ഫോബ്സ് മാഗസിന്റെ 202-ലെ ധനികരുടെ പട്ടിക വിശ്വസനീയമെങ്കിൽ ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെ എണ്ണം കഴിഞ്ഞ 12 മാസത്തിനിടയിൽ 102ൽ നിന്നും 140ആയി ഉയർന്നു. (കോടീശ്വരന്മാരുടെയും സമ്പത്തിന്റെയും കാര്യത്തിൽ ഫോബ്സിനെ അവിശ്വസിക്കേണ്ടതില്ലെന്നാണ്.) കണക്കുകൾ പ്രകാരം ഈ അതിസമ്പന്നരുടെ ആകെ സ്വത്ത് കഴിഞ്ഞ ഒരു വർഷത്തിനിടയിൽ “ഇരട്ടിയോളമാണ് വളർന്നത്, ഏതാണ്ട് 596 ബില്യൺ ഡോളർ. ” ജനസംഖ്യയുടെ 0.000014 മാത്രം വരുന്ന ഈ 140 പേരുടെ കൈവശമാണ് 2.62 ട്രില്യൺ ഡോളർ വരുന്ന രാജ്യത്തെ ‘മൊത്തം’ ആഭ്യന്തര ഉല്പാദനത്തിന്റെ 22.7 ശതമാനത്തിന് തുല്യമായ പണം കേന്ദ്രീകരിച്ചിരിക്കുന്നത്. ‘മൊത്തം’ എന്ന വാക്കിന്റെ അർത്ഥം തന്നെ മാറിപ്പോയി.
ഇത്തരം നേട്ടങ്ങൾക്ക് പൊതുവെ നൽകാറുള്ള അഭിനന്ദന സ്വരത്തിലാണ് ഒട്ടുമിക്ക ഇന്ത്യൻ മാധ്യമങ്ങളും ഫോബ്സ് പ്രഖ്യാപനത്തെ വാർത്തയാക്കിയത്. എന്നാൽ ഫോബ്സ് കാണിച്ച സത്യസന്ധതയും കൃത്യതയും ഇന്ത്യൻ മാധ്യമങ്ങൾ പരാമർശിക്കാതെ തന്നെ പോയി.
ഫോബ്സിന്റെ ആദ്യത്തെ ഖണ്ഡിക തന്നെ ഇപ്രകാരമാണ്: “ഒരിക്കൽ കൂടി കൊവിഡ് വ്യാപനം ഇന്ത്യയെ പിടിമുറുക്കിയിരിക്കുന്നു. ആകെ കൊവിഡ് കേസുകൾ 12 മില്ല്യൺ കടന്നു. എന്നാൽ രാജ്യത്തിൻറെ ഓഹരിക്കമ്പോളം പുതിയ റെക്കോർഡുകൾ തീർക്കുകയാണ്; ഓഹരി സൂചിക സെൻസെക്സ് കഴിഞ്ഞ വർഷത്തേക്കാൾ 75 ശതമാനം ഉയർന്നു. ഇന്ത്യൻ ശത കോടീശ്വരന്മാർ കഴിഞ്ഞ വർഷം 102 ആയിരുന്നത് ഇപ്പോൾ 140ൽ എത്തി. അവരുടെ ആകെ സ്വത്ത് 596 ബില്യൺ അമേരിക്കൻ ഡോളറും.”

അതെ, ഈ 140 അതിസമ്പന്നരുടെ സ്വത്ത് 90.4 ശതമാനാണ് ആകെ വളർന്നത്, എന്നാൽ ഈ കാലയളവിൽ രാജ്യത്തിൻറെ മൊത്ത ആഭ്യന്തര ഉത്പാദനം 7.7 ശതമാനം ചുരുങ്ങുകയാണുണ്ടായത്. വലിയ കൂട്ടങ്ങളായി, ജീവനോപാധികൾ നഷ്ട്ടപ്പെട്ട് കുടിയേറ്റ തൊഴിലാളികൾ വീണ്ടും പലായനം ചെയ്യുന്നതിന്റെ ദൃശ്യങ്ങൾക്കിടയിലാണ് ഈ നേട്ടങ്ങളുടെ വാർത്തകൾ നിറയുന്നത്. ഈ ജോലിനഷ്ടങ്ങൾ ജിഡിപിയെ ബാധിക്കില്ല, ശതകോടീശ്വരൻമാർക്ക് യാതൊരു തട്ടുകേടുണ്ടാക്കുകയുമില്ല. നമുക്ക് ഫോബ്സിന്റെ ഉറപ്പുണ്ട്.
