‘വനംകൊള്ളക്കാര്‍ മാംഗോഫോണ്‍ ഉദ്ഘാടനത്തിന് വിളിച്ചത് മുഖ്യമന്ത്രിയെ’, ‘ലോക്ഡൗണില്‍ ഈട്ടിത്തടി വയനാട്ടില്‍നിന്ന് എറണാകുളത്തേക്ക് നടന്നെത്തിയോ?’ ആഞ്ഞടിച്ച് പ്രതിപക്ഷം

തിരുവനന്തപുരം: മുട്ടില്‍ വനംകൊള്ള സഭയില്‍ വലിയ ചര്‍ച്ചയാക്കി പ്രതിപക്ഷം. മരംകൊള്ള നടന്നത് സര്‍ക്കാരിന്റെ ഒത്താശയോടെയാണെന്ന് തെളിവുകളും മാധ്യമവാര്‍ത്തകളും നിരത്തി കോണ്‍ഗ്രസ് എംഎല്‍എ പിടി തോമസ് ആഞ്ഞടിച്ചു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ കര്‍ശന പരിശോധനയുള്ള സംസ്ഥാനത്ത് എങ്ങനെയാണ് വയനാട്ടില്‍നിന്നും ഈട്ടിത്തടികള്‍ എറണാകുളത്തെത്തിയതെന്നും അദ്ദേഹം ചോദിച്ചു. മരം മുറിക്കുന്നതിലെ 60 ശതമാനം സര്‍ക്കാരിനാണെന്ന് പറയാന്‍ പ്രതികളെ പ്രേരിപ്പിച്ചത് എന്താണെന്ന് വ്യക്തമാക്കണമെന്നും പിടി തോമസ് ആവശ്യപ്പെട്ടു. മരംകൊള്ള നടന്നിട്ടുണ്ടെന്നും കേസെടുത്തെന്നും ചില ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും വീഴ്ചയുണ്ടായെന്നും വനം മന്ത്രി എകെ ശശീന്ദ്രന്‍ സഭയില്‍ തുറന്ന് സമ്മതിച്ചു. വിഷയം സഭനിര്‍ത്തി വെച്ച് ചര്‍ച്ച ചെയ്യാനുള്ള അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെത്തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍നിന്നും ഇറങ്ങിപ്പോയി.

’21ാം നൂറ്റാണ്ടില്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി കാലാവസ്ഥാ വ്യതിയാനമാണ്. വനനശീകരണത്തിന്റെ വ്യാപ്തികൂടി കണ്ടിട്ടാണ് പശ്ചിമഘട്ട മലനിരകളെ സംരക്ഷിക്കുന്നില്ലെങ്കില്‍ വലിയ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പ് ഡോ മാധവ് ഗാഡ്ഗില്‍ നല്‍കിയത്. കേരളം പ്രകൃതി ദുരന്തങ്ങളുടെ നാടായി മാറാതിരിക്കാന്‍ അവശേഷിക്കുന്ന വനസമ്പത്ത് കാത്തുസൂക്ഷിക്കേണ്ടതുണ്ട്. വനം കൊള്ളയുടെ ഞെട്ടിപ്പിക്കുന്ന കഥകളാണ് വയനാട്ടില്‍നിന്നും കേള്‍ക്കുന്നത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള കോടികള്‍ വിലമതിക്കുന്ന മരങ്ങളാണ് മുട്ടിലില്‍നിന്നും വനംകൊള്ളക്കാര്‍ മുറിച്ചുകടത്തിയത്. ആദിവാസികളെയും കൃഷിക്കാരെയും തെറ്റിദ്ധരിപ്പിച്ച് വയനാട്ടില്‍ വ്യാപകമായ മരംകൊള്ള അരങ്ങേറി. 42 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടും ഒറ്റ പ്രതിയെപ്പോലും ഇതുവരെ പിടികൂടിയിട്ടില്ല. മുറിച്ചിട്ട തടി പ്രതികളുടെ കസ്റ്റഡിയിലാണ്. അത് കണ്ടുകെട്ടാന്‍ വനം വകുപ്പ് തയ്യാറായിട്ടില്ല’, പിടി തോമസ് പറഞ്ഞു.

