകൾ ചൂണ്ടിക്കാട്ടി കേരളത്തിലും ഒമിക്രോൺ സാമൂഹിക വ്യാപനമുണ്ടെന്ന് ആരോഗ്യ വിദഗ്‌ധർ അഭിപ്രായപ്പെടുന്നുണ്ട്. അടുത്തിടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ കൊവിഡ് സ്ഥിരീകരിച്ച 51 പേരിൽ 38 പേർക്ക് ഒമിക്രോൺ കണ്ടെത്തിയിരുന്നു. ഇവരിൽ ആരും വിദേശ യാത്ര നടത്തിയിട്ടില്ല. ഈ കണക്കുകൾ പങ്കുവെച്ചുകൊണ്ടാണ് സംസ്ഥാന വ്യാപകമായി കൃത്യമായ പഠനം നടത്തണമെന്ന് ഡോ അരുൺ എൻ എം ഉൾപ്പടയുള്ളവർ ആവശ്യപ്പെടുന്നത്.

“കേരളത്തിൽ സാമൂഹിക വ്യാപനം ഉണ്ടായിട്ടുണ്ട് എന്നതിൽ സംശയമൊന്നുമില്ല. കോഴിക്കോടുള്ള ആശുപത്രിയിലെ കണക്കുകൾ ഇതാണ് സൂചിപ്പിക്കുന്നത്. ഈ രോഗികളിൽ ഭൂരിപക്ഷവും നേരിട്ടോ അല്ലാതെയോ വിദേശ ബന്ധം ഇല്ലാത്തവരുമാണ്. വേണ്ടവിധത്തിലുള്ള പഠനം ഇതുസംബന്ധിച്ച് സംസ്ഥാന ആരോഗ്യവകുപ്പ് നടത്തുന്നില്ല. ഒമിക്രോൺ വ്യക്തിതലത്തിൽ വലിയ പ്രശ്നങ്ങൾ ഉണ്ടാക്കില്ലെങ്കിലും അതി തീവ്ര വ്യാപന സ്വഭാവം ഉള്ളതിനാൽ പൊതുജനാരോഗ്യ പ്രശ്‌നവും സാമൂഹിക പ്രതിസന്ധിയും ഉണ്ടാകാൻ കാരണമായേക്കുമെന്നും,” എന്നും ഡോ. അരുൺ എൻ എം ന്യൂസ്‌റപ്റ്റിനോട് പറഞ്ഞു.

രാജ്യത്താകെ 3,33,533 കൊവിഡ് കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത്. കേരളത്തിൽ 45,136 കേസുകൾ പുതുതായി രജിസ്റ്റർ ചെയ്‌തു.

ALSO READ: വിദേശയാത്ര ചെയ്യാത്തവർക്കും പരക്കെ ഒമിക്രോൺ; കേരളത്തിൽ സാമൂഹിക വ്യാപനമെന്ന് ആരോഗ്യ വിദഗ്‌ധർ