“ഏറ്റവും മുകളിലുള്ളവരിലേക്ക് അഭിവൃദ്ധി കേന്ദ്രീകരിച്ചിരിക്കുന്നു,” എന്ന് ഫോബ്സ് വിശദീകരിക്കുന്നു. “ഏറ്റവും സമ്പന്നരായ മൂന്നുപേർ മാത്രം 100 ബില്യൺ ഡോളറാണ് പുതുതായി സമ്പാദിച്ചത്.” ഈ മൂന്നുപേരുടെ ആകെ സമ്പാദ്യം 153.5 ബില്യൺ ഡോളറാണ്, അതായത് ഈ പട്ടികയിലെ 140 പേരുടെ ആകെ സമ്പത്തിന്റെ 25 ശതമാനം. ഏറ്റവും മുകളിലുള്ള രണ്ടുപേരുടെ സമ്പാദ്യം കണക്കാക്കിയാൽ – അംബാനിയുടെ 84.5 ബില്യൺ ഡോളറും അദാനിയുടെ 50.5 ഡോളറും – 85.5 ബില്യൺ ഡോളർ ജിഡിപിയുള്ള പഞ്ചാബിനെക്കാളും 101 ബില്യൺ ഡോളർ ആഭ്യന്തര ഉദ്പാദനമുള്ള ഹരിയാനയെക്കാളും വളരെ ഉയരെയാണത്.
ഈ മഹാമാരിയുടെ ഒരു വർഷം മുകേഷ് അംബാനി സമ്പാദിച്ചത് 47.7 ബില്യൺ ഡോളറാണ്, ഓരോ സെക്കൻഡിലും ശരാശരി 1.13 ലക്ഷം രൂപ. അഞ്ചുപേരടങ്ങുന്ന ആറ് പഞ്ചാബി കർഷക കുടുംബത്തിന്റെ ശരാശരി മാസ വരുമാനം (18059 രൂപ) ഒന്നിച്ചെടുത്താൽ അതിനും മുകളിലാണ് അംബാനിയുടെ ഒരു സെക്കന്ഡിലെ സമ്പാദ്യം.

അംബാനിയുടെ ആകെ സമ്പത്ത് പഞ്ചാബിന്റെ മൊത്ത ആഭ്യന്തര ഉല്പാദനത്തിന് (ജി.എസ്.ഡി.പി) ഏതാണ്ട് തുല്യമാണ്. പുതിയ കാർഷിക നിയമങ്ങൾ പ്രാബല്യത്തിൽ വരുന്നതിന് മുൻപുള്ള കണക്കാണ് ഇത്. നിയമങ്ങൾ പൂർണമായി നടപ്പിലാക്കി കഴിയുമ്പോൾ അംബാനിയുടെ സമ്പത്ത് ഇനിയും കുമിഞ്ഞുകൂടും. ഒരു പഞ്ചാബി കർഷകന്റെ ആളോഹരി മാസ വരുമാനം 3450 രൂപ മാത്രമാണെന്ന് ഓർക്കണം.
മിക്ക പത്രങ്ങളും പി.ടി.ഐ വിതരണം ചെയ്ത വാർത്ത അതുപോലെ, അല്ലെങ്കിൽ നേരിയ വ്യത്യാസം വരുത്തി, പ്രസിദ്ധീകരിക്കുകയാണുണ്ടായത്. ഫോബ്സ് മുന്നോട്ടുവയ്ച്ച ബന്ധങ്ങളോ താരതമ്യങ്ങളോ ഒന്നും ഈ വാർത്തകളിൽ ഉണ്ടായിരുന്നില്ല. കൊവിഡ് എന്നോ കൊറോണ വൈറസ് എന്നോ മഹാമാരിയെന്നോ ഒരു വാക്കുപോലുമുണ്ടായിരുന്നില്ല പി.ടി.ഐ. പുറത്തുവിട്ട വാർത്തയിൽ. ഇന്ത്യയിലെ “ഏറ്റവും ധനികരായ പത്തുപേരിൽ രണ്ടാളുകളുടെ സാമ്പത്തിക സ്രോതസ് ആരോഗ്യ മേഖലയിൽ നിന്നാണെന്നും,” മഹാമാരിക്കാലത്ത് ലോകത്താകെ ആരോഗ്യ മേഖല ബിസിനസിന് വലിയ കുതിച്ചുചാട്ടം ഉണ്ടായെന്നും ഫോബ്സ് വ്യക്തമാക്കുന്നുണ്ട്. എന്നാൽ ഹെൽത്ത് കെയർ എന്നോ ആരോഗ്യ മേഖലയെന്നോ പി.ടി.ഐ. വാർത്തയിലോ മറ്റ് വാർത്തകളിലോ പരാമര്ശിക്കുന്നതുപോലുമില്ല.