ചന്ദനമൊഴികെ പട്ടയഭൂമിയിലെ മരങ്ങള്‍ മുറിക്കാമെന്നും അത് തടസപ്പെടുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്നാണ് റെവന്യൂവകുപ്പ് ഉത്തരവിറക്കിയത്. ഈ ഉത്തരവുതന്നെ എന്തൊരു അത്ഭുതമാണെന്നും അദ്ദേഹം ചോദിച്ചു.

‘മരം മുറി റിപ്പോര്‍ട്ട് ചെയ്ത റെയ്ഞ്ച് ഓഫീസര്‍ക്കെതിരെ വനം കൊള്ളക്കാര്‍ വധഭീഷണിമുഴക്കി. ഇതന്വേഷിക്കാന്‍ വന്ന ഉന്നത ഉദ്യോഗസ്ഥന്‍ വനംകൊള്ളക്കാരുടെ അകമ്പടിയോടെയാണ് അന്വേഷണം പൂര്‍ത്തിയാക്കിയത്. ഈട്ടിത്തടികള്‍ വയനാട്ടില്‍നിന്നും എറണാകുളത്തെ മില്ലില്‍ എത്തിയിട്ടും നടപടികള്‍ സ്വീകരിച്ചില്ല. ഉന്നതന്മാരാണ് ഇതിന് പിന്നലെന്നാണ് മരം മുറിക്കാന്‍ കരാറെടുത്ത ഹംസ മാധ്യമങ്ങളോട് പറഞ്ഞത്. ആരാണ് ഈ ഉന്നതന്മാര്‍? എറണാകുളത്തെ തടിമില്ലില്‍നിന്നും വനം മേധാവിക്ക് ലഭിച്ച ഇ മെയില്‍ സന്ദേശത്തിലാണ് ഈട്ടിത്തടി വയനാട്ടില്‍നിന്നും എറണാകുളത്തെത്തിയ വിവരം ബന്ധപ്പെട്ടവര്‍ അറിയുന്നത്. അല്ലാതെ ആരും കണ്ടുപിടിച്ചതല്ല. ഈട്ടിത്തടി വെട്ടുന്നത് ചോദ്യം ചെയ്ത് ആദിവാസികളോട് ഇവര്‍ പറഞ്ഞത് വിലയുടെ 60 ശതമാനം സര്‍ക്കാരിനും 20 ശതമാനം ഭൂവുടമകള്‍ക്കും 10 ശതമാനം പണിക്കൂലിയും പത്ത് ശതമാനം വെട്ടുന്ന തങ്ങള്‍ക്കും എന്നാണ്. നൂറുവര്‍ഷം പഴക്കമുള്ള ആയിരക്കണക്കിന് മരം വെട്ടിമുറിച്ച് വനം ശുദ്ധീകരിച്ചു’, പിടി തോമസ് ചൂണ്ടിക്കാട്ടി.

സഭയില്‍ വനം കൊള്ളയുമായി ബന്ധപ്പെട്ട് പിടി തോമസ് ഉന്നയിച്ച ചോദ്യങ്ങള്‍

60 ശതമാനം സര്‍ക്കാരിനാണെന്ന് പ്രതികളെ പറയാന്‍ പ്രേരിപ്പിച്ചതെന്താണ്? ഈ 60 ശതമാനം ആരുടെയെല്ലാം പോക്കറ്റിലേക്കാണ് പോയത്? ഈട്ടിത്തടി എത്തിയെന്ന് മില്ലുടമ അറിയുന്നതുവരെ ഈ വിവരം സര്‍ക്കാര്‍ അറിഞ്ഞിരുന്നോ?

കൊവിഡ് മഹാമാരിയില്‍ കേരളം ഞെളിപിരി കൊള്ളുമ്പോള്‍, സംസ്ഥാനം മുഴുവന്‍ രാവും പകലും പൊലീസ് കാവല്‍ നില്‍ക്കുമ്പോള്‍, ഈട്ടിത്തടി എങ്ങനെ വയനാട്ടില്‍നിന്നും നടന്ന് എറണാകുളത്തെത്തി? എത്ര ചെക്‌പോസ്റ്റുകള്‍ വനംകൊള്ളക്കാര്‍ക്കായി കണ്ണടച്ചുകൊടുത്തു? ഇതെല്ലാം സര്‍ക്കാര്‍ അറിയാതെയാണോ നടന്നത്?

