റിയാസിന്റെ പരാമര്‍ശം വെറുതെ വിടാതെ പ്രതിപക്ഷം; അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കും

തിരുവനന്തപുരം: എം.എല്‍.എമാരുടെ ശുപാര്‍ശയുമായി കരാറുകാര്‍ മന്ത്രിയെ കാണാന്‍ വരരുതെന്ന പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ നിയമസഭയിലെ പരാമര്‍ശത്തിനെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കാനൊരുങ്ങി പ്രതിപക്ഷം. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രതിപക്ഷം സ്പീക്കര്‍ക്ക് നോട്ടീസ് നല്‍കുമെന്ന് കോണ്‍ഗ്രസ് എം.എല്‍.എ കെ ബാബു അറിയിച്ചു. റിയാസിന്റെ പരാമര്‍ശം എം.എല്‍.എമാരെ അപകീര്‍ത്തിപ്പെടുത്തുന്നതാണ്. കരാറുകാരെ കൂട്ടി ഏത് എം.എല്‍.എയാണ് എത്തിയതെന്ന് മന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മന്ത്രിയുടെ പരാമര്‍ശം എം.എല്‍.എമാരെയൊന്നാകെ സംശയത്തിന്റെ നിഴലിലാക്കുന്നതാണെന്ന് പി.ടി തോമസ് എം.എല്‍.എയും അഭിപ്രായപ്പെട്ടു. ഏത് എം.എല്‍.എയാണ് കരാറുകാരനുമായി മന്ത്രിയെ കാണാനെത്തിയതെന്ന് വ്യക്തമാക്കേണ്ട ബാധ്യത മന്ത്രിക്കുണ്ട്. എല്ലാ കരാറുകാരും കുഴപ്പക്കാരാണെന്ന ധ്വനി മന്ത്രിയുടെ പരാമര്‍ശത്തിലുണ്ട്. അതിനോട് യോജിക്കുന്നില്ല. കരാറുകാരിലും രാഷ്ട്രീയക്കാരിലും കുഴപ്പക്കാരും അല്ലാത്തവരുമുണ്ട്. മന്ത്രിയുടെ അടുത്തേക്ക് ഒരു എം.എല്‍.എ കരാറുകാരനുമായി എത്തിയിട്ടുണ്ടെങ്കില്‍ അത് ഏത് എം.എല്‍.എയാണെന്നും എന്ത് കുഴപ്പത്തിനായിരുന്നെന്നും ഈ മന്ത്രി വിശദീകരിക്കേണ്ടതുണ്ട്. അതിന് പകരം 140 എം.എല്‍.എമാരെയും സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നത് ശരിയല്ലെന്നും പി.ടി തോമസ് പ്രതികരിച്ചു.

തന്റെ പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുകയാണെന്നായിരുന്നു റിയാസ് മാധ്യമങ്ങള്‍ക്ക് മുമ്പിലും ആവര്‍ത്തിച്ചത്. താന്‍ പറഞ്ഞതില്‍ തെറ്റില്ലെന്നും കരാറുകാരുടെ കൂടെ എം.എല്‍.എമാര്‍ വരരുതെന്നും അദ്ദേഹം പറഞ്ഞു. എം.എല്‍.എമാരുടെ യോഗത്തില്‍ ഖേദം രേഖപ്പെടുത്തിയിട്ടില്ല. താന്‍ പറഞ്ഞതില്‍ നിന്ന് ഒരടി പുറകോട്ട് പോയിട്ടില്ല. മന്ത്രിയെന്ന നിലയില്‍ ഇടതുപക്ഷ നയവും നിലപാടുമാണ് നടപ്പാക്കുന്നത്. ചില കരാറുകാരും ചില ഉദ്യോഗസ്ഥരും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ടുണ്ട്. ചില കരാറുകാര്‍ക്ക് ഉദ്യോഗസ്ഥര്‍ സഹായം നല്‍കുന്നു. കരാറുകാര്‍ തെറ്റായ നിലപാട് സ്വീകരിച്ചാല്‍ അംഗീകരിക്കാനാവില്ലെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.