സിപിഐഎം നേതാവും യുവജനക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാനുമായിരുന്ന പി ബിജുവിന്റെ മരണം സര്‍ക്കാര്‍ കൊവിഡ് പട്ടികയില്‍ ഉള്‍പ്പെടുത്തിയില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. പി ബിജു നെഗറ്റീവായിരുന്നെങ്കിലും കൊവിഡാനന്തര രോഗാവസ്ഥയാണ് മരണകാരണമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ഡിവൈഎഫ്ഐ നേതാവിന്റെ മരണം ദി ഹിന്ദു ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്തത് വി ഡി സതീശന് നിയമസഭയില്‍ വായിച്ചു.
കൊവിഡ് അല്ലാതെ മറ്റെന്തെങ്കിലും അസുഖം കൊണ്ടാണോ ബിജു മരിച്ചത്? ചക്ക വീണതുകൊണ്ടാണോ ബിജു മരിച്ചത്? ഞാന്‍ കളിയാക്കി പറഞ്ഞതല്ല. അദ്ദേഹത്തിന് കൊവിഡ് നെഗറ്റീവായി, പിന്നീട് രോഗാവസ്ഥ കൂടി.
വി ഡി സതീശന്
കൊവിഡ് മരണങ്ങള് അതാത് ആശുപത്രികളിലെ ഡോക്ടര്‍മാര്‍ക്ക് സ്ഥിരീകരിക്കാമെന്നിരിക്കെ സംസ്ഥാന തലസമിതിയുടെ ആവശ്യമെന്താണെന്ന് പ്രതിപക്ഷനേതാവ് ചോദിച്ചു. സംസ്ഥാനത്തെ ഈ മാനേജ്മെന്റ് കമ്മിറ്റി കൊവിഡ് മരണം നിശ്ചയിക്കുന്നത് ഐസിഎംആര്‍ മാര്‍ഗരേഖയ്ക്ക് എതിരായിട്ടാണ്. കാന്‍സര്‍, കിഡ്നി, ഹൃദയരോഗങ്ങള്‍, സ്ട്രോക്ക് എന്നിവ ബാധിച്ചിരുന്ന രോഗികള്‍ കൊവിഡ് വന്ന് മരിക്കുന്നുണ്ട്. മരണകാരണം കൊവിഡ് ആണെങ്കില്‍ അത് കൊവിഡ് മരണമായി പെടുത്തണമെന്ന് മാര്‍ഗരേഖയില്‍ കൃത്യമായി പറയുന്നുണ്ട്. ഇത്തരം മരണങ്ങളൊന്നും ഉള്‍പ്പെടുത്തുന്നില്ലെന്നും വി ഡി സതീശന് പറഞ്ഞു.
സംസ്ഥാന സര്‍ക്കാര്‍ കൊവിഡ് മരണക്കണക്കില്‍ കൃത്രിമം കാണിക്കുകയാണെന്ന വിമര്‍ശനം പ്രതിപക്ഷം ഇന്ന് നിയമസഭയില്‍ ശക്തമായി ഉന്നയിച്ചു. ലോകാരോഗ്യസംഘടനയുടെ കൊവിഡ് ഡെത്ത് റിപ്പോര്‍ട്ടിങ്ങ് മാര്‍ഗരേഖ ഉയര്‍ത്തിക്കാട്ടിയാണ് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഇതിനോട് പ്രതികരിച്ചത്. ഇതിന് പിന്നാലെയാണ് പ്രതിപക്ഷനേതാവിന്റെ മറുപടി.
ആരോഗ്യമന്ത്രി പറഞ്ഞത്
“ആക്സിഡന്റില്‍ മരിക്കുന്നയാള്‍ കൊവിഡ് ടെസ്റ്റില്‍ പോസിറ്റീവായാല്‍ മരണകാരണം അപകടമെന്ന് തന്നെയാണ് എഴുതേണ്ടത്. കുറച്ചുകാലം മുന്‍പ് ഒരാള്‍ ചക്ക തലയില്‍ വീണ് മരിച്ചു. കൊവിഡ് ടെസ്റ്റ് നടത്തിയപ്പോള്‍ പോസിറ്റീവാണ്. മരണകാരണം കൊവിഡാണോ? കുറേ നാളായി ഇവര്‍ പറയുന്ന കാര്യമാണിത്. ഒരു കൊവിഡ് മരണമുണ്ടായാല്‍ ആശുപത്രിയില്‍ അതിനനുസരിച്ചുളള നടപടിക്രമമുണ്ട്. അവിടെയുള്ള മെഡിക്കല്‍ ബോര്‍ഡ് അല്ലെങ്കില്‍ ഡോക്ടര്‍ അത് റിപ്പോര്‍ട്ട് ചെയ്യണം. ആ മെഡിക്കല്‍ ബുള്ളറ്റിന് സംസ്ഥാന തലത്തിലേക്ക് അയക്കും. സംസ്ഥാനതല ബോര്‍ഡ് അവര്‍ക്ക് തോന്നുന്നതുപോലെയല്ല അതില്‍ തീരുമാനമെടുക്കുന്നത്, ലോകാരോഗ്യസംഘടനയുടെ മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ചാണ്.”
