‘ഗോവയില്‍ ആര് ജയിക്കുന്നുവോ, അവര്‍ രാജ്യവും ഭരിക്കും’; പി. ചിദംബരം

പനാജി: ഗോവയിലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ആര് വിജയിക്കുന്നുവോ അവര്‍ രാജ്യവും ഭരിക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം. സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് വിജയങ്ങളുടെ കണക്കുകളെ മുന്‍നിര്‍ത്തിയാണ് ചിദംബരത്തിന്റെ വാക്കുകള്‍. പനാജിയില്‍ കോണ്‍ഗ്രസിന്റെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ചരിത്രത്തെ കുറിച്ച് ഒരു കാര്യം പറയാം. ആരാണോ ഗോവയില്‍ വിജയിക്കുന്നത് അവര്‍ ഡല്‍ഹിയിലും വിജയിക്കും. 2007ല്‍ നമ്മള്‍( കോണ്‍ഗ്രസ്) ഗോവയില്‍ വിജയിച്ചു, 2009ല്‍ നമ്മള്‍ ഡല്‍ഹിയിലും വിജയിച്ചു. 2012ല്‍ നമ്മള്‍ ഗോവയില്‍ നിര്‍ഭാഗ്യവശാല്‍ പരാജയപ്പെട്ടു, 2014ല്‍ നമുക്ക് ഡല്‍ഹിയും നഷ്ടപ്പെട്ടു. 2017ല്‍ നമ്മള്‍ വിജയിച്ചു, പക്ഷെ നമ്മളുടെ എം.എല്‍.എമാര്‍ ഗോവ നഷ്ടപ്പെടുത്തി, ഡല്‍ഹിയിലും പരാജപ്പെട്ടു’, ഇതായിരുന്നു ചിദംബരത്തിന്റെ വാക്കുകള്‍.

‘2022ല്‍ ഗോവയില്‍ നമുക്ക് വിജയിക്കാന്‍ കഴിഞ്ഞാല്‍ നമുക്ക് 2024ല്‍ ഡല്‍ഹിയിലും വിജയിക്കാന്‍ കഴിയും. ധൈര്യത്തോടെയും ആത്മവിശ്വാസത്തോടെയും മുന്നോട്ട് പോയാല്‍ വിജയം നമ്മുടെതായിരിക്കും’, ചിദംബരം കൂട്ടിച്ചേര്‍ത്തു.

ഗോവ തെരഞ്ഞെടുപ്പ് ചൂടിലേക്ക് കടന്നുകഴിഞ്ഞു. തെരഞ്ഞെടുപ്പ് കാര്യങ്ങള്‍ ആലോചിക്കുന്നതിന് വേണ്ടി ബിജെപി നേതാവ് അമിത് ഷാ വ്യാഴാഴ്ച സംസ്ഥാനത്തെത്തുന്നുണ്ട്. കുറച്ച് ഔദ്യോഗിക യോഗങ്ങളിലും പാര്‍ട്ടി യോഗങ്ങളിലും അമിത് ഷാ പങ്കെടുക്കുമെന്ന് ഗോവയുടെ ഉത്തരവാദിത്വമുള്ള ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു.

തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറും ഈ ദിവസങ്ങളില്‍ ഗോവയിലുണ്ട്. രാഷ്ട്രീയ പ്രവേശന താല്‍പര്യമുള്ളവര്‍, പൗരസമൂഹ അംഗങ്ങള്‍, വ്യവസായികള്‍ ദിനപത്രങ്ങളുടെ എഡിറ്റര്‍മാര്‍ എന്നിവരുമായി പ്രശാന്ത് കിഷോര്‍ ചര്‍ച്ചകള്‍ നടത്തുന്നുണ്ട്.