ഫോബ്സ് പട്ടികയിലെ ആരോഗ്യപരിപാലന രംഗത്തെ 24 ശതകോടീശ്വരന്മാരിൽ മുകൾത്തട്ടിലെ പത്തുപേര് ചേർന്ന് 24.9 ബില്യൺ ഡോളറാണ് ഈ മഹാമാരിയുടെ ഒരു വർഷം സമ്പാദിച്ചത്. ഓരോ ദിവസവും ശരാശരി 5 ബില്യൺ രൂപയുടെ വരുമാനം. അവരുടെ മൊത്തം സമ്പത്ത് 75 ശതമാനം വർദ്ധിച്ച് 58.3 ബില്യൺ ഡോളറായി (4.3 ട്രില്യൺ രൂപ). കൊവിഡ് വർഗ്ഗവ്യത്യാസങ്ങൾക്കതീതമായി ബാധിക്കുന്നതാണെന്നും, സാമ്പത്തിക സമീകരണത്തിന് കാരണമാകുമെന്ന വാദങ്ങൾ ഓർക്കുന്നുണ്ടോ?

‘ഇന്ത്യയിൽ നിർമ്മിക്കുക, എവിടെ നിന്നും പണംവാരുക’ എന്ന പ്രമാണവാക്യ വക്താക്കളായ പണച്ചാക്കുകൾ ഫോബ്സ് പട്ടികയുടെ മുകൾത്തട്ടിലുണ്ട്. ഏറ്റവും മേലെ നിന്നും രണ്ട് സ്ഥാനം മാത്രം താഴെ. 140ൽ നോട്ടൗട്ടുമായി അമേരിക്കയും ചൈനയും കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ശതകോടീശ്വരന്മാരുള്ള രാജ്യമായി മാറിയിരിക്കുകയാണ് ഇന്ത്യ. വ്യാജ അവകാശവാദങ്ങളുമായി ജർമനിയും റഷ്യയും ഫോബ്സ് ലിസ്റ്റിൽ നമ്മെ പിന്തള്ളിയിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാൽ ഇത്തവണ അവർക്ക് കൃത്യമായ സ്ഥാനങ്ങൾ കാണിച്ചുകൊടുത്തു.
ഈ പണച്ചാക്കുകളുടെ 596 ബില്യൺ ഡോളർ സ്വത്ത് ഇന്ത്യൻ രൂപയിൽ ഏതാണ്ട് 44.5 ട്രില്യനാണ്. 75 റാഫേൽ കരാറുകളുടെ തുകക്ക് അൽപം മുകളിൽ. ഇന്ത്യയിൽ സാമ്പത്തിക നികുതി നിലവിലില്ല. 10 ശതമാനം നിരക്കിൽ നമ്മൾ അത് നടപ്പിലാകുകയാണെങ്കിൽ കുറഞ്ഞത് 4.45 ട്രില്യൺ രൂപയാണ് അതുവഴി സമാഹരിക്കാനാകുക. ഈ വർഷത്തെ വാർഷിക വിനിമയത്തിന്റെ നിരക്കിൽ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ആറ് വർഷത്തേക്ക് നടപ്പിലാക്കാൻ ഈ തുക മതിയാകും. ഈ ആറ് വർഷത്തിനിടയിൽ ഗ്രാമീണ മേഖലയിൽ 16.8 ബില്യൺ തൊഴിൽ ദിനങ്ങൾ ഉറപ്പുവരുത്താനും കഴിയുമായിരുന്നു. കൂട്ടം കൂട്ടമായി കുടിയേറ്റ തൊഴിലാളികൾ, ഒരു സമൂഹമെന്ന നിലയിൽ നമ്മോടുള്ള അവിശ്വാസം രേഖപ്പെടുത്തി, നഗരങ്ങളുപേക്ഷിച്ച് പോകുന്ന ഈ സന്ദർഭത്തിൽ മുൻപത്തേതിനേക്കാൾ ആ തൊഴിലുറപ്പ് ദിനങ്ങൾ നമുക്ക് അത്യാവശ്യവുമായിരുന്നു.
