‘ഇവന്റെയൊക്കെ കുട്ടികളെ നൊന്ത് പെറുന്നതിന് സ്ത്രീധനം ഇങ്ങോട്ട് കിട്ടണം’; സ്ത്രീധനം മേടിച്ച് മൂന്ന് നേരം തിന്നാന്‍ നില്‍ക്കുന്നവനെ അവഗണിക്കണമെന്ന് പാര്‍വ്വതി ഷോണ്‍

കൊല്ലത്ത് സ്ത്രീധനപീഡനത്തിനൊടുവില്‍ യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയെന്ന വാര്‍ത്തയ്ക്ക് പിന്നാലെ സ്ത്രീധന സമ്പ്രദായത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സെലിബ്രിറ്റികള്‍. സ്ത്രീകളെ സ്‌നേഹിക്കാനും ബഹുമാനിക്കാനും ആണ്‍കുട്ടികളെ പഠിപ്പിക്കേണ്ടത് അവരുടെ മാതാപിതാക്കളാണെന്ന് ജഗതി ശ്രീകുമാറിന്റെ മകള്‍ പാര്‍വ്വതി ഷോണ്‍ ചൂണ്ടിക്കാട്ടി.

കല്യാണം കഴിഞ്ഞ് ചെല്ലുന്ന വീട്ടിലെ കുടുംബഭാരം മുഴുവന്‍ നമ്മള്‍ സ്ത്രീകളുടെ തലയിലാണ്. എന്നിട്ട് ആ കുടുംബപാരമ്പര്യം നിലനിര്‍ത്തണം. പത്ത് മാസം ഇവന്റെയൊക്കെ പിള്ളേരെ നൊന്ത് പെറുന്നതിന് നമ്മള്‍ സ്ത്രീകള്‍ക്ക് ഇങ്ങോട്ട് കിട്ടണം സ്ത്രീധനം. ഇല്ലെങ്കില്‍ ഈ സമ്പ്രദായം എടുത്ത് മാറ്റണം.

പാര്‍വ്വതി ഷോണ്‍

വിദ്യാഭ്യാസവും ആത്മവിശ്വാസവും നല്‍കി പെണ്‍കുട്ടികളെ സ്വയംപര്യാപ്തയാക്കുകയാണ് ഏറ്റവും മികച്ച സ്ത്രീധനം. സ്ത്രീധനം ചോദിച്ചെത്തുന്നയാള്‍ക്ക് മകളെ വിവാഹം കഴിച്ച് കൊടുക്കരുത്. മകള്‍ക്ക് എന്തെങ്കിലും നല്‍കണമെന്നുണ്ടെങ്കില്‍ അവരുടെ പേരില്‍ നല്‍കുക. സ്ത്രീധനം വാങ്ങി വിവാഹം കഴിക്കുന്നയാള്‍ മകളെ സ്‌നേഹിക്കുമെന്ന കാര്യത്തില്‍ എന്ത് ഉറപ്പാണുള്ളതെന്നും പാര്‍വ്വതി ചോദിച്ചു.

പാര്‍വ്വതി പറഞ്ഞത്

“രാവിലെ ഞാന്‍ ന്യൂസ് വായിക്കുകയായിരുന്നു. യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍. സ്ത്രീധനപീഡനമെന്ന് ബന്ധുക്കള്‍. എന്താല്ലേ. മാളു. 24 വയസേയുള്ളൂ ആ പെണ്‍കുട്ടിക്ക്. കല്യാണം കഴിച്ചിട്ട് ഒരു വര്‍ഷമേ ആയുള്ളൂ. എന്നാണ് നമ്മളൊക്കെ മാറുക. ഇനി നമ്മുടെ മാതാപിതാക്കന്‍മാര്‍ പഠിക്കേണ്ട ഒരു കാര്യം നമ്മള്‍ പെണ്‍പിള്ളേരെ വളര്‍ത്തിക്കൊണ്ട് വരുമ്പോള്‍ അവര്‍ക്ക് ആത്മവിശ്വാസം കൊടുക്കുക. ജീവിതത്തില്‍ എന്തും നേരിടാനും വെല്ലുവിളിക്കാനുമുള്ള മനസ് ഉണ്ടാക്കിക്കൊടുക്കുക. അവളെ സ്വയം പര്യാപ്തയാക്കുക. നല്ല വിദ്യാഭ്യാസം കൊടുക്കുക. അതാണ് നമ്മുടെ പെണ്‍കുട്ടികള്‍ക്ക് കൊടുക്കാന്‍ പറ്റുന്ന ഏറ്റവും മികച്ച സമ്പാദ്യം. പ്രായപൂര്‍ത്തിയാകുമ്പോഴേക്കും കെട്ടിച്ചുവിടുകയല്ല വേണ്ടത്.

