‘മുടക്കുമുതലിന്റെ മുകളില്‍ പലിശ കേറി’; തിയേറ്റര്‍ റിലീസ് നഷ്ടമായതില്‍ മാലിക് അണിയറ പ്രവര്‍ത്തകര്‍ പലരും കരഞ്ഞെന്ന് മഹേഷ് നാരായണന്‍

മാലിക് ആദ്യം ഒടിടിയില്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ചത് ഗത്യന്തരമില്ലാതെയെന്ന് സംവിധായകന്‍ മഹേഷ് നാരായണന്‍. തിയേറ്റര്‍ മാത്രം മനസില്‍ കണ്ട് എഴുതുകയും ലാര്‍ജ് ഫോര്‍മാറ്റില്‍ 8കെ സെന്‍സറിലെടുത്ത സിനിമയുമാണ് മാലിക് എന്ന് സംവിധായകന്‍ ചൂണ്ടിക്കാട്ടി. വീട്ടിലിരുന്ന് ഒരു എക്‌സര്‍സൈസ് ആയി സീ യൂ സൂണ്‍ ചെയ്യുമ്പോള്‍ ഇതൊരു താല്‍ക്കാലിക അടച്ചുപൂട്ടല്‍ ആയാണ് കരുതിയത്. ന്യൂ നോര്‍മലിന്റെ പെരുമാറ്റച്ചട്ടങ്ങള്‍ ഇത്ര ഭീകരമാണെന്ന് മനസിലാക്കിയിരുന്നില്ല. മാലിക് ഒരു ചെറിയ സ്‌ക്രീനില്‍ റിലീസ് ചെയ്യേണ്ടി വരുന്നതിനേക്കുറിച്ച് വിഷമിച്ചിരുന്ന സമയം കഴിഞ്ഞെന്നും മഹേഷ് നാരായണന്‍ പറഞ്ഞു. മനോരമ ഓണ്‍ലൈന്‍ ക്ലബ്ബ് ഹൗസില്‍ സംഘടിപ്പിച്ച ചര്‍ച്ചയിലാണ് സംവിധായകന്റെ പ്രതികരണം.

ആത്യന്തികമായി നിര്‍മ്മാതാവിന് എന്തെങ്കിലും പ്രയോജനം ലഭിക്കുമോ എന്ന ചിന്ത മാത്രമാണിപ്പോഴുള്ളത്. മാലിക്കിന്റെ ശബ്ദമേഖലയില്‍ പ്രവര്‍ത്തിച്ചവര്‍ ദു:ഖത്തിലാണ്. പലരും കരച്ചിലായിരുന്നു. രണ്ടാമതും സിനിമ റീമിക്‌സ് ചെയ്യേണ്ടി വരുന്നു. പല പ്രശ്‌നങ്ങള്‍.

മഹേഷ് നാരായണന്‍

2020 സെന്‍സറിങ്ങ് കഴിഞ്ഞ മാലിക് ഫെബ്രുവരിയില്‍ തന്നെ റിലീസിന് തയ്യറായിരുന്നു. അതിന്റെ റിലീസിന് വേണ്ടി കാത്തിരിക്കുമ്പോള്‍ നിര്‍മ്മാതാവ് നേരിടുന്ന പ്രതിസന്ധിയുണ്ട്. മുടക്കിയ പണത്തിന്റെ പലിശ ഒരു ഘട്ടമാകുമ്പോള്‍ മുടക്കുമുതലിന്റെ മുകളില്‍ കയറും. അങ്ങനെ വരുമ്പോള്‍ ശബ്ദത്തിന്റേയും വിഷ്വലിന്റെ ക്വാളിറ്റിയും മറ്റു സംഗതികളൊന്നുമല്ല ചിന്തിക്കുന്നത്. നിര്‍മ്മാതാവിന് നഷ്ടം വരുമോ എന്നാകും ചിന്ത. നിര്‍മ്മാതാവിന് മുടക്കിയ കാശെങ്കിലും തിരിച്ചുകിട്ടണമെന്ന ആലോചനയിലാണ് ഒടിടി റിലീസ് പരിഗണിക്കുന്നതെന്നും മഹേഷ് നാരായണന്‍ കൂട്ടിച്ചേര്‍ത്തു.

ഫഹദ് ഫാസില്‍, മാലിക്‌

മെയ് 13ന് റിലീസ് ചെയ്യാനിരുന്ന മാലിക് കൊവിഡ് രണ്ടാം തരംഗം രൂക്ഷമായതോടെയാണ് റിലീസ് മാറ്റിവെച്ചത്. മാലിക്, കോള്‍ഡ് കേസ് എന്നീ ചിത്രങ്ങളുടെ റിലീസ് ഇനിയും വൈകിപ്പിക്കാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി നിര്‍മ്മാതാവ് ആന്റോ ജോസഫ് ഫിലിം ചേംബറിന് കത്തയച്ചിരുന്നു. രണ്ട് ചിത്രങ്ങളും നൂറ് ശതമാനം സിറ്റിങ്ങ് കപ്പാസിറ്റിയില്‍ പ്രദര്‍ശിപ്പിച്ചാല്‍ മാത്രമേ മുടക്കുമുതല്‍ തിരിച്ചുപിടിക്കാന്‍ സാധിക്കൂ. തിയേറ്റര്‍ എന്ന് തുറക്കും എന്ന കൃത്യമായ ധാരണ ഇല്ലാത്തതിനാലും വളരെയേറെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നിലനില്‍ക്കുന്നതിനാലും ഒടിടി റിലീസിന് ശ്രമിക്കുകയാണെന്നും കത്തിലുണ്ട്.

27 കോടി രൂപ മുതല്‍ മുടക്കി നിര്‍മ്മിച്ച മാലിക് പ്രഖ്യാപന സമയം മുതല്‍ക്കേ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഫഹദിന്റെ കരിയറിലെ ഏറ്റവും ബിഗ്ബജറ്റ് ചിത്രമാണിത്. ടേക്ക് ഓഫിന് ശേഷം മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന മാലിക് 2019 സെപ്റ്റംബറിലാണ് ഷൂട്ടിങ്ങ് ആരംഭിച്ചത്. ചിത്രത്തില്‍ 55കാരനായ സുലൈമാന്‍ മാലിക് ആയി എത്തുന്ന ഫഹദ് ഫാസില്‍ കഥാപാത്രത്തിന് വേണ്ടി 20 കിലോ ഭാരം കുറച്ചത് ശ്രദ്ധിക്കപ്പെട്ടിരുന്നു. നിമിഷ സജയന്‍, ജോജു ജോര്‍ജ്, ദിലീപ് പോത്തന്‍, വിനയ് ഫോര്‍ട്ട്, ചന്ദുനാഥ് എന്നിവര്‍ പ്രധാന വേഷങ്ങളിലുണ്ട്. ആര്‍ക്കറിയാം സംവിധാനം ചെയ്ത സാനു ജോണ്‍ വര്‍ഗീസാണ് ഛായാഗ്രഹണം. സുഷിന്‍ ശ്യാമാണ് സംഗീതം.