‘ഞാന്‍ പറഞ്ഞതില്‍ തെറ്റില്ല, കരാറുകാരുടെ കൂടെ എം.എല്‍.എമാര്‍ വരരുത്’; വിമര്‍ശനങ്ങള്‍ക്കിടയിലും നിലപാട് വ്യക്തമാക്കി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: സി.പി.ഐ.എം നിയമസഭാ കക്ഷി യോഗത്തില്‍ താന്‍ ഖേദം പ്രകടിപ്പിച്ചിട്ടില്ലെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. താന്‍ പറഞ്ഞതില്‍ തെറ്റില്ലെന്നും കരാറുകാരുടെ കൂടെ എം.എല്‍.എമാര്‍ വരരുതെന്നും അദ്ദേഹം പറഞ്ഞു.

എം.എല്‍.എമാരുടെ യോഗത്തില്‍ ഖേദം രേഖപ്പെടുത്തിയിട്ടില്ല. താന്‍ പറഞ്ഞതില്‍ നിന്ന് ഒരടി പുറകോട്ട് പോയിട്ടില്ല. മന്ത്രിയെന്ന നിലയില്‍ ഇടതുപക്ഷ നയവും നിലപാടുമാണ് നടപ്പാക്കുന്നതെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.

ചില കരാറുകാരും ചില ഉദ്യോഗസ്ഥരും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ടുണ്ട്. ചില കരാറുകാര്‍ക്ക് ഉദ്യോഗസ്ഥര്‍ സഹായം നല്‍കുന്നു. കരാറുകാര്‍ തെറ്റായ നിലപാട് സ്വീകരിച്ചാല്‍ അംഗീകരിക്കാനാവില്ലെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.

കഴിഞ്ഞ ദിവസം നിയമസഭാ സമ്മേളനം നടക്കുന്നതിനിടെ ചോദ്യോത്തര വേളയിലായിരുന്നു എം.എല്‍.എമാരോടായി റിയാസ് കരാറുകാരുമായുള്ള ബന്ധത്തെ കുറിച്ച് സൂചിപ്പിച്ചത്. ‘കരാറുകാര്‍ എം.എല്‍.എമാരുടെ ശുപാര്‍ശയുമായി മന്ത്രിയെ കാണാന്‍ വരുന്ന സ്ഥിതിയുണ്ടാകാന്‍ പാടില്ല. അത് ഭാവിയില്‍ പല ദോഷങ്ങള്‍ക്കും കാരണമാവും’, റിയാസ് പറഞ്ഞതിങ്ങനെയാണ്. ഇത് ചൂണ്ടിക്കാട്ടിയാണ് സി.പി.ഐ.എം എം.എല്‍.എമാര്‍ മന്ത്രിക്കെതിരെ തിരിഞ്ഞതെന്നാണ് റിപ്പോര്‍ട്ടുകള്‍.

മന്ത്രിയുടെ സഭയിലെ പരാമര്‍ശം ജനപ്രതിനിധികളെക്കുറിച്ച് തെറ്റിദ്ധാരണയുണ്ടാക്കുന്നതാണെന്ന് നിയമസഭാ കക്ഷിയോഗത്തില്‍ പാര്‍ട്ടി എം.എല്‍.എമാര്‍ ആരോപിച്ചുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. തലശ്ശേരി എം.എല്‍.എ എ.എന്‍ ഷംസീറാണ് വിമര്‍ശനങ്ങള്‍ക്ക് തുടക്കമിട്ടത്. പിന്നീട് സംസാരിച്ച അഴീക്കോട് എം.എല്‍.എ കെ.വി സുമേഷും കഴക്കൂട്ടം എം.എല്‍.എ കടകംപള്ളി സുരേന്ദ്രനും ഇക്കാര്യം ശരിവെച്ച് മന്ത്രിക്കെതിരെയുള്ള വിമര്‍ശനം കനപ്പിച്ചു. മണ്ഡലത്തിലെ വികസന കാര്യങ്ങളുമായി ബന്ധപ്പെട്ട് എം.എല്‍.എമാര്‍ക്ക് കരാറുകാരുമായി ബന്ധപ്പെടേണ്ടി വരുന്നത് സ്വാഭാവികമാണ്. ചിലപ്പോള്‍ അവരുമായി മന്ത്രിമാരെ കാണേണ്ടതായും വരുമെന്നും ഇവര്‍ ചൂണ്ടിക്കാട്ടി. അതിനെ തെറ്റായി ചിത്രീകരിക്കുന്ന പരാമര്‍ശങ്ങള്‍ നിയമസഭയില്‍ വെച്ചുണ്ടാവാന്‍ പാടില്ലായിരുന്നെന്നും എം.എല്‍.എമാര്‍ വിമര്‍ശിച്ചു.