ആയിരത്തിലധികം കൊവിഡ് മരണങ്ങള്‍ രേഖപ്പെടുത്താതെ ഡല്‍ഹി സര്‍ക്കാര്‍; കൊറോണ ബാധിതരായി വീട്ടില്‍ മരിക്കുന്നവരുടേയും വിവരങ്ങളില്ല

ന്യൂഡല്‍ഹി: കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ യഥാര്‍ത്ഥ കണക്കുകള്‍ ഡല്‍ഹി സര്‍ക്കാര്‍ മൂടിവെയ്ക്കുകയാണെന്ന് എന്‍ഡി ടിവി റിപ്പോര്‍ട്ട്. ഏഴ് ദിവസത്തിനിടെയുണ്ടായ 1,158 കൊവിഡ് മരണങ്ങള്‍ സര്‍ക്കാര്‍ ഔദ്യോഗിക രേഖകളില്‍ ചേര്‍ത്തിട്ടില്ലെന്ന് എന്‍ ഡി ടിവി വാര്‍ത്താസംഘം വെളിപ്പെടുത്തി. ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്റെ ശ്മശാനങ്ങളുടേയും സര്‍ക്കാരിന്റേയും കണക്കുകള്‍ തമ്മില്‍ പൊരുത്തക്കേടുകളുണ്ടെന്നാണ് കണ്ടെത്തല്‍.

ഡല്‍ഹി കോര്‍പറേഷന്‍ നടത്തുന്ന 26 ശ്മശാനങ്ങളില്‍ നിന്നുള്ള രേഖകള്‍ പ്രകാരം ഏപ്രില്‍ 18നും ഏപ്രില്‍ 24നും കൊവിഡ് ബാധിച്ച് മരിച്ച 3,096 പേരുടെ മൃതദേഹം ദഹിപ്പിച്ചു. ഏപ്രില്‍ 18നും ഏപ്രില്‍24നും ഇടയില്‍ കൊവിഡ് ബാധിച്ച് ആകെ മരിച്ചത് 1,938 പേരാണെന്നാണ് ഡല്‍ഹി സര്‍ക്കാര്‍ നല്‍കുന്ന വിവരം.

ആശുപത്രിയില്‍ നിന്ന് കൊണ്ടുവരുന്ന മൃതദേഹങ്ങള്‍ മാത്രമാണ് മുനിസിപ്പല്‍ കോര്‍പറേഷന്‍ ഓഫ് ഡല്‍ഹി കൊവിഡ് മരണങ്ങളായി ഉള്‍പ്പെടുത്തുന്നത്. കൊവിഡ് ബാധിതര്‍ വീട്ടില്‍ കിടന്ന് മത്സരിക്കുന്നതിനേക്കുറിച്ചുള്ള വിവരങ്ങള്‍ രേഖപ്പെടുത്തപ്പെടുന്നില്ലെന്നും എന്‍ ഡി ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. ഡല്‍ഹിയുടെ പ്രാന്തപ്രദേശമായ ഗാസിപൂരിലെ ശ്മശാനത്തിലുള്‍പ്പെടെ ഉറ്റവരുടെ സംസ്‌കാരം നടത്താന്‍ കുടുംബാംഗങ്ങള്‍ മണിക്കൂറുകള്‍ കാത്തിരിക്കേണ്ട അവസ്ഥയുണ്ട്.

ആശുപത്രിയില്‍ നിന്നുള്ളവരുടേത് ആംബുലന്‍സില്‍ വരും. മറ്റുള്ളവര്‍ വീട്ടില്‍ നിന്ന് മൃതദേഹങ്ങള്‍ കൊണ്ടുവരുന്നു. ആശുപത്രിയില്‍ നിന്നാണെങ്കില്‍ കൊവിഡ് മൂലമാണോയെന്ന് ഞങ്ങള്‍ക്ക് തിരിച്ചറിയാം. വീടുകളില്‍ നിന്ന് കൊണ്ടുവരുന്നവര്‍ കൊവിഡ് മൂലമാണ് മരിക്കുന്നതെന്ന് ഞങ്ങള്‍ക്ക് ഉറപ്പില്ല. അവയെ സാധാരണ മരണമായാണ് രേഖകളില്‍ ചേര്‍ക്കുന്നത്.

ശ്മശാന ജീവനക്കാരന്‍

കൊവിഡ് ബാധിതനായിരുന്നെന്ന് വീട്ടില്‍ നിന്ന് മൃതദേഹം കൊണ്ടുവരുന്ന കുടുംബാംഗങ്ങള്‍ പറഞ്ഞാലും ഡല്‍ഹി കോര്‍പറേഷന്‍ അവയെ കൊവിഡ് മരണങ്ങളായി കണക്കില്‍പെടുത്തില്ല. ‘സംശയിക്കപ്പെടുന്നു’ എന്ന വിഭാഗത്തിലാണ് മരിച്ചയാളുടെ വിവരങ്ങള്‍ ചേര്‍ക്കുക. സംസ്‌കാരം കൊവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ച് നടത്തും. കൊവിഡ് ബാധിച്ച് മരിച്ച പിതാവിനെ സംസ്‌കരിക്കാന്‍ നാല് മണിക്കൂര്‍ കാത്തുനില്‍ക്കേണ്ടി വന്നെന്ന് സഹോദരന്‍മാരായ മനീഷ് ഗുപ്തയും നീല്‍ ഗുപ്തയും പ്രതികരിച്ചു.

രാവിലെ 8:30 മുതല്‍ കാത്തുനില്‍ക്കുകയാണ്. പുലര്‍ച്ചെ നാല് മണിക്കും ആറ് മണിക്കും വന്നിരുന്നു. ഇന്നലെ രാത്രി 9:30നും. ഓക്‌സിജന്‍ കിട്ടാന്‍ വേണ്ടി ഓടി നടന്നു, ഇപ്പോള്‍ ശരീരം ദഹിപ്പിക്കാന്‍ കഷ്ടപ്പെടുന്നു. ഒന്നിനും കൊള്ളാത്ത സര്‍ക്കാരാണിത്.

ശ്മശാന ജീവനക്കാരന്‍

ഓക്‌സിജന്‍ കിട്ടാത്തതുകൊണ്ടാണ് എന്റെ അച്ഛന്‍ മരിച്ചത്. വീട്ടില്‍ കിടന്ന്, ഞങ്ങള്‍ സര്‍ക്കാര്‍ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലുമെല്ലാം പോയി. ആരും അച്ഛനെ ചികിത്സിച്ചില്ല. ബെഡ് ഉണ്ടായിട്ടും ചികിത്സ തന്നില്ലെന്നും കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മകന്‍ കൂട്ടിച്ചേര്‍ത്തു.