‘പ്രായാധിക്യവും അനാരോഗ്യവും’; ഉമ്മന്‍ ചാണ്ടിയെ എ.ഐ.സി.സി സ്ഥാനത്തുനിന്നും ഒഴിവാക്കിയേക്കും, ചെന്നിത്തലക്കും സാധ്യത മങ്ങി, അവസരം മുല്ലപ്പള്ളിക്ക്

ന്യൂഡല്‍ഹി: പ്രായാധിക്യവും അനാരോഗ്യവും പരിഗണിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടിയെ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്നും മാറ്റിയേക്കുമെന്ന് സൂചന. നിലവില്‍ ആന്ധ്രയുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയാണ് ഉമ്മന്‍ ചാണ്ടി. ഉമ്മന്‍ ചാണ്ടിയെ മാറ്റാന്‍ ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം നല്‍കിയെന്നാണ് വിവരം.

2016-ല്‍ കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം ഉമ്മന്‍ ചാണ്ടി ചുമതലകള്‍ ഏറ്റെടുത്തിരുന്നില്ല. തുടര്‍ന്നാണ് 2018-ല്‍ അദ്ദേഹത്തെ ആന്ധ്രയുടെ ചുമതലയേല്‍പിച്ചത്. എന്നാല്‍ പിന്നീട് നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ആന്ധ്രയില്‍ കോണ്‍ഗ്രസിന് വലിയ മുന്നേറ്റമൊന്നും നടത്താന്‍ സാധിച്ചിരുന്നില്ല. 72 കാരനായ ഉമ്മന്‍ ചാണ്ടിയുടെ പ്രായാധിക്യം പരിഗണിച്ച് ചുമതലകളില്‍നിന്നും മാറ്റാനാണ് ഹൈക്കമാന്‍ഡ് ശ്രമിക്കുന്നത്.

കേരളത്തിലെ പ്രതിപക്ഷ നേതൃസ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിലെ പ്രതിസന്ധികള്‍ക്കൊടുവില്‍ രമേശ് ചെന്നിത്തലയെ എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി നിയമിക്കാന്‍ ഹൈക്കമാന്‍ഡ് തീരുമാനിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ചെന്നിത്തലയുടെ സാധ്യതയും മങ്ങിയെന്നാണ് ഒടുവില്‍ പുറത്തുവരുന്ന സൂചനകള്‍. സംസ്ഥാനത്തെ ഡി.സി.സി പുനഃസംഘടനയുമായി ബന്ധപ്പെട്ട് ചെന്നിത്തലയടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ ഉയര്‍ത്തിയ കോളിളക്കങ്ങളാണ് എ.ഐ.സി.സി ജനറല്‍ സ്ഥാനത്തിന്‌ വിലങ്ങുതടിയായതെന്നാണ് വിവരം. പുനഃസംഘടനയുമായി ബന്ധപ്പെട്ട് ചെന്നിത്തല നടത്തിയ രൂക്ഷ വിമര്‍ശനങ്ങളില്‍ ഹൈക്കമാന്‍ഡിന് കടുത്ത അതൃപ്തിയുണ്ടെന്ന് മാതൃഭൂമി ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്തു.

Also Read: ‘ഫ്‌ളക്‌സ് ബോര്‍ഡുകളില്‍നിന്ന് താഴെയിറങ്ങണം, സ്റ്റേജില്‍ തള്ളിക്കയറരുത്’; കോണ്‍ഗ്രസുകാരെ മര്യാദ പഠിപ്പിക്കാന്‍ പാര്‍ട്ടി മാര്‍ഗ്ഗരേഖ

മുന്‍ കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെയാവും കേരളത്തില്‍നിന്നും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കുകയെന്നും ഡല്‍ഹിയില്‍നിന്നുള്ള വൃത്തങ്ങളെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കേന്ദ്രനേതൃത്വത്തില്‍ നിര്‍ണായക സ്ഥാനങ്ങള്‍ വഹിച്ചിട്ടുള്ള മുല്ലപ്പള്ളിയെ വീണ്ടും പരിഗണിക്കാനാണ് ഹൈക്കമാന്‍ഡിന്റെ ആലോചന. മുല്ലപ്പള്ളി നേരത്തെ കേന്ദ്രസഹമന്ത്രി, എ.ഐ.സി.സി ജോയിന്റ് സെക്രട്ടറി, കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി അധ്യക്ഷന്‍ തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്.