ഇഷ്ടപ്പെടാത്ത അഭിപ്രായങ്ങള്‍ പറയുന്നവരെ കടന്നാക്രമിക്കുന്ന മുഖ്യമന്ത്രിയുടെ ശ്രമങ്ങള്‍ ജനാധിപത്യത്തിന് ഭൂഷണമല്ല; ഉമ്മന്‍ ചാണ്ടി

കോട്ടയം: തനിക്ക് ഇഷ്ടപ്പെടാത്ത അഭിപ്രായങ്ങള്‍ പറയുന്നവരെ കടന്നാക്രമിച്ച് നിശബ്ദരാക്കാനുള്ള മുഖ്യമന്ത്രിയുടെ ശ്രമങ്ങള്‍ ജനാധിപത്യ സംവിധാനത്തിന് ഭൂഷണമല്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ക്കെതിരെ മുഖ്യമന്ത്രി നടത്തിയ വിമര്‍ശനങ്ങളെ ചൊല്ലിയാണ് ഉമ്മന്‍ ചാണ്ടിയുടെ പ്രതികരണം.

എന്‍എസ്എസ് ജനറല്‍ സെക്രട്ടറി നടത്തിയ അഭിപ്രായങ്ങളെ വിമര്‍ശിച്ച മുഖ്യമന്ത്രിയുടെ നടപടി പദവിക്ക് യോജിച്ചതാണോയെന്ന് അദ്ദേഹം ആലോചിക്കുന്നത് നല്ലതാണ്. ശബരിമലയില്‍ ആചാരങ്ങളും അനുഷ്ഠാനങ്ങളും പൂര്‍ണ്ണമായും സംരക്ഷിക്കണമെന്ന എന്‍എസ്എസിന്റെ നിലപാട് എല്ലാക്കാലത്തും അവര്‍ സ്വീകരിച്ചിട്ടുള്ള നടപടികളുടെ ഭാഗമാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

എല്‍ഡിഎഫിനെതിരെ വോട്ട് ചെയ്യണം എന്ന സന്ദേശമാണ് വോട്ടെടുപ്പ് ദിവസം എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ നല്‍കിയതെന്നും ഇതിനെ ജനം തള്ളിയെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. നന്നേ കാലത്തെ വോട്ട് ചെയ്ത് എല്‍ഡിഎഫിന്റെ തുടര്‍ഭരണം പാടില്ല എന്ന് വിരലുയര്‍ത്തി പറയുമ്പോള്‍ നിങ്ങളുടെ വോട്ട് എല്‍ഡിഎഫിനെതിരെയാണ് എന്ന സന്ദേശമാണ് സുകുമാരന്‍ നായര്‍ ഉദ്ദേശിച്ചത്. എന്നാല്‍ ജനങ്ങള്‍ അവരുടെ ജീവിതാനുഭവത്തെ അടിസ്ഥാനപ്പെടുത്തിയാണ് വോട്ട് ചെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

അതാണ് കേരളത്തിലെ എല്ലാ പ്രദേശത്തും എല്ലാ ജനവിഭാഗങ്ങളിലും കാണാന്‍ കഴിയുന്നത്. കേരളത്തിലെ എല്ലായിടത്തും ഒരേ പോലെ എല്‍ഡിഎഫിനെ അനുകൂലിക്കുന്ന വികാരമാണ് ദൃശ്യമായത്. അതിനെ അട്ടിമറിക്കാന്‍ അത്തരമൊരു പരാമര്‍ശം കൊണ്ടു മാത്രം കഴിയുമായിരുന്നില്ല എന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.