പാലാ: കാപ്പന്‍ കേക്ക് പോലെ മുറിച്ച ജോസിന്റെ ചങ്ക്; കരിയറിലെ ഏറ്റവും കനത്ത തോല്‍വിയേറ്റുവാങ്ങി ജോസ് കെ മാണി

‘ചങ്കാണ് പാല’ എന്നെഴുതിയ കേക്ക് മുറിച്ചാണ് മാണി സി കാപ്പന്‍ വിജയമാഘോഷിച്ചത്. കേരളം ഉറ്റുനോക്കിയ പോരാട്ടത്തിനൊടുവില്‍ കാപ്പന്‍ സീറ്റ് നിലനിര്‍ത്തി. രണ്ട് രാഷ്ട്രീയ പാര്‍ട്ടികളുടെ അതിജീവനപ്പോരാട്ടത്തിന് കൂടിയാണ് പാലാ സാക്ഷ്യം വഹിച്ചത്. ജയിച്ച സീറ്റ് വിട്ടുകൊടുക്കില്ലെന്ന് നിലപാടെടുത്ത് ഇടതുമുന്നണിയും പാര്‍ട്ടിയും ഉപേക്ഷിച്ചിറങ്ങിയ കാപ്പനും എന്‍സിപി (കെ)യ്ക്കും പാലാ ജീവന്മരണ പോരാട്ടമായിരുന്നു. കാപ്പന്‍ ജയിച്ചത് ഞങ്ങളുടെ കെയര്‍ ഓഫിലാണെന്ന് ആവര്‍ത്തിച്ച സിപിഐഎമ്മിനാകട്ടെ പാലാ അഭിമാന പോരാട്ടവും. മുഖ്യന്ത്രി പിണറായി വിജയനെ ഉള്‍പ്പെടെ രംഗത്തിറക്കി എല്‍ഡിഎഫ് പരമാവധി ശക്തിയും പുറത്തെടുത്താണ് പാലായില്‍ പ്രചരണം നടത്തിയത്. കാപ്പനെ വഞ്ചകനായി ചിത്രീകരിച്ചുകൊണ്ടുള്ള പ്രചരണങ്ങളും ഇതിനിടെ നടന്നു.

എന്നാല്‍ എല്ലാറ്റിലുമുപരിയായി പാലാ ഏറ്റവും വലിയ അതിജീവന പ്രശ്‌നമായിരുന്നത് ജോസ് കെ മാണിക്കാണ്. സമീപകാലത്ത് ജോസ് കെ മാണിയെടുത്ത രാഷ്ട്രീയ തീരുമാനങ്ങള്‍ തെറ്റായിരുന്നെന്നാണ് തന്റെ മുന്നണിയുടെ തംരഗത്തിനിടെയിലെ ജോസിന്റെ തോല്‍വി വ്യക്തമാക്കുന്നത്. സ്വന്തം ബൂത്തില്‍ എട്ട് വോട്ടിന് കേരളം കോണ്‍ഗ്രസ് എം ചെയര്‍മാന്‍ പിന്നിലായി. മുന്നണി ജയിക്കുകയും ഘടകകക്ഷിയുടെ മുഖ്യ നേതാവ് സ്വന്തം മണ്ഡലത്തില്‍ തോല്‍ക്കുകയും ചെയ്യുന്ന അപൂര്‍വ്വ അവസ്ഥ. കേരള രാഷ്ട്രീയത്തിലെ അതികായനായിരുന്ന കെ എം മാണി അരനൂറ്റാണ്ട് കോട്ടയായി കാത്ത മണ്ഡലം നിലനിര്‍ത്താന്‍ രണ്ടാമതും അദ്ദേഹത്തിന്റെ പിന്‍ഗാമിക്ക് കഴിഞ്ഞില്ല. ഉപതെരഞ്ഞെടുപ്പില്‍ ജോസ് ടോം പുലിക്കുന്നേല്‍ (അന്ന് യുഡിഎഫില്‍) കാപ്പനോട് പരാജയപ്പെട്ടപ്പോള്‍ ‘ജോസ് ആയിരുന്നെങ്കില്‍ ഉറപ്പായും ജയിച്ചേനെ’ എന്ന നിരീക്ഷണങ്ങളുണ്ടായിരുന്നു.