പ്രതിപക്ഷ നേതാവ് പറഞ്ഞത്
“ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡമനുസരിച്ചാണ് ഐസിഎംആര്‍ മാര്‍ഗരേഖ തയ്യാറാക്കിയത്. ഐസിഎംആറിന്റെ മാര്‍ഗരേഖയ്ക്ക് അനുസരിച്ചാണോ സംസ്ഥാനത്തെ കൊവിഡ് മരണങ്ങള് റിപ്പോര്‍ട്ട് ചെയ്യുന്നത്? സാംക്രമിക രോഗങ്ങള്‍ മൂലമുണ്ടാകുന്ന മരണം നിര്‍ണയിക്കേണ്ടത് ഒരു ഡോക്ടറാണ്. രോഗിയെ കാണാത്ത ഒരു മാനേജിങ്ങ് കമ്മിറ്റിയില്ല രോഗി മരിക്കാനുള്ള കാരണം നിശ്ചയിക്കേണ്ടത്. 24 മണിക്കൂര്‍ ചികിത്സയിലുള്ള ഒരു രോഗിയുടെ കാര്യത്തില്‍ മാത്രമേ ഡോക്ടര്‍ക്ക് പോലും മരണകാരണം നിശ്ചയിക്കാന്‍ അധികാരമുള്ളൂ. എത്രയോ രോഗികള്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിക്കുന്നു. രോഗികള്‍ക്ക് വീണ്ടും വീണ്ടും ടെസ്റ്റുകള്‍ നടത്തുകയാണ്. അതിനിടെ നെഗറ്റീവാകുന്നു. നെഗറ്റീവായെങ്കിലും ആശുപത്രിയില്‍ വെച്ച് തന്നെ മരിക്കുന്ന രോഗിയെ കൊവിഡ് മരണത്തില്‍ ഉള്‍പ്പെടുത്തുന്നില്ല.
ആരോഗ്യ മന്ത്രി ചക്ക തലയില്‍ വീണ് മരിച്ച കാര്യം പറഞ്ഞത് സത്യമാണ്. അപകടത്തില്‍ മരിച്ചാല്‍ അപകടത്തില്‍ മരിച്ചത് തന്നെയാണ്. കൊവിഡ് രോഗിയായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഒരാള്‍ ഇടയ്ക്ക് എപ്പോഴോ നെഗറ്റീവായി. തുടര്‍ച്ചയായി ആന്റിജന്‍ ടെസ്റ്റ് നടത്തുകയാണ്. കൊവിഡ് മാനദണ്ഡങ്ങളില്‍ ഒരിടത്തും ഇത്തരം ടെസ്റ്റ് നിര്‍ദ്ദേശിക്കുന്നില്ല. ഇപ്പോള്‍ മാറ്റി. ഇപ്പോള്‍ വേണ്ടെന്നാണ് പറയുന്നത്. അസുഖമില്ലെങ്കില്‍ 17 ദിവസം കഴിഞ്ഞാല്‍ ഇറങ്ങിപ്പോകാം എന്നാണ്. ഇടക്കിടെ ടെസ്റ്റ് ചെയ്ത് നെഗറ്റീവായ എത്രയോ പേര് മരിച്ചു.
ഡിവൈഎഫ്ഐ നേതാവ് പി ബിജുവിന്റെ കേസ് അങ്ങിനെയാണ്. ഹിന്ദുവിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നതിങ്ങനെ ‘പി ബിജുവിന് ഒക്ടോബര്‍ 20ന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞയാഴ്ച്ച നടത്തിയ പരിശോധനയില്‍ നെഗറ്റീവായിരുന്നെങ്കിലും പോസ്റ്റ് കൊവിഡ് ആരോഗ്യ സങ്കീര്‍ണതകളുണ്ടായി. ആരോഗ്യസ്ഥിതി മോശമായതിനേത്തുടര്‍ന്ന് ബിജുവിനെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരുന്നു. ബുധനാഴ്ച്ച രാവിലെയുണ്ടായ ഹൃദയസ്തംഭനേത്തുടര്ന്നാണ് മരണം.’
