‘ബിജെപിക്ക് കുറഞ്ഞത് ഒരു ശതമാനം, എന്‍ഡിഎ വോട്ടില്‍ വന്ന കുറവ് കൂടുതല്‍’; ബിജെപിയുടേത് മാത്രമായി എടുത്താല്‍ വലിയ വ്യത്യാസമില്ലെന്ന് വി മുരളീധരന്‍

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വലിയ തിരിച്ചടിയുണ്ടായിട്ടില്ലെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. ബിജെപിക്ക് കുറച്ചുവോട്ട് മാത്രമാണ് കുറഞ്ഞതെന്ന് മുതിര്‍ന്ന നേതാവ് പറഞ്ഞു. 15 ശതമാനത്തില്‍ നിന്നും 12 ആയി കുറഞ്ഞത് എന്‍ഡിഎയുടെ വോട്ട് ശതമാനമാണ്. ബിജെപിയുടെ മാത്രം എടുത്തുനോക്കിയാല്‍ കുറവുണ്ടായത് ഒരു ശതമാനത്തോളം മാത്രമാണെന്നും മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ പറഞ്ഞു. മലയാള മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് വി മുരളീധരന്റെ പ്രതികരണം.

എന്‍ഡിഎയുടെ വോട്ട് താരതമ്യപ്പെടുത്തുമ്പോള്‍ അതില്‍ വന്ന കുറവ് കുറച്ച് കൂടുതലാണ്. ബിജെപിയുടേത് മാത്രമായി എടുത്താല്‍ അത്രയും വ്യത്യാസം ഇല്ല.

വി മുരളീധരന്‍

ജനപിന്തുണ നോക്കുമ്പോള്‍ ബിജെപി വോട്ടര്‍മാര്‍ ആരും മാറിപ്പോയിട്ടില്ല. അതേ സമയം ബിജെപിക്ക് വോട്ട് ചെയ്തിരുന്ന നിഷ്പക്ഷരായ ചില ആളുകള്‍ ഇത്തവണ വോട്ട് ചെയ്തില്ല. ബിജെപിയുടെ വോട്ടില്‍ ഒരു ശതമാനത്തിന്റെ കുറവുണ്ടായത് താല്‍ക്കാലിക തിരിച്ചടി തന്നെയാണ്. അത് വിലയിരുത്തി നടപടികളെടുക്കും. ഇതിലും വലിയ തിരിച്ചടി കേരളത്തിലുണ്ടായിട്ടുണ്ട്. തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ സി കെ പത്മനാഭനേ പോലെ മുതിര്‍ന്ന നേതാവ് മത്സരിച്ചപ്പോള്‍ 35,000 വോട്ട് മാത്രം കിട്ടിയ സാഹചര്യമുണ്ടായിട്ടുണ്ട്. അതിനെ ബിജെപി അതിജീവിച്ചെന്നും മുരളീധരന്‍ പറഞ്ഞു.

കഴിഞ്ഞ തെരഞ്ഞെടുപ്പ് വരെ ബിജെപിക്ക് ഒരു സീറ്റ് പോലും ഇല്ലായിരുന്നു. 2016ല്‍ കിട്ടിയ ഒരു സീറ്റ് മൂവായിരം വോട്ടിന് നഷ്ടപ്പെട്ടു. കഴിഞ്ഞ തവണ ഒരു സീറ്റില്‍ ജയവും ഏഴിടത്ത് രണ്ടാം സ്ഥാനവുമായിരുന്നു. ഇത്തവണ ഒമ്പത് മണ്ഡലങ്ങളില്‍ രണ്ടാമതുണ്ട്. ഇത്രയും സ്ഥലങ്ങളില്‍ രണ്ട് മുന്നണികളില്‍ ഒന്നിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളാന്‍ സാധിച്ചു. മഞ്ചേശ്വരത്ത് 700 വോട്ടിനാണ് സുരേന്ദ്രന്‍ തോറ്റത്. പാലക്കാടും നേമത്തും മഞ്ചേശ്വരത്തും എല്ലാം ചെറിയ വോട്ടിനാണ് തോറ്റത്. ഈ മണ്ഡലങ്ങളിലെല്ലാം മുസ്ലീം ഏകീകരണം നടന്നു. ഇതിനെ മറികടക്കാന്‍ തങ്ങള്‍ക്ക് കഴിഞ്ഞില്ലെന്നും മുരളീധരന്‍ പ്രതികരിച്ചു.

പാര്‍ട്ടി തീരുമാനം മാറ്റുകയോ ചാനല്‍ നിലപാട് മാറ്റുകയോ ചെയ്യുന്നതുവരെ ഏഷ്യാനെറ്റ് ന്യൂസിനെതിരെയുള്ള ബഹിഷ്‌കരണം തുടരുമെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു.