മുരളീധരന്‍ ആവര്‍ത്തിക്കുമോ പിസി ചാക്കോ? സ്ഥാനക്കയറ്റത്തില്‍ അസ്വസ്ഥത, ശശീന്ദ്രന് ശക്തികൂടുന്നത് പീതാംബരന്‍ പക്ഷത്തിന് തിരിച്ചടി

തിരുവനന്തപുരം: എന്‍സിപിയുടെ അധ്യക്ഷ സ്ഥാനത്തേക്ക് പിസി ചാക്കോ എത്തുന്നതോടെ തിരിച്ചടിയാവുന്നത് പീതാംബരന്‍ പക്ഷത്തിന്. ചാക്കോയുടെ പാര്‍ട്ടിയിലേക്കുള്ള വരവും വന്ന് രണ്ട് മാസം പിന്നിടുമ്പോഴേക്കുമുള്ള അധ്യക്ഷ ചുമതലയിലേക്കുള്ള സ്ഥാനക്കയറ്റവും പാര്‍ട്ടിയില്‍ ശശീന്ദ്രന്‍ പക്ഷത്തിന് ശക്തികൂട്ടുമെന്നതുമാണ് ഇവരെ അസ്വസ്ഥരാക്കുന്നത്. തെരഞ്ഞെടുപ്പിന് തൊട്ടുമുന്നായിരുന്നു കോണ്‍ഗ്രസിലെ ഗ്രൂപ്പ് രാഷ്ട്രീയത്തോട് പിണങ്ങി പിസി ചാക്കോ എന്‍സിപിയിലേക്ക് ചേക്കേറിയത്.

നേരത്തെ കെ മുരളീധരന്‍ കോണ്‍ഗ്രസില്‍ നിന്ന് എത്തിയപ്പോഴുണ്ടായ അവസ്ഥ ആവര്‍ത്തിക്കുമോ എന്ന ആശങ്കയും ചാക്കോയുടെ വരവില്‍ ഒരു വിഭാഗം നേതാക്കള്‍ക്കുണ്ട്. മുരളീധരന്‍ എന്‍സിപിയില്‍നിന്ന് മടങ്ങിയപ്പോള്‍ അദ്ദേഹത്തിനൊപ്പം എന്‍സിപിയിലെ ചില ഭാരവാഹികള്‍ക്കൂടി കോണ്‍ഗ്രസിലേക്ക് പോയിരുന്നു. അത്തരം അനുഭവമുണ്ടാകാതിരിക്കാന്‍ ജാഗ്രത കാണിക്കണമെന്ന് നേതാക്കള്‍ പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി പ്രഫുല്‍ പട്ടേലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

തെരഞ്ഞെടുപ്പിന് മുമ്പ് ഇടതുമുന്നണിയില്‍ പാലാസീറ്റിനെ ചൊല്ലിയുണ്ടായ തര്‍ക്കങ്ങളെത്തുടര്‍ന്ന് എന്‍സിപിയിലെ ഔദ്യോഗിക വിഭാഗം യുഡിഎഫ് പാളയത്തിലേക്ക് പോകാന്‍ തീരുമാനിച്ചിരുന്നു. പിസി ചാക്കോ ഇടപെട്ടായിരുന്നു ഈ നീക്കം തടഞ്ഞത്. യുഡിഎഫിന് വിജയം നേടാന്‍ കഴിയില്ലെന്നും ഇടതുമുന്നണിക്ക് അധികാരത്തുടര്‍ച്ചയുണ്ടാകുമെന്നും ചാക്കോ നേതാക്കളെ ധരിപ്പിച്ചിരുന്നെന്നാണ് വിവരം. ചാക്കോയുടെ വാക്കിനെത്തുടര്‍ന്നാണ് മുന്നണി മാറ്റത്തിനുള്ള തീരുമാനം പാര്‍ട്ടി അവസാന നിമിഷം ഉപേക്ഷിച്ചത്.

പാര്‍ട്ടിയില്‍ പുതുതായെത്തിയ ചാക്കോയ്ക്ക് കൂടുതല്‍ അധികാരവും ശശീന്ദ്രന്റെ മന്ത്രിസ്ഥാനം പങ്കിട്ടെടുക്കേണ്ടതില്ല എന്ന തീരുമാനവുമാണ് ഒരുവിഭാഗം നേതാക്കളെ ചൊടിപ്പിക്കുന്നത്.

ബുധനാഴ്ചയാണ് പീതാംബരന്‍ മാസ്റ്റര്‍ക്ക് പകരക്കാരനായി പിസി ചാക്കോയെ പാര്‍ട്ടി സംസ്ഥാനാധ്യക്ഷനായി തെരഞ്ഞെടുത്തത്. പീതാംബരന്‍ മാസ്റ്ററെ അധ്യക്ഷ സ്ഥാനത്തുനിന്നും മാറ്റണമെന്ന ആവശ്യം നേരത്തെതന്നെ ഉയര്‍ന്നിരുന്നു. രണ്ടാം പിണറായി സര്‍ക്കാരിലേക്കുള്ള മന്ത്രിയെ തീരുമാനിക്കാന്‍ പ്രഫുല്‍ പട്ടേല്‍ കേരളത്തിലെത്തിയ സാഹചര്യത്തിലാണ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പും നടത്തിയത്. പീതാംബരന്‍ മാസ്റ്റര്‍ ദേശീയ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് തുടരും.

തെരഞ്ഞെടുപ്പിന് മുമ്പുള്ള ധാരണ പ്രകാരമാണ് കോണ്‍ഗ്രസില്‍നിന്നും പിളര്‍ന്നുണ്ടായ കോണ്‍ഗ്രസ് എസിന്റെ സംസ്ഥാനാധ്യക്ഷനായിരുന്ന ഇദ്ദേഹത്തെ എന്‍സിപി അധ്യക്ഷ സ്ഥാനത്തെത്തിച്ചതെന്നാണ് വിവരം. കോണ്‍ഗ്രസ് എസും എന്‍സിപിയും കേരളത്തില്‍ രൂപം കൊള്ളുന്നതിന് പങ്കുവഹിച്ചവരില്‍ പ്രധാനിയാണ് പിസി ചാക്കോ. പിന്നീടദ്ദേഹം കോണ്‍ഗ്രസില്‍ത്തന്നെ തിരിച്ചെത്തി. ഈ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസില്‍നിന്ന് മനസുമടുത്തെന്ന് പരാതിപ്പെട്ട് പടിയിറങ്ങുകയായിരുന്നു.