വര്‍ഷങ്ങളായുള്ള തിരുവനന്തപുരം വാസമവസാനിപ്പിച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സ്വന്തം മണ്ഡലമായ പുതുപ്പള്ളിയിലേക്ക് മടങ്ങുന്നു. പുതുപ്പള്ളിയില്‍ പുതിയ വീടിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാനാണ് തീരുമാനം. മകന് ചാണ്ടി ഉമ്മനെ മണ്ഡലത്തില്‍ സജീവമാക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് ഉമ്മന്‍ ചാണ്ടി തിരുവനന്തപുരം വിട്ടെത്തുന്നതെന്നാണ് സൂചന.
സാധാരണ ഞായറഴ്ചകളില്‍ മാത്രമായിരുന്നു ഉമ്മന്‍ ചാണ്ടി പുതുപ്പള്ളിയിലെത്തിയിരുന്നത്. 50 വര്‍ഷമായി പുതുപ്പള്ളി എംഎല്‍എയാണെങ്കിലും ഇദ്ദേഹത്തിന് പുതുപ്പള്ളിയില്‍ വീടോ ഓഫീസോ ഇല്ല. പുതുപ്പള്ളിയിലെത്തുമ്പോള്‍ തറവാട്ടിലായിരുന്നു താമസം.
എംഎല്‍എമാര്‍ക്കുള്ള ഭവന വായ്പ ഉപയോഗിച്ച് പുതുപ്പള്ളി ബസ് സ്റ്റാന്റിന് സമീപത്താണ് ഉമ്മന്‍ചാണ്ടിയുടെ പുതിയ വീടൊരുങ്ങുന്നത്. ഒരു ചെറിയ വീടാണുണ്ടാക്കുന്നതെന്ന് ഉമ്മന്‍ ചാണ്ടി കാര്യങ്ങള്‍ ചോദിക്കാനെത്തിയ മാധ്യമങ്ങളോട് പറഞ്ഞു. ഹൈക്കമാന്‍ഡിനെ പുതിയ ഉത്തരവാദിത്വങ്ങളില്ലാത്ത ഉമ്മന്‍ ചാണ്ടി വാര്‍ധക്യസഹജമായ ബുദ്ധിമുട്ടുകളുള്ളതിനാല്‍ യാത്രകള്‍ ഒഴിവാക്കാനാണ് പുതുപ്പള്ളിയിലേക്ക് മാറുന്നതെന്ന് അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നു.
മകന്റെ രാഷ്ട്രീയ വേര് പുതുപ്പള്ളിയിലുറപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗം കൂടിയാണ് തീരുമാനമെന്നാണ് സൂചന. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ഉമ്മന്‍ ചാണ്ടി പങ്കെടുത്ത വേദികളിലെല്ലാം ചാണ്ടി ഉമ്മനുമുണ്ടായിരുന്നു. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള നേതൃത്വം നല്‍കലും ഇരുവരും ഒന്നിച്ചുതന്നെ. നേരത്തെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്റെ സമയത്ത് ഉമ്മന്‍ ചാണ്ടി നേമത്ത് മത്സരിക്കുമെങ്കില്‍ പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന്‍ എത്തുമെന്നായിരുന്നു അഭ്യൂഹങ്ങള്‍.
നിലവില്‍ തിരുവനന്തപുരം ജഗതിയിലാണ് ഉമ്മന്‍ ചാണ്ടിയുടെ ‘പുതുപ്പള്ളി ഹൗസ്’. പുതുപ്പള്ളിയില്‍ കുടുംബ വിഹിതമായി കിട്ടിയ ഒരേക്കര്‍ ഭൂമിയിലാണ് വീടെവെക്കുന്നത്. വീടിനോട് ചേര്‍ന്നുതന്നെ എംഎല്‍എ ഓഫീസും നിര്‍മ്മിക്കുന്നുണ്ട്.