കുഴല്‍പണം തട്ടിയ കേസില്‍ ബിജെപി ബന്ധം തള്ളി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്. ബിജെപി ഈ തെരഞ്ഞെടുപ്പില്‍ പൂര്‍ണമായും ഡിജിറ്റല്‍ ട്രാന്സാക്ഷന് ആണ് നടത്തിയത്. ബിജെപിയുടെ എല്ലാ ഇടപാടുകളും സുതാര്യമാണെന്നും കെ സുരേന്ദ്രന് പറഞ്ഞു.
തെരഞ്ഞെടുപ്പ് സമയത്ത് കൊടകര ദേശീയപാതയില്‍ 3.5 കോടിയുടെ കുഴല്‍പ്പണക്കടത്ത് തടഞ്ഞ് പണം തട്ടിയ കേസില്‍ ബിജെപി തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി കെ ആര് ഹരിയേയും അയ്യന്തോള്‍ മേഖലാ സെക്രട്ടറി ജി കാശിനാഥനേയും ഇന്ന് പ്രത്യേക അന്വേഷകസംഘം ചോദ്യം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി കേസില്‍ പ്രതിയാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. അന്വേഷണം ബിജെപി സംസ്ഥാന നേതാക്കളിലേക്ക് നീങ്ങുമെന്നാണ് സൂചനകള്‍. ബിജെപി ജില്ലാ ട്രഷറര്‍ സുജയ് സേനനോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അന്വേഷണസംഘം ആവശ്യപ്പെട്ടെങ്കിലും എത്തിയില്ല.
യുവമോര്‍ച്ച മുന്‍ സംസ്ഥാന ട്രഷറര്‍ സുനില്‍ നായിക് ആര്‍എസ്എസ് പ്രവര്ത്തകന് ധര്മ്മജന് വഴി പണം കൊടുത്തയച്ചു എന്നാണ് പൊലീസിന് ലഭിച്ച വിവരം. കൊള്ളയടിക്കപ്പെട്ട വാഹനത്തില്‍ മൂന്നരക്കോടി രൂപയുണ്ടായിരുന്നെന്ന് ഇരുവരും സമ്മതിച്ചു. സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിച്ച പണം എവിടേക്ക് അയച്ചതാണ് എന്നതിനേക്കുറിച്ചും അന്വേഷണസംഘത്തിന് കൃത്യമായ വിവരം ലഭിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പിന്റെ അവസാന ദിവസങ്ങളില്‍ ചെലവിടാന്‍ വേണ്ടി എത്തിച്ച കള്ളപ്പണമാണിതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.
ഏപ്രില്‍ മൂന്നിന് പുലര്‍ച്ചെ നാലരയ്ക്കാണ് കൊടകര ദേശീയ പാതയില്‍ വെച്ച് വാഹന അപകടമുണ്ടാക്കി ഒരു സംഘമാളുകള്‍ പണം കവര്‍ന്നത്. പണം നഷ്ടപ്പെട്ടെന്ന പരാതിയുമായി കള്ളപ്പണം കൊണ്ടുവന്ന വാഹനത്തിലെ ഡ്രൈവര്‍ ഷംജീറാണ് ആദ്യം കൊടകര സ്റ്റേഷനിലെത്തിയത്. ബിസിനസ് ആവശ്യത്തിന് സുനില്‍ നായിക് നല്കിയ പണമാണിതെന്ന് ധര്മരാജന് പൊലീസിനോട് പറഞ്ഞെങ്കിലും രേഖകള്‍ ഹാജരാക്കാന്‍ കഴിഞ്ഞില്ല. 25 ലക്ഷം രൂപയും കാറും നഷ്ടപ്പെട്ടെന്നാണ് പരാതി നല്‍കിയിരുന്നത്. എന്നാല്‍ ഇതിനോടകം ഒരു കോടിയിലേറെ രൂപ പൊലീസ് കണ്ടെടുത്തു. പണം സ്വീകരിക്കാനിരുന്നവര് ആരൊക്കെയാണെന്ന വിവരവും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. കള്ളപ്പണക്കവര്‍ച്ച നടന്ന് മൂന്ന് ആഴ്ച്ചകള്‍ക്ക് ശേഷമാണ് സംഭവം പുറത്തറിയുന്നത്. ദേശീയ പാര്‍ട്ടി തെരഞ്ഞെടുപ്പ് ആവശ്യത്തിന് കൊണ്ടുവന്ന 3.5 കോടിയുടെ കുഴല്‍പണം കവര്‍ന്നെന്ന വാര്‍ത്ത ഏപ്രില്‍ 22ന് മലയാള മനോരമ പത്രത്തില്‍ ആണ് ആദ്യം പ്രസിദ്ധീകരിക്കപ്പെട്ടത്.