‘ചര്‍ച്ച നടത്തിയില്ലെന്ന് ഞാന്‍ പറഞ്ഞിട്ടില്ല’, പ്രശ്‌നം രണ്ടാം ചര്‍ച്ചയെന്ന വാക്ക് പാലിക്കാത്തതിലെന്ന് ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: ഡി.സി.സി അധ്യക്ഷനെ തെരഞ്ഞെടുത്തതിന് പിന്നാലെയുണ്ടായ അസ്വാരസ്യങ്ങളൊഴിയാതെ കോണ്‍ഗ്രസ്. ലിസ്റ്റുമായി ബന്ധപ്പെട്ട് തന്നോട് രണ്ടുതവണ ചര്‍ച്ച നടത്തിയെന്ന കെ.പി.സി.സി അധ്യക്ഷന്‍ കെ സുധാകരന്റെ വാദം തള്ളി വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സുധാകരന്‍ തന്നോട് ഒരു തവണ മാത്രമാണ് സംസാരിച്ചതെന്നും പിന്നീട് കാണാമെന്ന് പറഞ്ഞാണ് അന്ന് പിരിഞ്ഞതെന്നും പിന്നീട് ചര്‍ച്ച നടന്നിട്ടില്ലെന്നുമാണ് ഉമ്മന്‍ ചാണ്ടി പറയുന്നത്. പ്രതിഷേധത്തില്‍ ഉറച്ച് നില്‍ക്കാനുള്ള തീരുമാനമാണ് ഉമ്മന്‍ ചാണ്ടി ക്യാമ്പില്‍നിന്നുണ്ടാവുന്നത്.

രണ്ട് തവണ ചര്‍ച്ച നടത്തിയെന്ന സുധാകരന്റെ പ്രസ്താവന തെറ്റാണ്. ഒരു തവണയാണ് താനുമായി ചര്‍ച്ച നടത്തിയത്. അന്ന് സുധാകരനോടൊപ്പം വി.ഡി സതീശനും ഉണ്ടായിരുന്നു. രണ്ടാമതൊരിക്കല്‍ കൂടി സംസാരിച്ചിരുന്നെങ്കില്‍ ഒരു പ്രശ്‌നവും ഉണ്ടാകുമായിരുന്നില്ല. ആദ്യം ചര്‍ച്ച നടത്തിയപ്പോള്‍ നല്‍കിയ ലിസ്റ്റാണ് സുധാകരന്‍ കാണിച്ചത്. അതില്‍ വിശദമായ ചര്‍ച്ചയുണ്ടായിട്ടില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

‘പ്രാഥമിക ചര്‍ച്ചയില്‍ ഞങ്ങളുടെ ആളുകളുടെ മാത്രമല്ല, മറ്റ് ആളുകളുടെയും പേരുകള്‍ പറഞ്ഞിരുന്നു. ലിസ്റ്റ്‌ കൊടുത്തിട്ടില്ല. ചര്‍ച്ച അപൂര്‍ണമായിരുന്നെന്നാണ് ഞാന്‍ പറയുന്നത്. പ്രാഥമിക ചര്‍ച്ചകള്‍ നടന്നു. പിന്നീട് കാണാം എന്ന് പറഞ്ഞാണ് ചര്‍ച്ച അവസാനിച്ചത്. പട്ടിക പ്രഖ്യാപിക്കുന്ന സമയത്തു പ്രത്യാഘാതങ്ങള്‍ ഉണ്ടാവാതിരിക്കാനുള്ള നടപടികളെക്കുറിച്ച് നേതൃസ്ഥാനങ്ങളിലിരുന്ന കാലത്ത് ഞങ്ങള്‍ ആലോചിച്ചിരുന്നു. തീരുമാനമെടുക്കുമ്പോള്‍ എല്ലാവര്‍ക്കും സ്വീകാര്യമായതാവാന്‍ ശ്രമിക്കാറുണ്ട്. നിര്‍ദ്ദേശങ്ങള്‍ എഴുതിവെച്ച ഡയറി കാണിച്ചത് തെറ്റായ നടപടിയാണെന്നാണ് കരുതുന്നത്’, ഉമ്മന്‍ ചാണ്ടിയെ ഉദ്ധരിച്ച് മാതൃഭൂമി ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്തു.

Also Read: ‘സുധാകരന്‍ ഡയറി കാണിച്ചതില്‍ തെറ്റില്ല, അത് ഓരോരോ ശൈലി’; പിന്തുണച്ച് കെ മുരളീധരന്‍, ‘പ്രായമായവരെ വൃദ്ധസദനത്തിലേക്ക് അയക്കാന്‍ പാടില്ല’

പരസ്യ പ്രതികരണത്തിലേക്ക് ഉമ്മന്‍ ചാണ്ടി കടന്നിട്ടില്ല. സുധാകരനുമായി സംസാരിച്ച ശേഷമാവും പരസ്യ പ്രതികരണം. ഡി.സി.സി അധ്യക്ഷന്മാരെ തീരുമാനിക്കുന്നതുമായി ബന്ധപ്പെട്ട് ഉമ്മന്‍ ചാണ്ടിയുമായും രമേശ് ചെന്നിത്തലയുമായും രണ്ട് തവണ ചര്‍ച്ച നടത്തിയിരുന്നെന്നാണ് കെ സുധാകരന്‍ കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തില്‍ അവകാശപ്പെട്ടിരുന്നത്. രണ്ട് തവണ ചര്‍ച്ച നടത്തിയെന്ന് വാദിച്ചതിന് ശേഷമായിരുന്നു അദ്ദേഹം തെളിവെന്നോണം ഉമ്മന്‍ ചാണ്ടി നിര്‍ദ്ദേശിച്ച പേരുകളടങ്ങിയ ഡയറി ഉയര്‍ത്തിക്കാണിച്ചത്.