ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പ്രതിപക്ഷം ഇടങ്കോലിട്ടെന്ന് ഇടത് എംഎല്‍എ, ആക്ഷേപമെന്ന് വിഡി സതീശന്‍; സഭയില്‍നിന്നും പ്രതിപക്ഷത്തിന്റെ ആദ്യ വാക്ക്ഔട്ട്

തിരുവനന്തപുരം: ചോദ്യോത്തര വേളയില്‍ ഭരണപക്ഷം തങ്ങളെ ആക്ഷേപിച്ചെന്നാരോപിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ പ്രതിപക്ഷം തടസപ്പെടുത്തിയെന്ന ആലത്തൂര്‍ എംഎല്‍എ കെഡി പ്രസേനന്റെ പരാമര്‍ശത്തെത്തുടര്‍ന്നായിരുന്നു പ്രതിഷേധം. ഇത് പ്രതിപക്ഷത്തെ ആക്ഷേപിക്കുന്നതാണെന്നും ചോദ്യം ഒഴിവാക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. കഴിയില്ലെന്ന് സ്പീക്കര്‍ അറയിച്ചതോടെയായിരുന്നു പതിനഞ്ചാം നിയമസഭയില്‍നിന്നും പ്രതിപക്ഷത്തിന്റെ ആദ്യ വാക്ക്ഔട്ട്.

‘സംസ്ഥാനത്ത് ഓഖി, നിപാ, പ്രളയം, കൊവിഡ് തുടങ്ങിയ ദുരന്തങ്ങളെ നേരിടുന്നതിന് സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെ ദുര്‍ബലപ്പെടുത്താനുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ നീക്കങ്ങള്‍ക്കിടയിലും ക്ഷേമപ്രവര്‍ത്തനങ്ങളും വികസന പദ്ധതികളും കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന നടപടികള്‍ അറിയിക്കാമോ?’, എന്നായിരുന്നു കെഡി പ്രസേനന്റെ ചോദ്യം.

ചോദ്യം സഭാ ചട്ടങ്ങള്‍ക്കും കീഴ്വഴക്കങ്ങള്‍ക്കും റൂള്‍സ് ഓഫ് പ്രൊസീജിയറിനും എതിരാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. ഈ ചോദ്യം അനുവദിക്കരുതെന്നും സഭാ രേഖയില്‍ ഉള്‍പ്പെടുത്തരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍, ചോദ്യം ഉന്നയിച്ച അംഗം ആവശ്യപ്പെടാതെ നീക്കം ചെയ്യാന്‍ കഴിയില്ലെന്ന സ്പീക്കര്‍ ചൂണ്ടിക്കാണിച്ചു. തുടര്‍ന്നായിരുന്നു പ്രതിപക്ഷ പ്രതിഷേധം.