എഫ്എ കപ്പ് ജയത്തിനിടെ പലസ്തീന് ഐക്യദാര്‍ഢ്യം; ലെസ്റ്റര്‍ താരങ്ങളെ പ്രശംസിച്ച് സോഷ്യല്‍ മീഡിയ; ആഴ്‌സണലിനെതിരെ സ്‌പോണ്‍സര്‍ കമ്പനി

വെംബ്ലി സ്‌റ്റേഡിയത്തിലെ എഫ് എ കപ്പ് കിരീട നേട്ടത്തിന് പിന്നാലെ പലസ്തീന്‍ പതാക ഉയര്‍ത്തിക്കാണിച്ച് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച ലെസ്റ്റര്‍ താരങ്ങളെ അഭിനന്ദിച്ച് സോഷ്യല്‍ മീഡിയ. ഇംഗ്ലീഷ് മിഡ്ഫീല്‍ഡര്‍ ഹംസ ചൗധുരിയും ഫ്രഞ്ച് ഡിഫന്‍ഡര്‍ വെസ്ലി ഫോഫാനയുമാണ് ഫൈനലില്‍ ചെല്‍സിയെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പിച്ച ശേഷം മൈതാനത്ത് പലസ്തീന്‍ പതാക വീശിയത്. വിജയികള്‍ക്കുള്ള മെഡല്‍ സ്വീകരിക്കുന്ന സമയത്ത് ചൗധുരിയുടെ തോളില്‍ പലസ്തീന്‍ ഫ്‌ളാഗുണ്ടായിരുന്നു. ചൗധുരിയും ഫോഫാനയും പതാക വിടര്‍ത്തി വെംബ്ലിയില്‍ നില്‍ക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. കിഴക്കന്‍ ലെസ്റ്ററില്‍ നിന്നുള്ള ബ്രിട്ടീഷ് പാര്‍ലമെന്റംഗം ക്ലോഡിയ വെബ്ബെ ഇരുവരേയും പ്രശംസിച്ചു.

യുകെയിലെ ഏറ്റവും വംശവൈവിധ്യമുള്ള നഗരങ്ങളിലൊന്നായ ലെസ്റ്ററിനെയാണ് ക്ലബ്ബ് പ്രതിനിധീകരിക്കുന്നത്. നമ്മുടെ കളിക്കാരുടെ തുറന്നമനസിനൊപ്പം. ലെസ്റ്റര്‍ ജയിക്കുമ്പോള്‍ ലോകമൊട്ടാകെയാണ് വിജയിക്കുന്നത്.

ക്ലോഡിയോ വെബ്ബെ

ലെസ്റ്റര്‍ താരങ്ങള്‍ക്ക് നന്ദി പറഞ്ഞ് യുകെയിലെ പാലസ്തീന്‍ അംബാസഡര്‍ പുറത്തുവിട്ട പ്രസ്താവനയും ക്ലോഡിയോ വെബ്ബെ പങ്കുവെച്ചിട്ടുണ്ട്.

ആഴ്‌സണല്‍ മിഡ്ഫീല്‍ഡര്‍ മൊഹമ്മദ് എല്‍നെനി പലസ്തീന്‍ ജനതയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ട്വീറ്റ് ചെയ്തത് വിവാദമായിട്ടുണ്ട്. ‘എന്റെ ഹൃദയവും ആത്മാവും പിന്തുണയും പലസ്തീനൊപ്പം’ എന്ന ഈജിപ്ഷ്യന്‍ താരത്തിന്റെ ട്വീറ്റില്‍ പ്രതിഷേധവുമായി ജൂതവിഭാഗത്തില്‍ പെട്ടവരെത്തി.

എല്‍നെനിയുടെ ട്വീറ്റിന്റെ പേരില്‍ ആഴ്‌സണല്‍ മാനേജ്‌മെന്റിന് മേല്‍ സ്‌പോണ്‍സര്‍മാരിലൊരാളായ ലവാസയുടെ സമ്മര്‍ദ്ദവമുണ്ടായി. ഇറ്റലി ആസ്ഥാനമായുള്ള പ്രമുഖ കോഫീ ഉല്‍പന്ന ബ്രാന്‍ഡാണ് ലവാസ. എല്‍നെനിയുമായി സംസാരിച്ചെന്ന് ആഴ്‌സണല്‍ പ്രതികരിച്ചു.

ആഴ്‌സണലിലെ ഏതൊരു ജീവനക്കാരേയും പോലെ, ഞങ്ങളുടെ കളിക്കാര്‍ക്ക് അവരുടെ കാഴ്ച്ചപാടുകള്‍ അവരുടെ സ്വന്തം പ്ലാറ്റ്‌ഫോമുകളില്‍ പ്രകടിപ്പിക്കാന്‍ അവകാശമുണ്ട്.

ആഴ്‌സണല്‍

ഒരു ക്ലബ്ബെന്ന നിലയില്‍ എല്ലാ തരം വിവേചനത്തേയും നേരിടാനും ഇല്ലാതാക്കാനും ഞങ്ങള്‍ ബാധ്യസ്ഥരാണ്. ജീവിതത്തിന്റെ സര്‍വ്വ മേഖലകളിലും തുല്യതയ്ക്കും വൈവിധ്യത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്നത് തുടരുമെന്നും ആഴ്‌സണല്‍ കൂട്ടിച്ചേര്‍ത്തു.

ലണ്ടന്‍, ബെര്‍ലിന്‍, മാഡ്രിഡ്, പാരിസ് എന്നിവിടങ്ങളിലുള്‍പ്പെടെ യൂറോപ്പിന്റെ പ്രമുഖ നഗരങ്ങളില്‍ പലസ്തീന്‍ ജനതയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് നിരവധി പേര്‍ ഇസ്രയേല്‍ അധിനിവേശത്തിനെതിരെ തെരുവിലിറങ്ങിയിരുന്നു.

ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷം ഏഴാം ദിവസവും തുടരുകയാണ്. രാവിലെ നടത്തിയ വ്യോമാക്രമണത്തില്‍ 26 പലസ്തീന്‍ പൗരന്മാര്‍ കൊല്ലപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇതോടെ ഇസ്രയേല്‍ ആക്രണത്തില്‍ കൊല്ലപ്പെട്ട പലസ്തീന്‍ കാരുടെ എണ്ണം 170 ആയി. ഇവരില്‍ 41 കുട്ടികളും ഉള്‍പ്പെടുന്നു. ഹമാസ് നടത്തിയ പ്രത്യാക്രമണങ്ങളില്‍ ഒമ്പത് ഇസ്രയേലികള്‍ കൊല്ലപ്പെട്ടെന്നാണ് കണക്ക്.