‘അണിനിരക്കുന്നത് തെന്നിന്ത്യയിലെ ഏറ്റവും പ്രഗത്ഭ സംഘട്ടന സംവിധായകര്‍’; 19-ാം നൂറ്റാണ്ട് മിനി സ്‌ക്രീനില്‍ കണ്ടാല്‍ നൂറിലൊന്ന് ആസ്വാദനം പോലും കിട്ടില്ലെന്ന് വിനയന്‍

പത്തൊന്‍പതാം നൂറ്റാണ്ട് ആക്ഷന്‍ രംഗങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം കൊടുക്കുന്ന ചിത്രമാണെന്ന് സംവിധായകന്‍ വിനയന്‍. തിരുവിതാംകൂറില്‍ ജീവിച്ചിരുന്ന ധീരനും സാഹസികനുമായ പോരാളിയുടെ കഥപറയുന്ന ചിത്രത്തില്‍ തെന്നിന്ത്യയിലെ ഏറ്റവും പ്രഗത്ഭരായ സംഘട്ടന സംവിധായകര്‍ അണിനിരക്കുകയാണെന്ന് വിനയന്‍ പറഞ്ഞു. സിനിമ തിയേറ്ററില്‍ മാത്രമേ റിലീസ് ചെയ്യൂ എന്ന് തീര്‍ച്ചപ്പെടുത്തിയെന്നും സിനിമാശാലകള്‍ തുറക്കുന്നതുവരെ കാത്തിരിക്കുമെന്നും സംവിധായകന്‍ വ്യക്തമാക്കി.

ടി വി സ്‌ക്രീനില്‍ കണ്ടാല്‍ ഈ ചിത്രത്തിന്റെ നൂറിലൊന്ന് ആസ്വാദന സുഖം പോലും ലഭിക്കില്ല എന്നതുകൊണ്ടു തന്നെ മഹാമാരി മാറി തീയറ്ററുകള്‍ തുറക്കുന്ന, സിനിമയുടെ വസന്തകാലത്തിനായി കാത്തിരിക്കാം.

വിനയന്‍

ഒരു ആക്ഷന്‍ ഫിലിം എന്നതോടൊപ്പം ആ കാലഘട്ടത്തില്‍ ജീവിച്ചിരുന്ന സാധാരണക്കാരുടെ മനസ്സുലക്കുന്ന ജീവിത സാഹചര്യങ്ങളുടെ നേര്‍ച്ചിത്രം കൂടി ആയിരിക്കും പത്തൊമ്പതാം നൂറ്റാണ്ട്. 175 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഏതെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടിയോ, ഏതെങ്കിലും ഒരു സംഘടനയോ ഇല്ലാതിരുന്ന ആ കാലത്ത് തങ്ങളുടെ മാനം കാക്കുവാന്‍ സ്വയം തെരുവിലിറങ്ങേണ്ടിവന്ന സ്ത്രീ ശാക്തീകരണത്തിന്റെ കഥയും ‘പത്തൊന്‍പതാം നൂറ്റാണ്ടിലൂടെ പറയാന്‍ ശ്രമിക്കുമെന്നും വിനയന്‍ കൂട്ടിച്ചേര്‍ത്തു.

പത്തൊമ്പതാം നൂറ്റാണ്ടിലെ കേന്ദ്രകഥാപാത്രമായ ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ക്ക് വേണ്ടി സിജു വില്‍സണ്‍ നടത്തിയ മേക്കോവര്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തില്‍ കായംകുളം കൊച്ചുണ്ണിയുടെ വേഷത്തില്‍ ചെമ്പന്‍ വിനോദ് ജോസ് എത്തുന്നു. സുധീര്‍ കരമന, ടിനി ടോം, സുരേഷ് കൃഷ്ണ, ഇന്ദ്രന്‍സ്, അലന്‍സിയര്‍, മണിക്കുട്ടന്‍, ശ്രീജിത്ത് രവി, ജാഫര്‍ ഇടുക്കി, സെന്തില്‍ കൃഷ്ണ, ജോണി ആന്റണി എന്നിവരും ചിത്രത്തിലുണ്ട്. വിനയന്റെ ബിഗ് ബജറ്റ് പീരിയോഡിക് ഡ്രാമയ്ക്ക് ക്യാമറ ചലിപ്പിക്കുന്നത് ഷാജികുമാറാണ്. എം ജയചന്ദ്രന്റേതാണ് സംഗീതം. വരികള്‍ റഫീഖ് അഹമ്മദ്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മ്മിക്കുന്നത്.