‘ഉത്തരം പറയാനുള്ള ഉത്തരവാദിത്വം ഉമ്മന്‍ ചാണ്ടി സമിതിക്കുമില്ലേ?’; ചോദ്യം ഉന്നയിച്ച് പന്തളം സുധാകരന്‍

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന്റെ കാരണം അന്വേഷിച്ച് ഉത്തരം പറയാനുള്ള ഉത്തരവാദിത്വം ഉന്നത നേതാക്കളാല്‍ നിറഞ്ഞു നില്‍ക്കുന്ന ഉമ്മന്‍ ചാണ്ടി സമിതിക്കുമില്ലേ എന്ന ചോദ്യം ഉന്നയിച്ച് കോണ്‍ഗ്രസ് നേതാവ് പന്തളം സുധാകരന്‍. ഫേസ്ബുക്കിലൂടെയാണ് പന്തളം സുധാകരന്റെ പ്രതികരണം.

പന്തളം സുധാകരന്റെ പ്രതികരണത്തിന്റെ പൂര്‍ണ്ണരൂപം

മഴ തകര്‍ക്കുകയാണ് …പഴിചാരല്‍ മഴ , മഴതോരുമ്പോള്‍ മരം പെയ്യും …ഒടുവില്‍ ശാന്തമാകുമ്പോള്‍ കോണ്‍ഗ്രസ്സുകാരായ നമുക്ക് സ്വയം ചോദിക്കാം ഈകൊടുംമഴയ്ക്കു കാരണം?കാര്‍മേഘമില്ലായിരുന്നു കാറ്റ് വീശിയിരുന്നില്ല പിന്നെയെങ്ങനെ ടൊര്‍ണൊഡോ പോലെ കാറ്റും മഴയും കലികൊണ്ടു…?
ഹൈക്കമാന്റിന്റ ഏകലക്ഷ്യം യുഡിഎഫ് വിജയിക്കുക എന്നതായിരുന്നു അതുകൊണ്ട് ഏകമനസ്സോടെ നേതാക്കളും കളത്തിലിറങ്ങി.
ഹൈക്കമാന്റ് ഉമ്മന്‍ ചാണ്ടിയെ അദ്ധ്യക്ഷനാക്കി തെരഞ്ഞെടുപ്പു സമിതിയെ നിയോഗിച്ചു.സ്ഥാനാര്‍ത്ഥിനിര്‍ണ്ണയവും പ്രചരണവും ഉള്‍പ്പെടെ സകലകാര്യങ്ങളിലും തീരുമാനമെടുക്കാനും നിയന്ത്രിക്കാനും അധികാരമുള്ള സമിതിയില്‍ മുല്ലപ്പള്ളി,ചെന്നിത്തല ,കെസി വേണുഗോപാല്‍,താരിഖ് അന്‍വര്‍ കെ മുരളീധരന്‍, കെ സുധാകരന്‍ ,തുടങ്ങിയ നേതാക്കളും , കെപിസിസിക്കും മേലെയുണ്ടാക്കിയ ഉമ്മന്‍ ചാണ്ടിസമിതിയുടെ മേല്‍ നോട്ടത്തിന് സീനിയര്‍ ദേശീയനേതാക്കളും.
നിയോജകമണ്ഡലം തലത്തില്‍ മിടുക്കന്മാരായ കേന്ര നിരീക്ഷകരും,കേന്ദ്രനേതാക്കളുടെ മിന്നല്‍ പര്യടനങ്ങളും ട്രാഫിക്ക്ബ്‌ളോക്കും,ഇതൊന്നുമറിയാത്ത മട്ടില്‍ ഇന്ദിരാഭവനും.
ദില്ലിയില്‍ നിന്നെത്തിയ പ്രൊഫഷണലുകളുടെ വാര്‍ റൂം വേറയും.
ഏവരും ഒരുമനസ്സോടെ ഗോദയില്‍ വിജയം മാത്രം ലക്ഷ്യംവെച്ച് നീങ്ങി.
സ്ഥാനാര്‍ത്ഥികളില്‍ തൊണ്ണൂറു ശതമാനവും കെപിസിസി ,ഡിസിസി ,പോഷകസംഘടനാ ഭാരവാഹികളും യുവജനനേതാക്കളും.
സര്‍ക്കാരിനെ അടിയറവുപറയിച്ച ശക്തനായ പ്രതിപക്ഷനേതാവായി രമേശ് ചെന്നിത്തലയും സമാനതകളില്ലാത്ത മുന്നേറ്റത്തിനു നേതൃത്വം കൊടുത്തു.
ശക്തമായ പ്രൊഫഷണല്‍ മുന്നൊരുക്കമുണ്ടായിരുന്നിട്ടും നമുക്കടിതെറ്റിയെതെന്തുകൊണ്ടാണ്.
അന്വേഷിച്ച് ഉത്തരം പറയാനുള്ള ഉത്തരവാദിത്വം ഉന്നതനേതാക്കളാല്‍ ഉയര്‍ന്നു നില്‍ക്കുന്ന ഉമ്മന്‍ ചാണ്ടി സമിതിക്കുമില്ലേ …