തിരുവനന്തപുരം: പതിവ് രീതി കയ്യൊഴിഞ്ഞാണ് ഇത്തവണ കേരളം പിണറായി വിജയന് നേതൃത്വം നല്കിയ ഇടതുപക്ഷത്തിന് തുടര്‍ഭരണം നല്‍കിയത്. ഇതോടെ പ്രതിപക്ഷ നേതാവായ രമേശ് ചെന്നിത്തലക്ക് ആ സ്ഥാനം നഷ്ടമായി. വിഡി സതീശന് പ്രതിപക്ഷ നേതാവായെത്തി.
സത്യപ്രതിജ്ഞ പൂര്‍ത്തിയാക്കിയതിന് ശേഷം നടക്കുന്ന നിയമസഭയില്‍ പിണറായി വിജയന് സര്‍ക്കാരിനെതിരെ ആദ്യ ആരോപണം ഉന്നയിച്ച് രംഗതെത്തിയിരിക്കുകയാണ് വിഡി സതീശന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷം.
കേരളത്തിലെ കൊവിഡ് മരണനിരക്കുകള്‍ പിണറായി സര്‍ക്കാര്‍ കുറച്ചുകാണിക്കുന്നുവെന്നാണ് പ്രതിപക്ഷം ആരോപണമായി ഉന്നയിച്ചിരിക്കുന്നത്. പ്രതിപക്ഷ നേതാവ് വിഡി സതീശനാണ് വിഷയം ആദ്യമായി ഉന്നയിച്ചത്.
മരണനിരക്കിനെ സംബന്ധിച്ച് ധാരാളം പരാതിയുണ്ടായിട്ടുണ്ട്. മരണം സംബന്ധിച്ച കണക്കുകള്‍ മൂടിവെക്കുന്നതാണ് പരാതി. ലോകാരോഗ്യ സംഘടനയുടെ മാര്‍ഗനിര്‍ദേശങ്ങളെ അടിസ്ഥാനപ്പെടുത്തി ദല്‍ഹിയില്‍ നിന്ന് ഐസിഎംആര്‍ നല്കുന്ന ഗൈഡ് ലൈനാണ് ഏറ്റവും പ്രധാനപ്പെട്ട ഗൈഡ് ലൈന്‍. ആ ഗൈഡ് ലൈന്‍ വായിക്കുകയാണെങ്കില്‍ മനസ്സിലാക്കാന്‍ സാധിക്കുന്നത് നമ്മുടെ സംസ്ഥാനത്ത് യഥാര്‍ത്ഥ കൊവിഡ് രോഗികളെ കൊവിഡ് രോഗികളല്ല, അവര്‍ മരിക്കുമ്പോള്‍ മരണകാരണം കൊവിഡ് ബാധിച്ചല്ല എന്നാണ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതെന്ന് വിഡി സതീശന് പറഞ്ഞു.
ശരിക്കും സാംക്രമിക രോഗങ്ങള്‍ വരുമ്പോഴും ഏത് രോഗങ്ങള്‍ വരുമ്പോഴും ഏത് രോഗി മരിച്ചാലും ആ രോഗിയെ കുറഞ്ഞത് 24 മണിക്കൂറെങ്കിലും പരിശോധിച്ച ഡോക്ടര്‍ വേണം സര്‍ട്ടിഫിക്കറ്റ് നല്കാന്. ഇവിടെ ഈ രോഗിയെ കാണാത്ത ഒരു കമ്മറ്റി തിരുവനന്തപുരത്ത് എവിടെയോ ഇരുന്ന് കൊണ്ടാണ് മരണകാരണം നിശ്ചയിക്കുന്നത്. മാത്രമല്ല, ഇപ്പോള്‍ ഒരു രോഗി ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സയില്‍ തുടരുമ്പോള്‍ കൊവിഡ് നെഗറ്റീവ് ആയെന്നാണ് വ്യക്തമാക്കുന്നത്. ഇതുപോലുള്ള നിരവധി കാര്യങ്ങളാണ് ഇവിടെ ചെയ്തുകൊണ്ടിരിക്കുന്നത്. മരണ സംഖ്യ നിശ്ചയിക്കുന്നതിന്റെ മാനദണ്ഡം മാറ്റണെന്നും വിഡി സതീശന് പറഞ്ഞു.
നേരത്തെ നടത്തിയ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പോലെയല്ല കുറച്ചുകൂടി മികച്ച രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതുണ്ട്. ഓരോ മരണവും കൊവിഡിന്റെ ഏത് വകഭേദം മൂലമാണെന്ന് രേഖപ്പെടുത്തണമെന്ന് പ്രതിപക്ഷ ഉപനേതാവായ എംകെ മുനീര്‍ അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിക്കവേ ആവശ്യപ്പെട്ടു. മരണനിരക്ക് കൃത്യമായി രേഖപ്പെടുത്തണം പോസ്റ്റ് കൊവിഡ് മരണങ്ങള് കൊവിഡ് മരണത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തുന്നില്ല. വാക്സിനേഷന് കാര്യക്ഷമമല്ല. ഒന്നാം ഡോസ് വാക്സിനെടുത്ത തനിക്ക് രണ്ടാം ഡോസ് ലഭിച്ചിട്ടില്ലെന്നും മുനീര്‍ പറഞ്ഞു.
ആഗോളതലത്തില്‍ ഏറ്റവും കുറഞ്ഞ മരണനിരക്കാണ് കേരളത്തിലേതെന്നായിരുന്നു ആരോഗ്യമന്ത്രി വീണ ജോര്‍ജിന്റെ മറുപടി. നോട്ടീസില്‍ പറയുന്ന കാര്യങ്ങള്‍ വാസ്തവമല്ല. സംസ്ഥാനത്തിന്റെ ചികിത്സാ സൗകര്യം വര്‍ധിപ്പിച്ച് രണ്ടാം തരംഗത്തെ നേരിടാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. ഇത് വലിയ തോതില്‍ വിജയം കണ്ടുവെന്നും വീണ ജോര്‍ജ് പറഞ്ഞു.