പാലത്തായി: ബിജെപി നേതാവ് നാലാം ക്ലാസുകാരിയെ പീഡിപ്പിച്ചതിന് ശാസ്ത്രീയ തെളിവ്; ‘വിചിത്രഭാവന’യെന്ന ആദ്യ കണ്ടെത്തല്‍ പൊളിയുന്നു

കണ്ണൂര്‍: പാലത്തായി പീഡനക്കേസില്‍ പെണ്‍കുട്ടി പീഡനത്തിന് ഇരയായെന്ന് അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട്. ബിജെപി നേതാവും അധ്യാപകനുമായ കെ പത്മരാജന്‍ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ചതിന് തെളിവുകള്‍ ലഭിച്ചതായി അന്വേഷണ സംഘം അറിയിച്ചു. പെണ്‍കുട്ടി പീഡനത്തിന് ഇരയായിട്ടില്ലെന്നായിരുന്നു പൊലീസ് നേരത്തെ അറിയിച്ചിരുന്നത്. കേസില്‍ പുതിയ അന്വേഷണ സംഘമാണ് പീഡനം നടന്നിട്ടുണ്ടെന്ന് കണ്ടെത്തിയിരിക്കുന്നത്.

ശാസ്ത്രീയ പരിശോധനകള്‍ക്കൊടുവിലാണ് അന്വേഷണ സംഘം പീഡനം നടന്നിട്ടുണ്ടെന്ന് കണ്ടെത്തിയത്. 2020 ജനുവരിയിലാണ് ഒമ്പതു വയസ്സുകാരി പീഡനത്തിന് വിധേയയായെന്ന പരാതി പോലീസിന് ലഭിക്കുന്നത്. സ്‌കൂളിലെ ശുചിമുറിയില്‍വെച്ച് അധ്യാപകനായ പത്മരാജന്‍ ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നത്. പീഡനത്തെ തുടര്‍ന്ന് പെണ്‍കുട്ടിക്ക് രക്തസ്രാവം ഉണ്ടായിരുന്നെന്ന് കുട്ടിയുടെ അമ്മയും പറഞ്ഞിരുന്നു.

തുടര്‍ന്ന് ആന്വേഷണം തുടങ്ങിയപ്പോള്‍ പത്മരാജന്‍ ഒളിവില്‍ പോയി. പിന്നീട് അറസ്റ്റിലായിരുന്നെങ്കിലും പീഡനം നടന്നിട്ടില്ലെന്ന് ചോദ്യം ചെയ്യലുകള്‍ക്കൊടുവില്‍ പൊലീസ് അറിയിക്കുകയായിരുന്നു. പെണ്‍കുട്ടിക്കെതിരെ അന്വേഷണ സംഘം റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിരുന്നു. കുട്ടിക്ക് നുണപറയുന്ന ശീലമുണ്ടെന്നും വിചിത്ര ഭാവനകളുണ്ടെന്നും മാനസിക സംഘര്‍ഷം നേരിടുന്നുണ്ടെന്നുമായിരുന്നു അന്വേഷണ സംഘം ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞത്.

Also Read: ഡെന്നീസ് ജോസഫിന്റെ അവസാന തിരക്കഥയുടെ പ്രമേയം ഡ്രഗ് മാഫിയ; ആദ്യ പേജ് പങ്കുവെച്ച് ഒമര്‍ലുലു

തുടര്‍ന്ന് കേസ് അട്ടിമറിക്കാന്‍ പൊലീസ് ശ്രമിക്കുകയാണെന്നും പൊലീസ് പ്രതിയെ സംരക്ഷിക്കുകയാണെന്നും ആരോപിച്ച് കുട്ടിയുടെ അമ്മ ഹൈക്കോടതിയില്‍ പരാതി നല്‍കി. ഐജിയും പത്മരാജനും തമ്മിലുള്ള സംഭാഷണത്തിന്റെ ശബ്ദ രേഖയും പുറത്തായിരുന്നു. തുടര്‍ന്ന് ഹൈക്കോടതി ഐജി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തെ മാറ്റി പുതിയ സംഘത്തെ അന്വേഷണം ഏല്‍പിക്കുകയായിരുന്നു. എഡിജിപി ഇജി ജയരാജിനായിരുന്നു ചുമതല. പുതിയ സംഘത്തിന്റെ അന്വേഷണത്തിലാണ് പത്മരാജനെതിരെ തെളിവുകള്‍ കണ്ടെത്തിയിരിക്കുന്നത്.

ശുചിമുറിയിലെ ടൈലുകളും മണ്ണും അന്വേഷണസംഘം ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കി. പരിശോധനയില്‍ ശുചിമുറിയിലെ ടൈലുകളില്‍ നിന്ന് രക്തക്കറ കണ്ടെത്തി. മറ്റു ശാസ്ത്രീയ പരിശോധനകളും നടന്നു. തുടര്‍ന്നാണ് അന്വേഷണ സംഘം റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. കുറ്റപത്രം തലശ്ശേരി പോക്‌സോ കോടതിയില്‍ അന്വേഷണസംഘം സമര്‍പ്പിക്കും.

Also Read: പൃഥ്വിരാജ് സംഘികളാല്‍ വേട്ടയാടപ്പെടുന്നുണ്ടെങ്കില്‍ ഒരു കാര്യം ഉറപ്പിക്കുക, അയാള്‍ ശരിയുടെ പക്ഷത്താണ്; ബഷീര്‍ വള്ളിക്കുന്ന്