‘കോണ്‍ഗ്രസ് ജനാധിപത്യപാര്‍ട്ടി, അഭിപ്രായങ്ങള്‍ പലതുണ്ടാവും’; വിഡി സതീശനെ തെരഞ്ഞെടുത്തത് അംഗീകരിക്കുന്നെന്ന് ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: വിഡി സതീശനെ പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് തെരഞ്ഞെടുത്തത് എല്ലാ നേതാക്കളുമായി ആലോചിച്ചെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സതീശന്‍ എല്ലാവരേയും ഒരുമിച്ച് കൊണ്ടുപോകും. പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് പല പേരുകള്‍ വന്നത് ജനാധിപത്യ വ്യവസ്ഥയായത് കൊണ്ടാണ്. അതിന്റെ അടിസ്ഥാനത്തിലാണ് താനുള്‍പ്പടെ പേരുകള്‍ നിര്‍ദേശിച്ചതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

പ്രതിപക്ഷ നേതാവായി എല്ലാവരും സതീശനെ അംഗീകരിച്ച് കഴിഞ്ഞെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. ‘തെരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാരുടെ അഭിപ്രായങ്ങളറിഞ്ഞു. അതിന് ശേഷം തീരുമാനമെടുക്കാന്‍ സോണിയ ഗാന്ധിയെ ചുമതലപ്പെടുത്തി. എല്ലാക്കാര്യങ്ങളും പരിശോധിച്ച ശേഷം സോണിയാ ജി എടുത്ത തീരുമാനമാണിത്. അത് എല്ലാവരും പൂര്‍ണമനസോടെ അംഗീകരിച്ചു. ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ച് ശക്തമായ തിരിച്ചുവരവ് യുഡിഎഫ് കേരളത്തിലുണ്ടാക്കും. അതിന്റെ തുടക്കമാണ്’, ഉമ്മന്‍ ചാണ്ടി പറഞ്ഞു.

കോണ്‍ഗ്രസ് ഒരു ജനാധിപത്യസംഘടനയാണ്. അതിന്റെ അകത്ത് വ്യത്യസ്തമായ അഭിപ്രായങ്ങളും സമീപനങ്ങളും കാണും. പക്ഷേ, അവസാന തീരുമാനം വന്നാല്‍ മുഴുവന്‍ ആളുകളും അതിന്റെ കൂടെ നില്‍ക്കും. വേറെ പേരുകളും ഉയര്‍ന്നുവന്നതുകൊണ്ടാണ് കേന്ദ്രസംഘം ഇങ്ങോട്ട് വന്നത്. അതെല്ലാം നോക്കിയ ശേഷമാണ് ഹൈക്കമാന്‍ഡ് തീരുമാനമെടുത്തതെന്നും അദ്ദേഹം വിശദീകരിച്ചു.

Also Read: ലതികാ സുഭാഷ് എന്‍സിപിയിലേക്ക്, പാലമായി പിസി ചാക്കോ; ഇടഞ്ഞ കോണ്‍ഗ്രസ് നേതാക്കളെ ലക്ഷ്യമിട്ട് നീക്കം

പ്രതിപക്ഷ നേതാവായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം വിഡി സതീശന്‍ തിരുവനന്തപുരത്തെത്തി മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ചകള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. കോണ്‍ഗ്രസ് പുനസംഘടനയ്ക്ക് വേണ്ടിയുള്ള നടപടിക്രമം എഐസിസിസി ആരംഭിച്ചിട്ടുണ്ട്. എന്താണ് തോല്‍വിക്കുള്ള കാരണമെന്ന് അന്വേഷിച്ച് അതിനുളള പരിഹാരം അവര്‍ തീര്‍ച്ചയായും കാണുമെന്നും കെസി വേണുഗോപാലുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു. ‘കെഎസ്യു അദ്ധ്യക്ഷനായിരിക്കുന്ന സമയത്തും നിയമസഭയില്‍ വന്ന കാലം മുതല്‍ക്കേയും കെ സി വേണുഗോപാലുമായി അടുത്ത സൗഹൃദമുണ്ട്. കെസി വേണുഗാപോല്‍ എഐസിസിയുടെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കൂടിയാണ്. ഞങ്ങള്‍ തമ്മിലുള്ള അടുപ്പം കൊണ്ടും അദ്ദേഹം വഹിക്കുന്ന പദവിയോടുള്ള ബഹുമാനം കൊണ്ടുംകൂടിയാണ് കാണാനെത്തിയത്’, അദ്ദേഹം പറയുന്നു.

Also Read: ‘കൊവിഡ് കാലത്തിന്റെ അസൗകര്യമുണ്ട്, ഇപ്പോഴും ചികിത്സയിലാണ്’; സെക്രട്ടറി സ്ഥാനത്തേക്കുള്ള തിരിച്ചുവരവിനേക്കുറിച്ച് കോടിയേരി

രമേശ് ചെന്നിത്തല വിളിച്ച് അഭിനന്ദനങ്ങള്‍ അറിയിച്ചു. എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു. ഇന്ന് നേരില്‍ കാണുമെന്നും അദ്ദേഹം അറിയിച്ചു. പ്രതിപക്ഷ നേതാവെന്ന നിലയില്‍ സതീശന്‍ മികച്ച പ്രവര്‍ത്തനം കാഴ്ച്ച വെയ്ക്കുമെന്ന് കെ സി വേണുഗോപാലും പറഞ്ഞു. അനുഭവ സമ്പത്തുള്ള മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ഉള്‍പ്പെടുന്ന നിയമസഭാ കക്ഷിയെ ആണ് സതീശന്‍ നയിക്കുന്നത്. പുതിയ തലമുറയേയും പഴയ തലമുറയേയും യോജിപ്പിച്ചുകൊണ്ട് കോണ്‍ഗ്രസിനേയും യുഡിഎഫിനേയും തിരിച്ചുകൊണ്ടുവരാന്‍ സതീശന് കഴിയുമെന്ന് പാര്‍ട്ടി ഉറച്ചുവിശ്വസിക്കുകയാണെന്നും കെസി വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.