മാണി സി കാപ്പന്‍ കെ എം മാണിയുടെ ഭൂരിപക്ഷം 4,703 വോട്ടാക്കി കുറച്ചിരുന്നു. മണ്ഡലത്തില്‍ മാണി കോണ്‍ഗ്രസ് രാഷ്ട്രീയത്തിനെതിരെ ഉടലെടുത്ത് തുടങ്ങിയ ജനവികാരം ജോസ് തിരിച്ചറിയുന്നത് വൈകിയാണ്. പാലാ സംരക്ഷിക്കുമെന്നാണ് ജനങ്ങളോടും മുന്നണിയോട് ജോസ് ആവര്‍ത്തിച്ചത്. ‘പാലാ-മാണി’ വൈകാരികത പോലും വോട്ടര്‍മാരില്‍ ഇനി ഏല്‍ക്കില്ലെന്ന് തിരിച്ചറിഞ്ഞപ്പോള്‍ ജോസ് കടുത്തുരുത്തിയിലേക്ക് മാറുന്നതിനേക്കുറിച്ച് ആലോചിച്ചെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തില്‍ അറ്റകൈ എന്ന പോലെ നടത്തിയ ലവ് ജിഹാദ് പരാമര്‍ശം ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്തത്.

രാജ്യസഭാ സീറ്റ് ഉള്‍പ്പെടെ ആവശ്യപ്പെട്ടതെല്ലാം നല്‍കിയിട്ടും കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലിയുള്ള കടുംപിടുത്തമാണ് കേരള കോണ്‍ഗ്രസ് എമ്മിന് യുഡിഎഫിന് പുറത്തേക്കുള്ള വഴി തുറന്നത്. രാഷ്ട്രീയ വിലപേശലുകളില്‍ യഥാര്‍ത്ഥത്തില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ ലിവറേജ് പാര്‍ട്ടികള്‍ മുന്നണിയില്‍ പ്രകടിപ്പിക്കുന്നത് സ്വാഭാവികമാണെങ്കിലും എപ്പോള്‍ മുറുക്കണം, അയയണം എന്ന് കണക്ക് കൂട്ടുന്നതില്‍ ജോസിന് തെറ്റി. ഇടതുമുന്നണിയില്‍ നിന്ന് പാര്‍ട്ടിക്ക് വളരാനാകുമോ എന്ന വിശ്വാസക്കുറവിലാണ് ഒരു വിഭാഗം നേതാക്കളും അണികളും ജോസിനെ വിട്ട് ജോസഫിനൊപ്പം പോയത്. പാര്‍ട്ടി ചെയര്‍മാന്‍ എന്ന റോള്‍ നേതൃപാടവത്തോടെയും നയതന്ത്ര മികവോടേയും ജോസ് കൈകാര്യം ചെയ്യുമോയെന്ന ആശങ്ക കൂടി അണികളുടെ കൊഴിഞ്ഞുപോക്കിലുണ്ടായിരുന്നു. പാര്‍ട്ടി പേരിനും ചിഹ്നത്തിനും വേണ്ടി ജോസഫുമായി നടത്തിയ നിയമപോരാട്ടത്തില്‍ ജയിച്ചെങ്കിലും കെ എം മാണിയുടെ കേരള കോണ്‍ഗ്രസ് ലെഗസി നിലനിര്‍ത്താന്‍ ജോസിന് കഴിഞ്ഞില്ല.

യുഡിഎഫ് പാളയം വിട്ടപ്പോള്‍ അവിടെ നിന്ന് ലഭിച്ച രാജ്യസഭാ എംപി സ്ഥാനം കൂടി രാജിവെച്ചാണ് ജോസ് എല്‍ഡിഎഫിലെത്തിയത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ തോറ്റ സ്ഥിതിക്ക് അടുത്ത രാജ്യസഭാ തെരഞ്ഞെടുപ്പ് വരെ കാത്തിരിക്കാനാണ് ജോസ് കെ മാണിയുടെ യോഗം.