‘വീണയ്ക്കും വേദനകള്‍ ഉണ്ടാകാറുണ്ട്’; ജീവനുള്ള മനുഷ്യന്റെ പച്ചയിറച്ചി കടിച്ചു തിന്നുന്നതിനേക്കാള്‍ വേദനിപ്പിക്കുന്ന പ്രചരണങ്ങളുണ്ടായെന്ന് മുഹമ്മദ് റിയാസ്

തന്നേയും കുടുംബത്തേയും ചേര്‍ത്ത് എതിരാളികള്‍ നടത്തിയ പ്രചരണങ്ങള്‍ വലിയ വേദനയുണ്ടാക്കിയെന്ന് നിയുക്ത മന്ത്രി പി എ മുഹമ്മദ് റിയാസ്. അസത്യങ്ങളും അസംബന്ധങ്ങളുമാണ് പ്രചരിക്കപ്പെട്ടതെന്ന് ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് പറഞ്ഞു. ഏതൊരു മനുഷ്യനും ജീവിക്കുന്ന സമയത്ത് അവന്റെ പച്ചയിറച്ചി കടിച്ചു തിന്നുമ്പോഴുണ്ടാകുന്ന വേദനയേക്കാള്‍ വേദനയെടുക്കുന്ന പ്രചരണങ്ങളുണ്ടായി. എല്ലാ രീതിയിലുള്ള വ്യക്തിഹത്യകളും കുറേ കാലമായി നേരിട്ട് കൊണ്ടിരിക്കുകയാണ്. അതില്‍ ഒരിക്കലും പ്രയാസപ്പെടേണ്ടതില്ല. സ്വാഭാവികമായും ചില കാര്യങ്ങള്‍ കേള്‍ക്കുമ്പോള്‍ മനസിനകത്ത് വിഷമം ഉണ്ടാകും അതിനോട് പ്രതികരിക്കാത്തതാണ് നല്ലതെന്നും റിയാസ് പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ഡിവൈഎഫ്‌ഐ നേതാവിന്റെ പ്രതികരണം.

ഭാര്യ വീണയ്ക്ക് പ്രയാസമുണ്ടായിട്ടുണ്ട്. കാരണം ഒരു സ്ത്രീയെ എങ്ങനെയൊക്കെ ആക്രമിക്കാന്‍ വേണ്ടി പറ്റുമോ അങ്ങനെയൊക്കെ ആക്രമിച്ചു. അസംബന്ധങ്ങള്‍ പ്രചരിപ്പിച്ചു. മൗനം പാലിക്കുക എന്ന നിലപാടാണ് അവരും എടുത്തിട്ടുള്ളത്.

പി എ മുഹമ്മദ് റിയാസ്

വിവാഹം കഴിച്ചിട്ട് ഒരു വര്‍ഷം കഴിഞ്ഞു. ഭരണസിരാകേന്ദ്രങ്ങളില്‍ ഞാന്‍ ഏതെങ്കിലും തരത്തിലുള്ള ഇടപെടല്‍ നടത്തിയിരുന്നെങ്കില്‍ വലിയ വാര്‍ത്തയായേനെ. അനാവശ്യമായി ഒരു കാര്യത്തിലും ഇടപെടാത്ത വ്യക്തിയാണ് വീണ. രാഷ്ട്രീയ കാര്യങ്ങള്‍ വളരെ കൃത്യമായി മനസിലാക്കും. വീണയുമായി രാഷ്ട്രീയം ചര്‍ച്ച ചെയ്യാറുണ്ട്. അപവാദ പ്രചരണങ്ങള്‍ സഹിക്കുന്ന കാര്യത്തില്‍ ഭാര്യ മാതൃകയാണ്. വളരെ മാതൃകാപരമായാണ് വീണ ഇടപെട്ടിട്ടുള്ളത്. ഞാന്‍ തന്നെ അത്ഭുതപ്പെട്ടുപോയിട്ടുണ്ട്. പൊട്ടിത്തെറിക്കാതെ, പൊട്ടിക്കരയാതെ, പ്രതികരിക്കാതെ വളരെ പക്വതയോടെയുള്ള നിലപാടാണ് അവര്‍ എടുത്തിട്ടുള്ളതെന്നും റിയാസ് പറഞ്ഞു.

