‘കോണ്‍ഗ്രസ് വോട്ടുകള്‍ ബിജെപിയിലേക്ക് പോയി, നേതാക്കള്‍ കാല് വാരി’; തോല്‍വിയില്‍ പത്മജ വേണുഗോപാല്‍

തൃശ്ശൂര്‍; തൃശ്ശൂര്‍ നിയോജക മണ്ഡലത്തിലെ കുറച്ച് കോണ്‍ഗ്രസ് വോട്ടുകള്‍ ബിജെപിയിലേക്ക് പോയെന്ന് തൃശ്ശൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പത്മജ വേണുഗോപാല്‍. ചില കോണ്‍ഗ്രസ് നേതാക്കള്‍ കാല്് വാരിയെന്നും അവര്‍ പറഞ്ഞു.

കോണ്‍ഗ്രസില്‍ നിന്നും എല്‍ഡിഎഫില്‍ നിന്നും വോട്ടുകള്‍ ബിജെപിയിലേക്ക് പോയിട്ടുണ്ട്. സിനിമാ താരത്തോടുള്ള അന്ധമായ ആരാധന തൃശ്ശൂരില്‍ സംഭവിച്ചെന്നും പത്മജ പറഞ്ഞു.

ജനങ്ങള്‍ ഇപ്പോഴും ഒരു സിനിമാ താരത്തെ ആ സിനിമയിലെ കഥാപാത്രമായാണ് കാണുന്നത്. ഈ കൊടുങ്കാറ്റിലും പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞത് തൃശ്ശൂര്‍ക്കാര്‍ തന്നോട് കാണിച്ച സ്‌നേഹമാണ്.

കോണ്‍ഗ്രസിനെ എന്നും പിന്തുണച്ചിരുന്ന ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ നിന്ന് വലിയൊരു വിഭാഗം എല്‍ഡിഎഫിന് വോട്ട് ചെയ്തിട്ടുണ്ട്. അത് ബിജെപിയെ പേടിച്ചിട്ടാണ്. എല്‍ഡിഎഫും ആ വിഭാഗങ്ങള്‍ക്കിടയില്‍ വിള്ളലുണ്ടാക്കി.

തന്നെ തോല്‍പ്പിക്കാന്‍ ശ്രമിച്ച ചില കോണ്‍ഗ്രസ് നേതാക്കളുണ്ട്. പ്രചരണ ഘട്ടത്തില്‍ തന്നെ താനിത് പ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. അത് പോലെ തന്നെ കാല് വാരി.

പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്റെ കൂടെ നിന്നു. തേറമ്പില്‍ രാമകൃഷ്ണന്‍ ഒപ്പം നിന്നു. രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കില്ല.

പത്മജ എന്ന വ്യക്തിയെന്ന തരത്തിലുള്ള തോല്‍വിയല്ല. ഈ കൊടുങ്കാറ്റില്‍ പിടിച്ചു നില്‍ക്കാന്‍ തനിക്ക് മാത്രമായി കഴിയില്ലെന്നും പത്മജ പറഞ്ഞു.