കേരള സര്‍ക്കാരിന്റെ ഔഷധി വെബ്‌സൈറ്റില്‍ ചാണകവും പശുമൂത്രവും ചേര്‍ത്ത മരുന്ന്; പശുക്കളെ പരിഹസിക്കുന്ന കമ്മ്യൂണിസ്റ്റുകള്‍ ചാണകം വിറ്റ് ലാഭമുണ്ടാക്കുന്നെന്ന് ഓര്‍ഗനൈസര്‍

സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ആയുര്‍വ്വേദ മരുന്ന് നിര്‍മ്മാണ കമ്പനിയായ ഔഷധി ചാണകവും പശുമൂത്രവും ചേര്‍ത്ത മരുന്ന് വിപണിയില്‍ വില്‍ക്കുന്നതായി ആരോപണം. ഔഷധിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലെ മരുന്നുല്‍പന്നങ്ങളുടെ പട്ടികയില്‍ പഞ്ചഗവ്യ ഘൃതത്തേക്കുറിച്ച് വിവരങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത് ചൂണ്ടിക്കാട്ടി ബിജെപി അനുകൂലികള്‍ സമൂഹമാധ്യമങ്ങളിലെത്തി. ‘പഞ്ചഗവ്യ ഘൃതം ഔഷധി’ എന്ന് ഗൂഗിളില്‍ തെരഞ്ഞാല്‍ ആയുര്‍വേദ മരുന്ന് ബോട്ടിലിന്റെ ചിത്രവും വിവരങ്ങളും പ്രസിദ്ധീകരിച്ചിരിക്കുന്നത് കാണാം.

പഞ്ചഗവ്യ ഘൃതം

ആകെ ചേരുവകള്‍: അഞ്ച്
പ്രധാന ചേരുവകള്‍: പശുവിന്റെ ചാണകം, പശു മൂത്രം, പശുവിന്‍പാല്‍, തൈര്, പശുവിന്‍ നെയ്യ്

ഉപയോഗിക്കുന്നത്: മാനസിക രോഗങ്ങള്‍ക്ക്, ഓര്‍മ്മശക്തിയും ഏകാഗ്രതയും വര്‍ധിപ്പിക്കാന്‍, മഞ്ഞപ്പിത്തത്തിന്, പനി, അപസ്മാരം

കഴിക്കേണ്ട അളവ്: 10 മുതല്‍ 20 മില്ലി വരെ, ആഹാരത്തിന് മുമ്പ് അല്ലെങ്കില്‍ ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്നതിന് അനുസരിച്ച്

അളവ്: 200 മില്ലീ, 450 മില്ലീ

ഔഷധി വെബ്‌സൈറ്റില്‍ പഞ്ചഗവ്യഘൃതം ഉള്‍പ്പെടുത്തിയത് ഇതിനോടകം തന്നെ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്റേയും പശുവിന്റേയും ചിത്രം വെച്ച് ജന്മഭൂമിയില്‍ വാര്‍ത്ത വന്നിരുന്നു. ”ഗോമൂത്രവും ചാണകവും ഉപയോഗിച്ച് ഓര്‍മ്മ ശക്തിക്കും ഏകാഗ്രതയ്ക്കുമുള്ള മരുന്നുകള്‍; ‘പഞ്ചഗ്യ ഘൃതം’ ഔഷധം പുറത്തിറക്കി പിണറായി സര്‍ക്കാര്‍” എന്ന തലക്കെട്ടോടെയാണ് വാര്‍ത്ത. ആര്‍എസ്എസ് മുഖ പ്രസിദ്ധീകരണമായ ഓര്‍ഗനൈസറിലും വാര്‍ത്തയുണ്ട്.

കമ്മ്യൂണിസ്റ്റുകള്‍ പശുക്കളെ പരിഹസിക്കുന്നത് തുടരവെ കേരള സര്‍ക്കാരിന്റെ ഉടമസ്ഥതലയിലുള്ള ആയുര്‍വേദ കമ്പനി പശുവിന്‍ ചാണകവും ഗോമൂത്രവും ചേര്‍ത്ത മരുന്നുകള്‍ വിറ്റ് ലാഭമുണ്ടാക്കുന്നു.

ഓര്‍ഗനൈസര്‍

ആയുര്‍വ്വേദ ക്ലാസിക്കല്‍ ഗ്രന്ഥമായ ‘സഹസ്രയോഗ’ത്തില്‍ പറയുന്ന ഒരു മരുന്നുകൂട്ടാണ് പഞ്ചഗവ്യ ഘൃതം. കോട്ടക്കല്‍ ആര്യവൈദ്യശാല ഉള്‍പ്പെടെ കേരളത്തിലെ പല മരുന്നുകമ്പനികളും പഞ്ചഗവ്യ ഘൃതം നിര്‍മ്മിക്കുന്നുണ്ട്.