മുഹമ്മദ് റിയാസ് പറഞ്ഞത്

“വിമര്‍ശനങ്ങളൊന്നും എനിക്ക് പുത്തരിയല്ല. കുറേ കാലമായി പലരീതിയിലും പല വിമര്‍ശനങ്ങളും കേള്‍ക്കുന്നുണ്ട്. അസംബന്ധങ്ങളാണ് അധികവും. അസത്യങ്ങളും അസംബന്ധങ്ങളും ഏതൊക്കെ രീതിയില്‍ പ്രചരിപ്പിക്കാന്‍ പറ്റുമോ അതൊക്കെ നടത്തിയിട്ടുണ്ട്. എല്ലാ രീതിയിലുള്ള വ്യക്തിഹത്യകളും കുറേ കാലമായി നേരിട്ട് കൊണ്ടിരിക്കുകയാണ്. അതില്‍ ഒരിക്കലും പ്രയാസപ്പെടേണ്ടതുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. സ്വാഭാവികമായും ചില കാര്യങ്ങള്‍ കേള്‍ക്കുമ്പോള്‍ മനസിനകത്ത് വിഷമം ഉണ്ടാകും അതിനോട് പ്രതികരിക്കാത്തതാണ് നല്ലത്.

ഇത്തരം അസംബന്ധങ്ങള്‍ പറയുന്നവര്‍ക്കും, ഈ ജനാധിപത്യസമൂഹത്തില്‍ അത് പറയുന്നവര്‍ക്ക് അവരുടെ നിലവാരത്തില്‍ പറയാനുള്ള അവകാശമുണ്ട്. അത് പറയട്ടെ. എന്നാല്‍ അത് വിശ്വസിക്കണോ വേണ്ടയോയെന്ന് തീരുമാനിക്കാന്‍ ജനങ്ങള്‍ക്കും അവകാശമുണ്ട്. എന്തൊക്കെ പ്രചരണങ്ങളാണ് ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ നടത്തിയത്? പറഞ്ഞുപറഞ്ഞുപോയ എന്തെല്ലാം കാര്യങ്ങള്‍.

ഏതൊരു മനുഷ്യനും ജീവിക്കുന്ന സമയത്ത് അവന്റെ പച്ചയിറച്ചി കടിച്ചു തിന്നുമ്പോഴുണ്ടാകുന്ന വേദനയേക്കാള്‍ വേദനയെടുക്കുന്ന പ്രചരണങ്ങളുണ്ടായിരുന്നു. പക്ഷെ, അതിന് മറുപടി പറയാനോ ഒന്നും പോകാതെ ജനങ്ങള്‍ മെയ് 2 ന് മറുപടി പറയും എന്ന നിലപാടാണ് എടുത്തത്. ജനങ്ങള്‍ക്ക് എല്ലാം അറിയാം. ഓരോരുത്തരും ഏത് കാലത്ത് രാഷ്ട്രീയത്തില്‍ വന്നതാണ്. അവരുടെ ജീവിതശൈലി എന്താണ്. അവരുടെ രാഷ്ട്രീയ പ്രവര്‍ത്തന പാരമ്പര്യമെന്താണ്, എന്നൊക്കെ അവര്‍ക്കറിയാം. ആരെങ്കിലും എന്തെങ്കിലുമൊക്കെ വിളിച്ചുപറഞ്ഞോട്ടെ. വിളിച്ചുപറയുന്നവര്‍ക്ക് മനസിന് ഒരു സുഖമായിരിക്കും. അതൊന്നും ജനം സ്വീകരിക്കില്ല. നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണിയപ്പോള്‍ 14,363 വോട്ട് ഭൂരിപക്ഷമുണ്ടായിരുന്നതാണ് 28,747 ആയത്.

