ലുലു മാളിൽ വാഹനങ്ങൾക്ക് പാർക്കിങ് ഫീസ് പിരിക്കുന്നത് ഉചിതമല്ലെന്ന് പ്രാഥമിക നിരീക്ഷണം നടത്തി ഹൈക്കോടതി. മാളുകളിലെ പാർക്കിങ് ഫീസ് നിയമവിരുദ്ധമാണ് എന്ന് വാദിച്ചുകൊണ്ടുള്ള ഹരജി പരിഗണിക്കവെയാണ് വെള്ളിയാഴ്ച്ച കോടതി ഈ നിരീക്ഷണം മുന്നോട്ടുവെച്ചത്.
‘കെട്ടിട നിർമാണ ചട്ടങ്ങൾ പ്രകാരം പെർമിറ്റ് നൽകുന്നതിന് പാർക്കിങ് സ്ഥലവും അനിവാര്യമാണ്. ആ ഉറപ്പിലാണ് പണികൾ തുടങ്ങുന്നത്. എന്നാൽ പിന്നീട് പാർക്കിങ് ഫീസ് വാങ്ങാമോ എന്നതാണ് ചോദ്യം. പ്രഥമദൃഷ്ട്യാ, അത് പാടില്ല എന്നാണ് എന്റെ അഭിപ്രായം. വിഷയത്തിൽ കളമശ്ശേരി മുനിസിപ്പാലിറ്റിയുടെ നിലപാട് എനിക്കറിയണം,’ എന്ന് ജഡ്ജി പറഞ്ഞു.
ഹരജിയിൽ കൃത്യമായ നിലപാടറിയിക്കാൻ കളമശേരി മുനിസിപ്പാലിറ്റിയോട് ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണൻ ആവശ്യപ്പെട്ടു എന്നും ലൈവ് ലോ റിപ്പോർട്ട് ചെയ്തു.
പാർക്കിങ്ങിന് പണം പിരിക്കാൻ ലുലു മാളിന് നിയമപരമായി അധികാരമില്ല. പാർക്കിങ് സൗകര്യം കൂടി ഉണ്ട് എന്ന് കാണിച്ചാണ് മാളുകൾക്ക് നിർമാണ അനുമതി നൽകുന്നതെന്നും അതിനാൽ പാർക്കിങ് ഫീസ് വാങ്ങുന്നത് നിയമവിരുദ്ധമാണെന്നുമാണ് പരാതിക്കാരുടെ വാദം. മാൾ ഉടമസ്ഥർ തന്നെ സൗജന്യ പാർക്കിങ് സൗകര്യം ഒരുക്കണമെന്നാണ് പോളി വടക്കൻ എന്ന പരാതിക്കാരൻ ഹരജിയിൽ പറയുന്നത്.
വിഷയത്തിൽ നിലപാടറിയിക്കാൻ സർക്കാരിനും ലുലുമാളിനും കോടതി ഡിസംബറിൽ നോട്ടീസ് അയച്ചിരുന്നു. ജനുവരി 28ന് കേസ് വീണ്ടും പരിഗണിക്കും.