‘സംഘപരിവാര്‍ തൊപ്പി ചേരുന്നത് സിപിഐഎമ്മിന്, ഉപദേശം വേണ്ട’; വിജയരാഘവന് വി.ഡി സതീശന്റെ മറുപടി

തിരുവനന്തപുരം: ബിജെപി വിരുദ്ധ പേരാട്ടത്തില്‍ കോണ്‍ഗ്രസിന് എ.കെ.ജി സെന്ററില്‍ നിന്നുള്ള ഉപദേശം വേണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. തെരഞ്ഞെടുപ്പിന് മുന്‍പുണ്ടാക്കിയ സിപിഐഎം-ബിജെപി ബന്ധത്തിന് പിണറായി വിജയന്റെ കാര്യക്കാരനായി നിന്നതിന്റെ ജാള്യത മറയ്ക്കാനാണ് സിപിഐഎം ആക്ടിംഗ് സെക്രട്ടറി എ. വിജയരാഘവന്‍ കോണ്‍ഗ്രസിന് മേല്‍ ബിജെപി ബന്ധം ആരോപിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസിന്റെ മതേതര നിലപാടില്‍ ഒരു വിട്ടുവീഴ്ചയും ചെയ്യില്ലെന്ന് അസന്നിഗ്ദമായി പറഞ്ഞിട്ടുള്ളതാണ്. സംഘപരിവാര്‍ തൊപ്പി കോണ്‍ഗ്രസിന്റെ തലയില്‍ വെക്കാമെന്ന് ആരും കരുതരുത്. ആ തൊപ്പി ചേരുന്നത് സിപിഐഎമ്മിന് തന്നെയാണെന്നും സതീശന്‍ പറഞ്ഞു.

കേരളത്തില്‍ ബിജെപി സാന്നിദ്ധ്യമില്ലാത്തതിന്റെ കുറവ് നികത്താനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നാണ് എ വിജയരാഘവന്‍ വിമര്‍ശിച്ചത്. 14 ഡിസിസി പ്രസിഡണ്ടുമാരെ നിയമിക്കാന്‍ കോണ്‍ഗ്രസ് നേരിട്ട ബുദ്ധിമുട്ട് എല്ലാവരും കണ്ടതാണ്. ബ്രിട്ടീഷുകാരെ തോല്‍പ്പിക്കാന്‍ ഇത്രയും കഷ്ടപ്പാട് ഉണ്ടായിരുന്നില്ല. നയങ്ങളാണ് പ്രധാനം എന്ന് എന്നാണ് കോണ്‍ഗ്രസ് തിരിച്ചറിയുകയെന്നും വിജയരാഘവന്‍ ചോദിച്ചിരുന്നു.

മുസ്‌ലിം ലീഗിലും ഇപ്പോള്‍ ഹരിത വിപ്ലവമാണ്. നേരത്തെ യുഡിഎഫില്‍ എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ മധ്യസ്ഥം പറയാന്‍ നിന്നിരുന്ന ലീഗിപ്പോള്‍ സ്വന്തം പ്രശ്‌നം തീര്‍ക്കാന്‍ ബുദ്ധിമുട്ടുകയാണെന്നും എ. വിജയരാഘവന്‍ പറഞ്ഞിരുന്നു.