ബേപ്പൂര്‍ ഉറച്ച മണ്ഡലമാണെന്ന് പറയും. 2006ന് ശേഷം ഒളവണ്ണയെന്ന പഞ്ചായത്ത് ആ മണ്ഡലത്തില്‍ നിന്ന് പോയി. ആറായിരത്തോളം വോട്ടിന്റെ ലീഡ് എല്‍ഡിഎഫിനുള്ള മണ്ഡലമാണ്. രണ്ട് മുനിസിപ്പാലിറ്റികള്‍ യുഡിഎഫ് ഭരിക്കുന്നു. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബേപ്പൂരില്‍ യുഡിഎഫിന് 10,000 വോട്ടിന്റെ ലീഡുണ്ടായിരുന്നു. അങ്ങനെയൊരു മണ്ഡലത്തിലെ ജനങ്ങളാണ് 14,000ല്‍ നിന്നും 28,000ലേക്ക് എത്തിച്ചത്. അസംബന്ധങ്ങളും പ്രചരണങ്ങളും വ്യക്തിഹത്യകളും നേരെ തിരിച്ചടിച്ചു. എനിക്കെതിരെ മാത്രമല്ല. ഏത് വ്യക്തിയായാലും സ്ഥാനാര്‍ത്ഥിയായാലും മുന്നണിയായാലും വ്യക്തിപരമായ അസംബന്ധ പ്രചരണങ്ങള്‍ ഈ കാലത്ത് ജനങ്ങള്‍ അത് സ്വീകരിക്കില്ല. അത് അവര്‍ക്ക് ഇഷ്ടമല്ല. രാഷ്ട്രീയത്തെ രാഷ്ട്രീയമായി നേരിടുക. വികസനത്തേക്കുറിച്ച് പറയുക.

ഇതിനൊടൊപ്പം നമ്മള്‍ വ്യക്തിശുദ്ധിയുള്ളവരായിരിക്കണം. വ്യക്തിപരമായി നല്ല രീതിയില്‍ ജീവിക്കുന്നവരായിരിക്കണം. നല്ല രീതിയില്‍ മുന്നോട്ടുപോകുന്നവരായിരിക്കണം.

പ്രത്യേകം ഫോക്കസ് ചെയ്ത് നോക്കാനും നമ്മുടെ ഓരോ ചലനത്തേക്കുറിച്ചും മനസിലാക്കി എങ്ങനെയാണെന്ന് നോക്കി ആക്രമിക്കാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട്. അത് നടത്തട്ടെ. അതില്‍ പ്രശ്‌നമൊന്നുമില്ല. മറ്റ് ബന്ധങ്ങളൊക്കെ ഇപ്പോള്‍ വന്നതാണല്ലോ. ആ ബന്ധങ്ങള്‍ വന്നതിന് ശേഷം തന്നെ ഒരു വര്‍ഷക്കാലം രാഷ്ട്രീയ പ്രവര്‍ത്തന രംഗത്ത് ഉണ്ടായിട്ടുണ്ട്, വിവാഹത്തിന് ശേഷം. വ്യക്തിപരമായി ഏതെങ്കിലും തരത്തില്‍ ഭരണസിരാകേന്ദ്രത്തിലോ മറ്റെവിടെയെങ്കിലുമോ ഇടപെട്ടിരുന്നെങ്കില്‍ എന്തായിരിക്കും അതിന്റെ വാര്‍ത്ത എന്ന് നിങ്ങള്‍ക്ക് എല്ലാവര്‍ക്കുമറിയാം. ഒരു തരത്തിലും അങ്ങനെ ഇടപെടാത്ത ആളാണെന്ന് ഞാനെന്ന് എല്ലാവര്‍ക്കുമറിയാം. ഇടപെട്ടിരുന്നെങ്കില്‍ എത്ര കഥകള്‍ പ്രചരിച്ചേനെ.

ഞാന്‍ ചെറുപ്പം മുതല്‍ ഇതൊക്കെ കണ്ടതാണ്. എന്റെ പിതാവ് ഒരു ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനായിരുന്ന കാലത്ത് തന്നെ ഇത്തരം അധികാര കാര്യങ്ങളില്‍ ഒരു തരത്തിലും കുടുംബമെന്ന തരത്തില്‍ വീഴാതിരിക്കാന്‍ ശ്രമിച്ചിരുന്നു. വീട്ടില്‍ നിന്നും എന്റെ തന്നെയുമായ ട്രെയിനിങ്ങ് ഉണ്ടായിരുന്നു. അതുകൊണ്ട് ഇതിലൊന്നും വീഴും എന്നെനിക്ക് തോന്നുന്നില്ല. ഇപ്പോള്‍ പാര്‍ട്ടി ഒരു ഉത്തരവാദിത്തം ഏല്‍പിച്ചു. അതെന്തോ വലിയ സംഭവമാണെന്ന് തോന്നുന്നില്ല. കുറച്ചുകാലമേയുള്ളൂ. നാളെ വേറെ എന്തെങ്കിലും ചുമതല ഏല്‍പിക്കും. നാളെ അത് ചെയ്യുക.