ആണ്‍പിള്ളാരോട് പറഞ്ഞ് മനസിലാക്കിക്കണം. ഈ സ്ത്രീധനം മേടിച്ച് മൂന്ന് നേരം തിന്നാന്‍ നില്‍ക്കുന്ന ഇവന്‍മാരെ പറഞ്ഞാല്‍ മതിയല്ലോ. അവളെ ബഹുമാനിക്കണമെന്നും കെയര്‍ ചെയ്യണമെന്നും സ്‌നേഹിക്കണമെന്നും ആണ്‍കുട്ടികളെ പഠിപ്പിക്കണം. അതൊക്കെയാണ് ഇനിയുള്ള തലമുറയ്ക്ക് പറഞ്ഞുകൊടുക്കേണ്ട ഏറ്റവും വലിയ കാര്യം.

വ്യക്തിപരമായ ഒരു അഭിപ്രായത്തില്‍ ഞാന്‍ പറയുകയാണ്. അതിനെ ആര്‍ക്കും കുറ്റപ്പെടുത്താം. നമ്മള്‍ കല്യാണം കഴിച്ച് ഒരു കുടുംബത്തിലേക്ക് വരുമ്പോള്‍ ആ വീട്ടിലെ കുടുംബഭാരം മുഴുവന്‍ നമ്മള്‍ സ്ത്രീകളുടെ തലയിലാണ്. എന്നിട്ട് ആ കുടുംബപാരമ്പര്യം നിലനിര്‍ത്തണം. പത്ത് മാസം ഇവന്റെയൊക്കെ പിള്ളേരെ നൊന്ത് പെറുന്നതിന് നമ്മള്‍ സ്ത്രീകള്‍ക്ക് ഇങ്ങോട്ട് കിട്ടണം സ്ത്രീധനം. ഇല്ലെങ്കില്‍ ഈ സമ്പ്രദായം എടുത്ത് മാറ്റണം.

മാതാപിതാക്കള്‍ പെണ്‍കുട്ടികളെ കെട്ടിച്ചുവിടുമ്പോള്‍ എന്തെങ്കിലും കൊടുക്കാനുണ്ടെങ്കില്‍ അവളുടെ പേരില്‍ ആക്കിയ ശേഷം കൊടുക്കുക. അവളുടെ ജീവിതം സുരക്ഷിതമാക്കുക. എന്ത് ഗ്യാരന്റിയാണുളളത്? കല്യാണം കഴിച്ച് ഒരു കുടുംബത്തിലോട്ട് കയറുമ്പോള്‍ ആ ചെറുക്കന്‍ നമ്മുടെ പെണ്‍കൊച്ചിനെ നോക്കും സ്‌നേഹിക്കും എന്ന കാര്യത്തില്‍ ഒരു ഉറപ്പുമില്ല. മകളെ സ്വയം പര്യാപ്തയാക്കി വളര്‍ത്തുക.

സ്ത്രീധന സമ്പ്രദായം നമ്മുടെ സമൂഹത്തില്‍ നിന്ന് എടുത്തുമാറ്റണം. നമ്മളിത് ചിന്തിക്കുന്നതിനൊപ്പം മനസില്‍ കുറിച്ചിടണം. സ്ത്രീധനം ചോദിച്ചുവരുന്ന ഒരുത്തനും നമ്മുടെ പെണ്‍കൊച്ചിനെ കെട്ടിച്ച് കൊടുക്കരുത്. സ്ത്രീയാണ് ധനം, അത് ഓര്‍ക്കുക.”

Also Read: ‘കല്യാണത്തിനായി സ്വര്‍ണം വാങ്ങില്ലെന്ന് നിങ്ങള്‍ ഉറപ്പിച്ച് പറയൂ’; സ്ത്രീധനം ചോദിക്കുന്നവരെ ജീവിതത്തില്‍ വേണ്ടെന്ന് പറയണമെന്ന് സിതാര