ഈ 140 മഹത്തുക്കൾക്ക് തങ്ങളുടെ ചങ്ങാതികളിൽ നിന്നും സഹായവും ലഭിച്ചു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി അതിവേഗം കുറഞ്ഞുവന്ന കോർപറേറ്റ് നികുതിയിൽ 2019 ആഗസ്റ്റിന് ശേഷം വലിയ ഇളവുകൾ പ്രഖ്യാപിക്കപ്പെട്ടു.
ഇതിനോട്ഈ ചേർത്തുവായിക്കേണ്ട ചിലതുണ്ട്. മഹാമാരിയുടെ വർഷം ഒരു നയാപൈസയുടെ ഇളവുകൾ പോലും താങ്ങുവിലയുടെ രൂപത്തിൽ കഷകർക്ക് നൽകിയില്ല, തൊഴിലാളികളെ 12 മണിക്കൂർ തുടർച്ചയായി പണിയെടുപ്പിക്കാൻ അനുവദിക്കുന്ന ഓർഡിനൻസ് പുറത്തിറക്കി, ചില സംസ്ഥാനങ്ങളിൽ അധികസമയ വേതനം പോലും ഇല്ല; പ്രകൃതി വിഭവങ്ങളും പൊതു സ്വത്തുക്കളും അതി സമ്പന്ന കോർപറേറ്റുകൾക്ക് കൈമാറി. ഭക്ഷ്യധാന്യങ്ങളുടെ ‘കരുതൽ ശേഖരം’ ഈ ഒരു വർഷത്തിനിടെ ഒരു ഘട്ടത്തിൽ 104 മില്യൺ ടൺ ആയിരുന്നു. എന്നാൽ ജനങ്ങൾക്ക് ആറുമാസത്തേക്ക് സൗജന്യമായി ‘വിതരണം’ ചെയ്തത് അഞ്ചു കിലോ അരിയോ ഗോതമ്പോ കൂടെ ഒരു കിലോ പയര് വർഗ്ഗങ്ങളും മാത്രമായിരുന്നു. അത് തന്നെ ആവശ്യക്കാരിലെ വലിയൊരു വിഭാഗത്തെ ഒഴിവാക്കിക്കൊണ്ടുള്ള ദേശീയ ഭക്ഷ്യ സുരക്ഷാ നിയമപ്രകാരം ‘യോഗ്യരായവർക്ക്’ മാത്രമാണ്. ആളുകൾ പതിറ്റാണ്ടുകളായി അനുഭവിച്ചതിനേക്കാൾ വലിയ പട്ടിണി നേരിട്ട ഒരു വർഷമാണ് ഇത് സംഭവിച്ചതെന്നോർക്കണം.

ഇത്തരത്തിലുള്ള സാമ്പത്തിക കുതിച്ചുകയറ്റം സാധാരണ ദുരിതങ്ങളെ ഭക്ഷണമാക്കി തന്നെയാണ് സംഭവിക്കുക. ഇത് മഹാമാരിയുടെ വിഷയത്തിൽ മാത്രവുമല്ല കാണാനാകുക. ദുരന്തങ്ങൾ വിസ്മയകരമായ കച്ചവടകാലമാണ്. സമൂഹത്തിന്റെ കെടുതികളിൽ നിന്നും എല്ലായിപ്പോഴും പണമുണ്ടാക്കിയിട്ടുണ്ട്. ഫോബ്സ് വിശ്വസിക്കുന്നതിന് വിരുദ്ധമായി ഈ ധനികർ “മഹാമാരിയുടെ ഭീതിയെ ” മറികടക്കുകയായിരുന്നില്ല, മറിച്ച് അതിന്റെ തിരകളുടെ തലപ്പത്തിരുന്ന് അതിഗംഭീരമായി സവാരിചെയ്യുകയായിരുന്നു. ലോകത്താകെ മഹാമാരി കാരണമായി ആരോഗ്യസംരക്ഷണ രംഗത്ത് വലിയ അഭിവൃദ്ധിയുണ്ടായി എന്ന ഫോബ്സ് വാദം കൃത്യമാണ്. എന്നാൽ ദുരിതങ്ങളുടെ സ്വഭാവമനുസരിച്ച് ഈ കുതിപ്പ് ഏത് രംഗത്തും ഉണ്ടാകാം.
