ചില വിഷയങ്ങളില്‍ നിലപാടുകള്‍ എടുക്കുമ്പോള്‍ അതില്‍ എതിര്‍പ്പുള്ളവര്‍ സോഷ്യല്‍ മീഡിയയിലൂടെ നടത്തുന്ന അധിക്ഷേപങ്ങള്‍ ഭയപ്പെടുത്താറുണ്ടെന്ന് നടി പാര്‍വതി തിരുവോത്ത്. മുഖത്ത് ആസിഡ് ഒഴിക്കും, റേപ്പ് ചെയ്യും എന്നെല്ലാം ചിലര്‍ ഭീഷണിപ്പെടുത്തും. അത്തരം ഭീഷണികളെ അവഗണിച്ച് ഞാനായിത്തന്നെ ജീവിക്കുക എന്നതാണ് ഏറ്റവും വലിയ പ്രതിരോധമെന്നും പാര്‍വതി പറഞ്ഞതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തു.
‘സോഷ്യല്‍ മീഡിയയില്‍ വരുന്ന ചില കമന്റുകള്‍ വേദനിപ്പിക്കുക മാത്രമല്ല, പേടിതോന്നിയ അവസരവുമുണ്ട്. നിങ്ങളുടെ വീടെവിടെയാണെന്നറിയാം, നിങ്ങള്‍ കഴിഞ്ഞദിവസം ആ നിറത്തിലുള്ള ഡ്രസ്സ് ധരിച്ച് ഇവിടെ നടക്കുന്നത് ഞാന്‍ കണ്ടതാണ്, മുഖത്ത് ആസിഡ് ഒഴിക്കും, റേപ്പ് ചെയ്യും എന്നെല്ലാം ചിലര്‍ ഭീഷണിപ്പെടുത്തും. അങ്ങനെയൊക്കെ കാണുമ്പോള്‍ ആരായാലും ഒന്നു പേടിച്ചുപോവില്ലേ. അത്തരം സന്ദര്‍ഭങ്ങളില്‍ പുറത്തിറങ്ങി റിലാക്സ്ഡ് ആയി നടക്കാന്‍ പോലുമാവില്ല. പക്ഷേ, അതുകൊണ്ടൊന്നും എന്റെ നിലപാടുകളില്‍, ശൈലിയില്‍ മാറ്റം വരുത്താറില്ല. അത്തരം ഭീഷണികളെ അവഗണിച്ച് ഞാനായിത്തന്നെ ജീവിക്കുക എന്നതാണ് ഏറ്റവും വലിയ പ്രതിരോധം, സമരം’, പാര്‍വതി പറഞ്ഞു.
സിനിമകള്‍ക്കുവേണ്ടി അതിലെ കഥാപാത്രങ്ങളായി മാറുന്നതിന് വേണ്ടി നല്ല പരിശ്രമം നടത്തുന്നാറുണ്ടെന്നും പാര്‍വതി പറയുന്നു. ‘സിനിമ മൊത്തത്തില്‍ തന്നെ മനസ്സിലാക്കി വേണം അഭിനയിക്കാന്‍. അല്ലാതെ തന്റെ കഥാപാത്രത്തെ മാത്രം നോക്കിയിട്ട് കാര്യമല്ലെന്നാണ് പാര്‍വതിയുടെ അഭിദപ്രായം. ഇത്തരത്തില്‍ ടേക്ക് ഓഫ് സിനിമയ്ക്ക് വേണ്ടി നേഴ്സുമാരുടെ രാത്രി ഡ്യൂട്ടിയും ഉയരെയ്ക്ക് വേണ്ടി തന്റെ മുഖത്ത് മെയ്ക്കപ്പും നോക്കി കഥാപാത്രത്തോട് ഇണങ്ങാന്‍ ശ്രമിച്ചിരുന്നെന്നും പാര്‍വതി. ‘കഥാപാത്രത്തെക്കുറിച്ച് കേള്‍ക്കുമ്പോള്‍ തന്നെ അതെങ്ങനെയാണ് ചെയ്യേണ്ടതെന്ന് തുടക്കത്തിലേ പിടികിട്ടിയാല്‍ അതുവേണ്ടെന്ന് വെക്കാനാണ് ശ്രമിക്കുക. പക്ഷേ, ഒരു കഥാപാത്രത്തെക്കുറിച്ച് പറയുമ്പോള്‍ അതെങ്ങനെ ചെയ്യുമെന്ന ചിന്ത വരുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും സ്വീകരിക്കും. കാരണം അതില്‍ എന്തെങ്കിലും വെല്ലുവിളി ഉണ്ടാകും. ആ ഒരു കഥാപാത്രം എവിടെനിന്ന് തുടങ്ങണം, എങ്ങനെ ചെയ്യണം എന്നെല്ലാമുള്ള ഒരു ബോധ്യമുണ്ടാവും. ഞാനും പ്രേക്ഷകരും തമ്മിലൊരു കരാര്‍ ഉണ്ടെന്നാണ് വിശ്വാസം. അവര്‍ കാശുകൊടുത്ത് തിയേറ്ററില്‍ വരുമ്പോള്‍ ഞാനവര്‍ക്ക് എന്തെങ്കിലും നല്‍കേണ്ടതുണ്ട്. അതൊരു ശരാശരി പ്രകടനമാവരുതെന്ന് നിര്‍ബന്ധവുമുണ്ട്’.