വനം കൊള്ളക്കാര്‍ നിസാരരൊന്നുമല്ല. നേരത്തെതന്നെ നിരവധിത്തട്ടിപ്പുകോസുകളില്‍ പ്രതികളായിരുന്നവരാണ് ഇവര്‍. ഇക്കാര്യം വകുപ്പ് മന്ത്രിക്കോ ഉന്നത ഉദ്യോഗസ്ഥര്‍ക്കോ അറിയാമായിരുന്നോ? മാംഗോ മൊബൈലുമായി ബന്ധപ്പെട്ട് എറണാകുളത്ത് സംഘടിപ്പിച്ച ഇവരുടെ വെബ്‌സൈറ്റ് ഉദ്ഘാടനത്തിന് നിശ്ചയിച്ചിരുന്നത് മുഖ്യമന്ത്രിയെയായിരുന്നു. ഉദ്ഘാടനത്തിന് തൊട്ടുമുമ്പ് പ്രതികളെ വേദിയില്‍വെച്ച് പൊലീസ് അറസ്റ്റ് ചെയ്തതായി കേട്ടിരുന്നു. അതിനാല്‍ മുഖ്യമന്ത്രിക്ക് ഉദ്ഘാടനം ചെയ്യേണ്ടി വന്നില്ല. മുട്ടില്‍ വനം കൊള്ളക്കാരുടെ തട്ടിപ്പിന്റെ ആഴവും പരപ്പും ഇതില്‍നിന്നും വ്യക്തമല്ലേ?

ഈ പ്രതികള്‍ ജയിലില്‍നിന്നും ഇറങ്ങിയതിന് ശേഷം എങ്ങനെയാണ് മൂന്നുമാസത്തിനുള്ളില്‍ മരം മുറക്കാനുള്ള ഉത്തരവ് സമ്പാദിച്ചത്? പ്രതികള്‍ വകുപ്പ് മന്ത്രിയുമായും ഉദ്യോഗസ്ഥരുമായും ഫോണില്‍ ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് മരംമുറിയുടെ കരാര്‍ ഏറ്റെടുത്ത ഹംസ പറഞ്ഞത്. ഈ വനംകൊള്ളക്കാര്‍ കോഴിക്കോടും ആലുവയിലും വെച്ച് വനംമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയെന്നും മന്ത്രിയുടെ പാര്‍ട്ടിയില്‍ ചേര്‍ന്നതായും പറയുന്നു. ഈ വാര്‍ത്തകര്‍ വസ്തുതാപരമാണോ?

ഒരു മാധ്യമസ്ഥാപനത്തിലെ പ്രധാനപ്പെട്ട വ്യക്തി ഈ സംഭവത്തില്‍ മധ്യസ്ഥത വഹിച്ചിരുന്നോ?

പ്രതിപട്ടികയില്‍നിന്നും ഒഴിവാക്കപ്പെടാന്‍ സാമ്പത്തികമായും രാഷ്ട്രീയമായും സ്വാധീനമുണ്ടായിട്ടുണ്ടോ?

