‘പ്രസീതയെ കണ്ടോ ഇല്ലയോ എന്നതിലൊന്നും പ്രസക്തിയില്ല’; കുറ്റവാളി തൊണ്ടിസഹിതം പിടിക്കപ്പെടുമ്പോഴുള്ള വെപ്രാളമാണ് സുരേന്ദ്രന്റേതെന്ന് പി ജയരാജന്‍

കണ്ണൂര്‍: ഒരു കുറ്റവാളി തൊണ്ടി സഹിതം പിടിക്കപ്പെടുന്ന സാഹചര്യത്തില്‍ കാണിക്കുന്ന വെപ്രാളത്തിന്റെ ഭാഗമായാണ് ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ പ്രസ്താവനകളെന്ന് സിപിഐഎം നേതാവ് പി ജയരാജന്‍. ആര്‍ജെപി നേതാവ് പ്രസീതയുമായി താന്‍ കൂടിക്കാഴ്ച നടത്തിയെന്ന് കെ സുരേന്ദ്രന്‍ ആരോപിച്ചതിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

താന്‍ പ്രസീതയെ കണ്ടോ ഇല്ലയോ എന്നതിലൊന്നും പ്രസക്തിയില്ല. കെ സുരേന്ദ്രനെതിരായ ആരോപണത്തിലാണ് അന്വേഷണം വേണ്ടതെന്നും പി ജയരാജന്‍ പറഞ്ഞു.

ഇവിടെ ജാനുവിന്റെ പാര്‍ട്ടി ട്രഷററായ പ്രസീത ഗൗരവപരമായ ആക്ഷേപങ്ങളാണ് ഉയര്‍ത്തിയത്. വോയിസ് ക്ലിപ് മാധ്യമങ്ങളിലൂടെ പുറത്ത് വന്നു. അതിനാണ് സുരേന്ദ്രന്‍ മറുപടി നല്‍കേണ്ടത്. പ്രസീതയെ ആര് ബന്ധപ്പെട്ടു, ആര് കൂടിക്കാഴ്ച നടത്തിയെന്നെല്ലാം അപ്രസക്തമാണെന്നും പി ജയരാജന്‍ പറഞ്ഞു.

ഒരു കുറ്റവാളി തൊണ്ടി സഹിതം പിടിക്കപ്പെടുന്ന സാഹചര്യത്തില്‍ കാണിക്കുന്ന വെപ്രാളത്തിന്റെ ഭാഗമായാണ് ഇത്തരം പ്രസ്താവനകളൊക്കെ പുറത്തേക്ക് വരുന്നത്. തെളിവുകളുടെ അടിസ്ഥാനത്തില്‍ സുരേന്ദ്രനെ കുറ്റവാളിയായി തന്നെ ജനം കണക്കാക്കുന്നതെന്നും പി ജയരാജന്‍ പറഞ്ഞു.