പാലക്കാട്: പത്ത് വര്‍ഷം ഭര്‍ത്താവിന്റെ വീട്ടിലെ മുറിയില്‍ ഒളിച്ചുതാമസിക്കുകയായിരുന്നെന്ന് സജിത പറഞ്ഞത് ശരിതന്നെയെന്ന് പൊലീസ്. സംഭവത്തില്‍ ദുരൂഹതയില്ല സജിത പറഞ്ഞ തെളിവുകള്‍ പലതും യാഥാര്‍ത്ഥ്യമാണെന്നും നെന്മാറ സിഐ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. റിപ്പോര്‍ട്ട് സംസ്ഥാന വനിതാ കമ്മീഷന് പൊലീസ് സമര്‍പ്പിച്ചു.
സാഹചര്യത്തെളിവുകളും മൊഴികളും പരിശോധിച്ച ശേഷം സജിതയും റഹ്മാനും പറഞ്ഞത് ഒരേ തരത്തിലുള്ള മൊഴികളാണെന്ന് വ്യക്തമായെന്നാണ് പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നത്. റഹ്മാന്റെയും സജിതയുടെയും മൊഴിയില്‍ അവിശ്വസനീയതകളില്ലെന്നായിരുന്നു പൊലീസ് ആദ്യം മുതല്‍ പറഞ്ഞിരുന്നത്.
യുവതി പത്തുവര്‍ഷം അടച്ചിട്ട മുറിയില്‍ താമസിച്ചു എന്നത് സാമാന്യ യുക്തിക്ക് നിരക്കുന്നതല്ലെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു വനിതാ കമ്മീഷന് പൊലീസിനോട് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. വനിതാ കമ്മീഷന് ഇന്ന് തെളിവെടുപ്പ് നടത്തും. കമ്മീഷന് വിത്തനശ്ശേരിയില്‍ സജിതയെയും റഹ്മാനെയും കണ്ട ശേഷം അയിലൂരിലെത്തി മാതാപിതാക്കളെയും കാണും.