പി ബിജുവിന്റെ കേസ് കൊവിഡ് മരണങ്ങളുടെ പട്ടികയില്‍ ഇല്ല. ബിജു എനിക്ക് വളരെ ഇഷ്ടമുള്ള പൊതുപ്രവര്‍ത്തകനായിരുന്നു. നിങ്ങള്‍ക്ക് എല്ലാവര്ക്കും ഇഷ്ടമുള്ളയാളായിരുന്നു. കൊവിഡ് അല്ലാതെ മറ്റെന്തെങ്കിലും അസുഖം കൊണ്ടാണോ ബിജു മരിച്ചത്? ചക്ക വീണതുകൊണ്ടാണോ ബിജു മരിച്ചത്? ഞാന്‍ കളിയാക്കി പറഞ്ഞതല്ല. അദ്ദേഹത്തിന് കൊവിഡ് നെഗറ്റീവായി, പിന്നീട് രോഗാവസ്ഥ കൂടി. കൊവിഡാനന്തര രോഗങ്ങള്‍ വര്‍ധിച്ചുവരികയാണ്. കൊവിഡ് നെഗറ്റീവായ ആളുകള്‍ ബ്ലാക്ക് ഫംഗസ് ബാധിച്ച് മരിക്കുന്നുണ്ട്. ബ്ലാക്ക് ഫംഗസ് വരാന്‍ കാരണം കൊവിഡല്ലേ?
ഇതെല്ലാം ഐസിഎംആറിന്റെ മാര്‍ഗരേഖയില്‍ കൃത്യമായി പറയുന്നുണ്ട്. സംസ്ഥാനത്തെ ഈ മാനേജ്മെന്റ് കമ്മിറ്റി കൊവിഡ് മരണം നിശ്ചയിക്കുന്നത് ഐസിഎംആര്‍ മാര്‍ഗരേഖയ്ക്ക് എതിരായിട്ടാണ്. കാന്‍സര്‍, കിഡ്നി, ഹൃദയരോഗങ്ങള്‍, സ്ട്രോക്ക് എന്നിവ ബാധിച്ചിരുന്ന രോഗികള്‍ക്ക് കൊവിഡ് വരുന്നു. അവര്‍ മരിക്കാന്‍ കാരണം കൊവിഡാണ്. അല്ലെങ്കില്‍ കുറേ നാള് കൂടി ജീവിച്ചേനെ. മരണകാരണം കൊവിഡ് ആണെങ്കില്‍ അത് കൊവിഡ് മരണമായി പെടുത്തണമെന്ന് മാര്‍ഗരേഖയില്‍ കൃത്യമായി പറയുന്നുണ്ട്. ഇതൊന്നും ഉള്‍പ്പെടുത്തുന്നില്ല.
കൊവിഡ് വന്ന് മരിച്ചവരെ ‘ബ്രോട്ട് ഡെഡ്’ ആയി ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ പോസിറ്റീവായെങ്കില്‍ പിന്നെയെന്തിനാണ് ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയക്കുന്നത്? അതിന്റെ ആവശ്യമില്ല. കുഴഞ്ഞുവീണ് മരിച്ചവരെ പോസിറ്റീവാണെന്ന് കണ്ടിട്ടും ഉള്‍പ്പെടുത്തുന്നില്ല. ഹൃദയാഘാതവും സ്ട്രോക്കും കൊവിഡ് മൂലമുണ്ടാകുന്നുണ്ട്. രക്തം ഛര്ദ്ദിച്ചവരേയും തലച്ചോറില്‍ രക്തസ്രാവമുണ്ടായവരേയും ഉള്‍പ്പെടുത്തിയിട്ടില്ല. ഉദാഹരണമായി നിരവധി കേസുകളുണ്ട്.
ആലപ്പുഴ മെഡിക്കല്‍ കോളേജിലെ ഡോ. ബാബു 11-ാം ദിവസം നെഗറ്റീവായി. 40-ാം ദിവസം അദ്ദേഹം മരിച്ചു. അത് കൊവിഡ് മരണത്തില്‍ പെടുത്തുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഡോക്ടര്‍മാരുടെ സംഘടന ബഹളമുണ്ടാക്കി. ഒടുവില്‍ കൊവിഡ് മരണത്തില്‍ പെടുത്തേണ്ടി വന്നു.
പ്രതിപക്ഷത്തിന്റെ അഭ്യര്‍ത്ഥന ഇതാണ്. മരണ സ്ഥിരീകരണ മാനദണ്ഡം മാറ്റണം. ചികിത്സിക്കുന്ന ഡോക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഐസിഎംആര്‍ മാര്‍ഗരേഖയനുസരിച്ച് മരണകാരണം തീരുമാനിക്കണം. ഇവിടെയിരിക്കുന്ന ഒരു മാനേജ്മെന്റ് കമ്മിറ്റി അത് തീരുമാനിക്കേണ്ട. അവരെങ്ങനെ രോഗിയെ കാണാതെ മരണകാരണം നിര്‍ണയിക്കും? മൃതദേഹസംസ്കാര മാനദണ്ഡങ്ങളിലും മാറ്റം വരുത്തണം. മൃതശരീരത്തില്‍ നിന്ന് സ്വാബ് എടുത്ത് പരിശോധനയ്ക്ക് അയക്കുന്നതെല്ലാം എബോള പ്രോട്ടോക്കോള്‍ ആണ്. ലോകത്തെല്ലായിടത്തും എബോള പ്രോട്ടോക്കോള്‍ മാറി കൊവിഡ് പ്രോട്ടോക്കോള്‍ ആയി.”