വിശദമായ അന്വേഷണത്തില്‍ പല ഭാഗങ്ങളില്‍നിന്നായി 101 മരങ്ങള്‍ മുറിച്ചതായി കണ്ടെത്തിയെന്നായിരുന്നു മന്ത്രി എകെ ശശീന്ദ്രന്‍ സഭയില്‍ പറഞ്ഞത്. ഏകദേശം പത്തുകോടിയോളം വിലവരുന്ന 250.12 ക്യുബിക് മീറ്റര്‍ അടിയാണ് വെട്ടിയിട്ടുള്ളതെന്നാണ് മനസിലാക്കാന്‍ സാധിക്കുന്നത്. ഇതേത്തുടര്‍ന്ന് 42 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മുറിക്കപ്പെട്ട തടികള്‍ കടത്തിക്കൊണ്ട് പോകുന്നതിന് 14 അപേക്ഷകള്‍ മേപ്പാടി റെയ്ഞ്ച് ഓഫീസര്‍ക്ക് ലഭിച്ചു. മുട്ടില്‍ സൗത്ത് വില്ലേജിലെ വാഴവറ്റ സ്വദേശികളായ റോജി അഗസ്റ്റിന്‍, ആന്റോ അഗസ്റ്റിന്‍ എന്നിവരാണ് അപേക്ഷ സമര്‍പ്പിച്ചത്. എന്നാല്‍ അനുമതി നിഷേധിക്കുകയാണ് ചെയ്തത്. അനുമതി നിഷേധിക്കപ്പെട്ട തടികള്‍ 30/2/2021ന് ഇവര്‍ പെരുമ്പാവൂരിലേക്ക് കടത്തി. രഹസ്യ വിവരത്തെത്തുടര്‍ന്ന് മേപ്പാടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസറും സംഘവും പെരുമ്പാവൂരിലെത്തി തടികള്‍ പിടിച്ചെടുത്തു. ഇത്തരത്തില്‍ തക്ക സമയത്ത് നടപടി സ്വീകരിച്ചതിനാല്‍, കോടികള്‍ വിലമതിക്കുന്ന തടികള്‍ പിടിച്ചെടുത്ത് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കേരള വനനിയമം 61 എ പ്രകാരം തടി സര്‍ക്കാരിലേക്ക് കണ്ടുകെട്ടുന്നതിനുള്ള നടപടികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും മന്ത്രി വിശദീകരിച്ചു.

ഇതോടൊപ്പം, പതിച്ചുനല്‍കിയ ഭൂമിയിലെ മരങ്ങള്‍ മുറിക്കുന്നതിനെതിരെയുള്ള 95-ലെ ചട്ടപ്രകാരവും കേസെടുത്തിട്ടുണ്ട്. അന്വേഷണം പൂര്‍ത്തിയാക്കി ഉടന്‍തന്നെ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. പ്രസ്തുത കുറ്റകൃത്യം അന്വേഷിക്കുന്ന വേളയില്‍ അവിടെ മറ്റൊരു കേസും കണ്ടെത്തുകയുണ്ടായി. വരിക്കമാക്കല്‍ ഏലിക്കുട്ടിയുടെ കൈവശ ഭൂമിയില്‍നിന്നും അനുമതി ലഭിച്ചതില്‍ക്കൂടുതല്‍ ഈട്ടിമരങ്ങള്‍ മുറിച്ചതായി കണ്ടെത്തി. ഇതിലും കേസെടുത്ത് അന്വേഷണം നടത്തിവരുന്നു. നിയമവിരുദ്ധമായി മരം മുറിച്ചത് ശ്രദ്ധയില്‍പ്പെട്ടതിനാല്‍, സംസ്ഥാന വ്യാപകമായ അന്വേഷണം നടത്തണമെന്ന ആവശ്യവും ഉയര്‍ന്നുവരുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ വനം വകുപ്പ് വിജിലന്‍സ് ചീഫ് കണ്‍സര്‍വേറ്ററുടെ നേതൃത്വത്തില്‍ സ്‌ക്വാഡുകള്‍ രൂപീകരിച്ച് മിന്നല്‍ പരിശോധനയ്ക്ക് നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. കോഴിക്കോട് വിജിലന്‍സ് കണ്‍വര്‍വേറ്ററായി താല്‍ക്കാലിക ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ കേസന്വേഷണം വഴിതിരിച്ചുവിടാന്‍ ശ്രമിക്കുന്നു എന്നാണ് നോട്ടീസില്‍ കാണുന്നത്. ഇത് സംബന്ധിച്ച പരാതി വനം വകുപ്പിന് ലഭിച്ചിട്ടുണ്ട്. വനം വകുപ്പില്‍നിന്ന് മറ്റ് പല സംഘടനകളുടെയും പരാതികളും ലഭിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ അന്വേഷണം നടത്തി ചകര്‍ശന നടപടികള്‍ സ്വീകരിക്കും. വന സംരക്ഷണമാണ് സര്‍ക്കാരിന്റെ ലക്ഷ്യം. വന നശീകരണത്തില്‍ ഒരാളെയും സംരക്ഷിക്കില്ലെന്നും മന്ത്രി പറഞ്ഞു.

