‘തീരുമാനം എടുക്കാന്‍ കഴിയാത്തവരാണ് കോണ്‍ഗ്രസുകാര്‍ എന്ന് പറയിപ്പിക്കരുത്’; കെപിസിസി പ്രസിഡണ്ടിനെ പെട്ടെന്ന് നിയമിക്കണമെന്ന് പത്മജ വേണുഗോപാല്‍

തൃശ്ശൂര്‍; കെപിസിസി പ്രസിഡണ്ടിനെ എത്രയും പെട്ടെന്ന് നിയമിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് പത്മജ വേണുഗോപാല്‍. ഇങ്ങിനെ മാധ്യമങ്ങളില്‍ വലിച്ചിഴക്കാതെ എന്ത് തീരുമാനമായാലും പെട്ടെന്ന് എടുക്കണമെന്നും പത്മജ ആവശ്യപ്പെട്ടു.

തീരുമാനം എടുക്കാന്‍ കഴിയാത്തവര്‍ ആണ് കോണ്‍ഗ്രസുകാര്‍ എന്ന് ഇനിയും പറയിപ്പിക്കാതെ ഇരിക്കുക. പുതിയ പ്രതിപക്ഷ നേതാവ് വന്നപ്പോള്‍ ആളുകള്‍ക്ക് ഉണ്ടായ ആത്മവിശ്വാസം കളയാതെ ഇരിക്കണമെന്നും പത്മജ പറഞ്ഞു.

പ്രതിപക്ഷ നേതാവായി വിഡി സതീശനെ തെരഞ്ഞെടുത്തതിന് പിന്നാലെ തന്നെ പുതിയ കോണ്‍ഗ്രസ് അധ്യക്ഷനെ കണ്ടെത്തുന്ന നടപടികളിലേക്ക് ഹൈക്കമാന്‍ഡ് കടന്നതാണ്. എങ്കിലും ഇപ്പോഴും ആരാവണം അധ്യക്ഷന്‍ എന്നതില്‍ ആശയക്കുഴപ്പത്തിലാണ് ഹൈക്കമാന്‍ഡ്.

നിയമസഭ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് തോല്‍വിയെ കുറിച്ച് പഠിക്കാന്‍ നിയോഗിച്ച അശോക് ചവാന്‍ സമിതി അധ്യക്ഷ സ്ഥാനത്തേക്ക് ആരുടെയും പേര് മുന്നോട്ട് വെക്കാത്തതും ഹൈക്കമാന്‍ഡിനെ പ്രശ്‌നത്തിലാക്കി. അണികളുടെ വിശ്വാസം നേടാന്‍ നേതൃത്വത്തിനായില്ലെന്നാണ് സമിതിയുടെ വിലയിരുത്തല്‍.

ഈ സാഹചര്യത്തില്‍ കേരളത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി താരിഖ് അന്‍വര്‍ അടുത്തയാഴ്ച കേരളത്തിലെത്തും. മുതിര്‍ന്ന നേതാക്കളെയും ഭാരവാഹികളെയും കണ്ട് നിലപാട് ആരായും. എത്രയും പെട്ടെന്ന് തന്നെ അധ്യക്ഷനെ പ്രഖ്യാപിക്കാനാണ് ഹൈക്കമാന്‍ഡ് ആഗ്രഹിക്കുന്നത്.

നേതാക്കളില്‍ കെ സുധാകരനാണ് പ്രവര്‍ത്തകരുടെ പിന്തുണയുള്ളതെന്നാണ് ഹൈക്കമാന്‍ഡ് വിലയിരുത്തല്‍. കെ സുധാകരന്റെ പേരാണ് ഹൈക്കമാന്‍ഡിന് മുന്നില്‍ കൂടുതല്‍ പേരും നിര്‍ദേശിച്ചത്. എന്നാല്‍ കെ സുധാകരനെ ഒരു വിഭാഗം എതിര്‍ക്കുന്നു.

സുധാകരന്റെ ശൈലി ഭാവിയില്‍ പാര്‍ട്ടിക്ക് ക്ഷീണം ചെയ്യുന്നതാണെന്ന് ഈ വിഭാഗം ആരോപിക്കുന്നു. ഈ വിഭാഗം അടൂര്‍ പ്രകാശിന്റെയും കെ ബാബുവിന്റെയും പേരാണ് നിര്‍ദേശിക്കുന്നത്. കൊടിക്കുന്നില്‍ സുരേഷിന്റെ പേരും പരിഗണനയിലുണ്ട്.