2004 ഡിസംബറിലെ സുനാമിക്ക് ശേഷം അവ തകർത്തെറിഞ്ഞ രജ്യങ്ങളിൽ ഉൾപ്പടെ ഓഹരി കമ്പോളങ്ങളിൽ വലിയ ഉയർച്ചയാണ് രേഖപ്പെടുത്തിയിരുന്നത്. ദശലക്ഷക്കണക്കിനു വീടുകളും, ബോട്ടുകളും സമൂഹത്തിലെ താഴേക്കിടയിലുള്ളവരുടെ സകലതും നശിച്ചിരുന്നു. ഒരു ലക്ഷത്തിൽ പരം ജീവഹാനിയുണ്ടായ ഇന്തോനേഷ്യയിൽ ജക്കാർത്ത കോമ്പോസിറ്റ് ഇൻഡക്സ് മുൻകാല റെക്കോർഡുകൾ തകർത്ത് പുതിയ ഉയരത്തിലെത്തി. സമാനമായിരുന്നു നമ്മുടെ സെൻസെക്സും. നിർമാണ മേഖലയിലും അനുബന്ധ വിഭാഗങ്ങളിലുമായിട്ടായിരുന്നു അക്കാലത്ത് ഡോളറും രൂപയുമൊഴുകിയത്.
ഇപ്പോൾ ആരോഗ്യമേഖലയും സാങ്കേതിക മേഖലയും, വിശേഷിച്ച് സോഫ്ട്വെയർ സേവനങ്ങളുമാണ് ഏറ്റവും നേട്ടമുണ്ടാക്കിയത്. ഫോബ്സ് ലിസ്റ്റിലെ ഏറ്റവും വലിയ പത്ത് ഇന്ത്യൻ ടെക് ഭീമന്മാർ 12 മാസംകൊണ്ട് 22.8 ബില്യൺ ഡോളറാണ് സമ്പാദിച്ചത്. അതായത് ഓരോ ദിവസസും ഏതാണ്ട് 4.6 ബില്യൺ രൂപ. ഇവരുടെ ആകെ സമ്പാദ്യം ഈ കാലയളവുകൊണ്ട് 77 ശതമാനം വർധിച്ച് 52.4 ബില്യൺ ഡോളറിലെത്തി. ലക്ഷക്കണക്കിന് ദരിദ്ര വിദ്യാർഥികൾക്ക്, പ്രത്യേകിച്ച് സർക്കാർ സ്കൂളുകളിൽ പഠിക്കുന്നവർക്ക്, വിദ്യാഭ്യാസം തന്നെ അന്യമായപ്പോൾ, ഓൺലൈൻ വിദ്യാഭ്യാസത്തിലൂടെ പണമുണ്ടാക്കിയവരുമുണ്ട്. 39 ശതമാനം വളർച്ച നേടി ബൈജു രവീന്ദ്രന്റെ സ്വത്ത് 2.5 ബില്യൺ ഡോളറായി, അതായത് 187 ബില്യൺ ഇന്ത്യൻ രൂപ.
മറ്റു ലോകരാജ്യങ്ങൾക്ക് അവരുടെ സ്ഥാനങ്ങൾ നമ്മൾ കാട്ടിക്കൊടുത്തെന്ന് പറയുന്നതിൽ തെറ്റില്ല. നമ്മളുടെ സ്ഥാനം എവിടെയാണെന്ന് ഇപ്പോൾ നമുക്കും കാണിച്ചു തരുന്നുണ്ട്. ഐക്യരാഷ്ട്ര സഭയുടെ 189 രാജ്യങ്ങളുടെ മാനവ ശേഷി വികസന സൂചികയിൽ 131-ാമതാണ് ഇന്ത്യയുടെ സ്ഥാനം. എൽ സാൽവദോർ, തജികിസ്താൻ, കാബോ വർദി, ഗ്വാട്ടിമാല, നികാരഗ്വാ, ഭൂട്ടാൻ, നമീബിയ ഉൾപ്പടെയുള്ള രാജ്യങ്ങൾ സൂചികയിൽ നമുക്ക് മുകളിലാണ്. ഞാൻ കരുതുന്നത് നമ്മെ താഴ്തിത്തിക്കെട്ടാനുള്ള ആഗോള ഗൂഢാലോചനയെക്കുറിച്ചുള്ള ഉന്നതതല അന്വേഷണ ഫലം വരുന്നതവരെ നമ്മൾ കാത്തിരിക്കണം എന്നാണ്.
മുതിർന്ന മാധ്യമ പ്രവർത്തകൻ പി. സായ്നാഥ് പീപ്പിൾസ് ആർകൈവ് ഓഫ് റൂറൽ ഇന്ത്യയിൽ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ.
ചിത്രങ്ങൾ: പീപ്പിൾ ആർകൈവ് ഓഫ് റൂറൽ ഇന്ത്യ, വര: അന്ദര രാമൻ