നിപ പ്രതിരോധത്തില്‍ സര്‍ക്കാരിന് പ്രതിപക്ഷത്തിന്റെ പൂര്‍ണ്ണ പിന്തുണ; വി.ഡി സതീശന്‍

കോഴിക്കോട്: നിപ പ്രതിരോധത്തില്‍ സര്‍ക്കാരിന് പ്രതിപക്ഷത്തിന്റെ പൂര്‍ണ്ണ പിന്തുണയുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഇക്കാര്യം ആരോഗ്യമന്ത്രിയെ നേരിട്ട് വിളിച്ചറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡ് പ്രതിരോധം പോലെയാകരുത് നിപ പ്രതിരോധം. കൊവിഡ് പ്രതിരോധം പൂര്‍ണ്ണപരാജയമാണെന്നും വി.ഡി സതീശന്‍ പറഞ്ഞു.

രാജ്യത്തെ കൊവിഡ് രോഗികളുടെ 70 ശതമാനവും ഇന്ന് കേരളത്തിലാണ്. പല ജില്ലകളിലും വെന്റിലേറ്ററുകളും ഐ.സി.യു ബെഡ്ഡുകളും ഇല്ല എന്നുള്ള റിപ്പോര്‍ട്ടുകള്‍ വരികയാണ്. ഇത് മെച്ചപ്പെടുത്താനുള്ള നടപടികള്‍ സ്വീകരിച്ചിട്ടില്ലെന്നും വി.ഡി സതീശന്‍ പറഞ്ഞു.

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോലും നിപയുമായി ബന്ധപ്പെട്ട് മൂന്ന് വെന്റിലേറ്റര്‍ മാത്രമാണുള്ളത്. മുമ്പ് നിപ വന്നപ്പോള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ഒരു പദ്ധതിയും നടപ്പാക്കിയിട്ടില്ല. വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് പ്രഖ്യാപനത്തില്‍ ഒതുങ്ങിയെന്നും വി.ഡി സതീശന്‍ പറഞ്ഞു.

കൊവിഡ് കണ്ടെത്താന്‍ ആന്റിജന്‍ ടെസ്റ്റ് എടുക്കരുതെന്നും ആര്‍.ടി.പി.സി.ആര്‍ വേണമെന്നും പറഞ്ഞതാണ്. രാജ്യത്ത് എല്ലായിടത്തും ആര്‍.ടി.പി.സി.ആറാണ്. ഇത് പറഞ്ഞപ്പോള്‍ ഞങ്ങളെ കളിയാക്കുകയാണ് ചെയ്തത്. ഞങ്ങള്‍ പറഞ്ഞതിന് പിന്നാലെ യോഗം ചേര്‍ന്ന് ആറ് ജില്ലകളില്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്താന്‍ തീരുമാനിച്ചുവെന്നും വി.ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.