എന്താണ് മുട്ടില്‍ മരംമുറി കേസ്?

വയനാട് മുട്ടില്‍ സൗത്ത് വില്ലേജ് പരിധിയില്‍ നിന്ന് അനധികൃതമായി വന്‍ തോതില്‍ ഈട്ടിമരങ്ങള്‍ മുറിച്ചുമാറ്റിയതാണ് കേസിനും വിവാദത്തിനും ആധാരം. 42 പേരുടെ പട്ടയഭൂമിയില്‍ നിന്നായി 505 ക്യുബിക് മീറ്റര്‍ മരങ്ങളാണ് മുറിച്ചത്. നൂറ്റാണ്ടുകള്‍ പഴക്കമുളള വൃക്ഷങ്ങളാണ് മുറിച്ച് 15 കോടിയിലധികം വിലമതിക്കുന്ന തടിയാക്കി മാറ്റിയത്. 2020 ഒക്ടോബര്‍ 24ന് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവിന്റെ മറവിലായിരുന്നു വ്യാപകമായ മരംമുറിക്കലും കടത്തലും. കൃത്യതയില്ലാതിരുന്ന ഉത്തരവ് മൂന്ന് മാസത്തിനകം സര്‍ക്കാര്‍ പിന്‍വലിച്ചു. ഉത്തരവിന്റെ മറവില്‍ തടി ലോബി 460 മരങ്ങള്‍ മുറിച്ചിട്ടു. ഇതേ ഉത്തരവ് ബാധകമായ വയനാട് ജില്ലയിലെ മറ്റ് പ്രദേശങ്ങളില്‍ സാധാരണ കര്‍ഷകരുടെ സ്ഥലത്ത് വീടുകള്‍ക്കും കൃഷിക്കും ഭീഷണിയായ ഈട്ടിമരങ്ങള്‍ മുറിക്കാന്‍ അധികൃതര്‍ അനുമതി നല്‍കിയില്ല. റവന്യൂ വീട്ടിമരങ്ങള്‍ മുറിക്കാന്‍ അനുമതി വേണമെന്നാവശ്യപ്പെട്ട് ഏറെപ്പേര്‍ നിവേദനം നല്‍കി വര്‍ഷങ്ങളോളം അനുമതി കാത്തിരിക്കവെയാണ് മറ്റൊരു കൂട്ടര്‍ അതിവേഗം മരംമുറിച്ച് കടത്തിയത്.

ഫെബ്രുവരിയില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പെരുമ്പാവൂരില്‍ നിന്ന് 13 ക്യുബിക് മീറ്റര്‍ മരം പിടിച്ചതോടെയാണ് വയനാട്ടിലെ മരംകൊള്ള പുറത്തറിയുന്നത്. തടി ലോബി മുറിച്ച 192 ക്യുബിക് മീറ്റര്‍ ഈട്ടിമരങ്ങള്‍ വനംവകുപ്പ് കണ്ടുകെട്ടി കുപ്പാടി ടിംബര്‍ സെയില്‍സ് ഡിപ്പോയിലെത്തിച്ചു. മരംമുറിയുമായി ബന്ധപ്പെട്ട് 42 കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. വ്യാപാരികളായ റോജി അഗസ്റ്റിനും ആന്റോ അഗസ്റ്റിനുമാണ് പ്രധാനപ്രതികള്‍. സഹോദരങ്ങളായ ഇരുവരും ആസൂത്രണം ചെയ്ത് നടപ്പാക്കിയ മരംമുറിക്കലിന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കൂട്ടുനിന്നതായി ആരോപണമുയര്‍ന്നു. കൊള്ള നടത്തിയവരെ കുടുക്കാനും പ്രതികള്‍ക്ക് സഹായക നിലപാടെടുക്കാനും ഉന്നതങ്ങളില്‍ നിന്ന് നീക്കമുണ്ടായി. ഈട്ടിക്കൊള്ള പിടികൂടിയ ഉദ്യോഗസ്ഥരെ കള്ളക്കേസില്‍ കുടുക്കാന്‍ നീക്കമുണ്ടായെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സംഘടന തന്നെ ആരോപിക്കുന്നു.