അവര്‍ക്ക് നല്ല വേദനയൊക്കെ ഉണ്ടാകാറുണ്ട്. ഭാര്യ വീണയ്ക്ക് പ്രയാസമുണ്ടായിട്ടുണ്ട്. കാരണം ഒരു സ്ത്രീയെ എങ്ങനെയൊക്കെ ആക്രമിക്കാന്‍ വേണ്ടി പറ്റുമോ അങ്ങനെയൊക്കെ ആക്രമിച്ചു. അസംബന്ധങ്ങള്‍ പ്രചരിപ്പിച്ചു. മൗനം പാലിക്കുക എന്ന നിലപാടാണ് അവരും എടുത്തിട്ടുള്ളത്. ഏതെല്ലാം രീതിയില്‍..എന്റെ രണ്ട് മക്കളെ എല്ലാ ദിവസവും ഞാന്‍ ഫോണില്‍ വിളിക്കും. ഒപ്പമുണ്ടാകുമ്പോള്‍ കൂട്ടുകാരേപ്പോലെ കളിക്കും. ആ മക്കളുമായി എനിക്ക് ഒരു പരിചയവും ബന്ധവുമില്ലായെന്ന് വരെ പ്രചരണമുണ്ടായി. അതൊക്കെ വേദനയുണ്ടാക്കും. മക്കളേക്കുറിച്ചാണല്ലോ പറയുന്നത്. അമേരിക്കന്‍ പ്രസിഡന്റിനാണെങ്കിലും വേദനയുണ്ടാക്കും. മനുഷ്യനാണല്ലോ. അത് സഹിക്കുക. ഭാര്യയും അത് സഹിക്കുന്ന കാര്യത്തില്‍ മാതൃകയാണ്. വളരെ മാതൃകാപരമായാണ് വീണ ഇടപെട്ടിട്ടുള്ളത്. ഞാന്‍ തന്നെ അത്ഭുതപ്പെട്ടുപോയിട്ടുണ്ട്. പൊട്ടിത്തെറിക്കാതെ, പൊട്ടിക്കരയാതെ, പ്രതികരിക്കാതെ വളരെ പക്വതയോടെയുള്ള നിലപാടാണ് അവര്‍ എടുത്തിട്ടുള്ളത്. അതൊക്കെയുണ്ടാകും. അതിനെ സമചിത്തതയോടെ നേരിടുക. കാലം അതിന്റെ വസ്തുതകള്‍ തെളിയിക്കും.

അനാവശ്യമായി ഒരു കാര്യത്തിലും ഇടപെടാത്ത വ്യക്തിയാണ് വീണ. രാഷ്ട്രീയ കാര്യങ്ങള്‍ വളരെ കൃത്യമായി മനസിലാക്കും. അതില്‍ അവരുടെ നിലപാട് ചര്‍ച്ച ചെയ്യുന്ന സ്ഥിതിയുമുണ്ട്. കുടുംബത്തിലാണെങ്കില്‍ എന്റെ വാപ്പ, ഉമ്മ, എല്ലാവരും കാര്യങ്ങള്‍ നേരിട്ട് ചോദിച്ച് മനസിലാക്കും. എന്റെ ഇളയ മകന്‍ അയാന്‍ എന്നോട് സംസാരിക്കുന്നതിനേക്കാള്‍ കൂടുതല്‍ അവരോടാണ് സംസാരിക്കുന്നത്. ഇഷാനുമായി നല്ല ബന്ധമാണ്. എന്തുവന്നാലും ഒരു പ്രശ്‌നവുമുണ്ടാകില്ല എന്ന് ഞങ്ങള്‍ക്കുറപ്പാണ്.”