ചന്ദ്രികാ ദിനപത്രത്തിലെ സാമ്പത്തിക തിരിമറിയേച്ചൊല്ലിയും വാര്‍ത്താസമ്മേളനത്തിനിടെ മുഴങ്ങിയ ഭീഷണിയിന്മേലും വിവാദം തുടരവെ പ്രതികരണവുമായി സയ്യിദ് മൊയീന്‍ അലി ശിഹാബ് തങ്ങള്‍. തനിക്ക് ആരോടും വ്യക്തി വിരോധമില്ലെന്ന് യൂത്ത് ലീഗ് ദേശീയ ഉപാദ്ധ്യക്ഷന്‍ ഫേസ്ബുക്കില്‍ കുറിച്ചു. പാര്‍ട്ടിയാണ് മുഖ്യം. പാര്‍ട്ടി ശക്തിപ്പെടുത്താന്‍ ഒരുമയോടെ പ്രവര്‍ത്തിക്കുമെന്നും മൊയീന്‍ അലി പറഞ്ഞു. വിഷയത്തില്‍ ലീഗിനെ പ്രതിരോധത്തിലാക്കി തുടര്‍ച്ചയായി പ്രസ്താവനകള്‍ നടത്തുന്ന ഇടത് സ്വതന്ത്ര എംഎല്‍എ കെ ടി ജലീലിനെതിരെ പരോക്ഷ വിമര്‍ശനവും യൂത്ത് ലീഗ് നേതാവ് ഉന്നയിച്ചു.
എല്ലാം കലങ്ങി തെളിയും. കലക്കു വെള്ളത്തില്‍ മീന്‍ പിടിക്കുന്നവരെ പ്രോത്സാഹിപ്പിക്കാനില്ല.
മൊയീന്‍ അലി ശിഹാബ് തങ്ങള്‍
പ്രഥമ പരിഗണന പിതാവിന്റെ ആരോഗ്യ പരിപാലനത്തിനാണെന്നും മൊയീനലി ശിഹാബ് തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. ജയ് മുസ്ലീം ലീഗ് എന്ന മുദ്രാവാക്യത്തോടെയാണ് മൊയീനലി കുറിപ്പ് അവസാനിപ്പിക്കുന്നത്.
ഹൈദരലി ശിഹാബ് തങ്ങള്‍ക്കെതിരെ ചന്ദ്രികയിലെ പണമിടപാടുകളുമായി ബന്ധപ്പെട്ട് ഇഡി നോട്ടീസ് അയച്ചതോടെയാണ് മകന് മൊയീന്‍ അലി തങ്ങള്‍ മുതിര്‍ന്ന നേതാവ് പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ പരസ്യ ആരോപണങ്ങളുമായി രംഗത്തെത്തിയത്. ഹൈദരലി തങ്ങളുടെ ഈ അവസ്ഥയ്ക്ക് കാരണം കുഞ്ഞാലിക്കുട്ടിയാണെന്നും നാല് പതിറ്റാണ്ടായി കുഞ്ഞാലിക്കുട്ടിയാണ് ചന്ദ്രികയുടെ പണമിടപാടുകള്‍ കൈകാര്യം ചെയ്യുന്നതെന്നും മൊയീന്‍ അലി പറഞ്ഞിരുന്നു. ഇതോടെ ലീഗില്‍ വിവാദങ്ങള്‍ ഉടലെടുത്തു.
അതിന് ശേഷം നടന്ന ലീഗ് ഉന്നതാധികാരയോഗത്തില്‍ മൊയീന്‍ അലിക്കെതിരെ അച്ചടക്ക നടപടിയെടുക്കണെന്ന ആവശ്യം ഉയര്‍ന്നെങ്കിലും നടപടി വേണ്ടെന്നാണ് പാണക്കാട് കുടുംബം അറിയിച്ചത്. ഇക്കാര്യത്തില്‍ ഹൈദരലി തങ്ങളുടേതാവും അന്തിമ തീരുമാനമെന്നാണ ലീഗ് നേതാക്കള്‍ വ്യക്തമാക്കിയിരിക്കുന്നത്.