‘ഉളിയെറിഞ്ഞു പെരുന്തച്ചന്‍….’; ശൈലജ ടീച്ചറെ മാറ്റിയ ആ തീരുമാനത്തില്‍ പിസി ജോര്‍ജ്

തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭയില്‍ കെകെ ശൈലജയെ ഉള്‍പ്പൈടുത്തില്ലെന്ന വാര്‍ത്തകള്‍ക്ക് തൊട്ടുപിന്നാലെ ഒറ്റവാക്കില്‍ വിമര്‍ശിച്ച് പിസി ജോര്‍ജ്. ഉളിയെറിഞ്ഞു പെരുന്തച്ചന്‍ എന്നാണ് പിസി ജോര്‍ജിന്റെ വിമര്‍ശനാത്മകമായ പരാമര്‍ശം. സമൂഹത്തിന്റെ വിവിധ കോണുകളില്‍നിന്നും വലിയ വിമര്‍ശനമാണ് സിപിഐഎം തീരുമാനത്തിനെതിരെ ഉയരുന്നത്.

അല്‍പം മുമ്പാണ് സിപിഐഎം സെക്രട്ടേറിയറ്റ് യോഗത്തിന് പിന്നാലെ കെകെ ശൈലജ മന്ത്രിസഭയിലുണ്ടായിരിക്കില്ലെന്നതില്‍ വ്യക്തത വന്നത്. പുതുമുഖങ്ങളെ അണിനിരത്തിക്കൊണ്ട് മന്ത്രിസഭാ രൂപീകരിക്കാം എന്ന തീരുമാനമാണ് ശൈലജയുടെ മന്ത്രിസ്ഥാനത്തിന് വിലങ്ങുതടിയായത്. മുഖ്യമന്ത്രിയൊഴികെ എല്ലാവരും പുതുമുഖങ്ങളാകണമെന്ന പാര്‍ട്ടി നിലപാടില്‍ ശൈലജ ടീച്ചര്‍ക്ക് ഇളവ് നല്‍കണമെന്ന് വ്യാപകമായ ആവശ്യമുയര്‍ന്നിരുന്നു. ഇന്ന് ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇത് നിരാകരിക്കുകയായിരുന്നു. ഒരാള്‍ക്കുമാത്രമായി ഇളവ് നല്‍കാനാവില്ലെന്നാണ് സെക്രട്ടേറിയറ്റ് വ്യക്തമാക്കിയത്.

കെകെ ശൈലജയെ മന്ത്രിസ്ഥാനത്ത് നിലനിര്‍ത്താം എന്നാതിലൂന്നിയായിരുന്നു സിപിഐഎമ്മിലും എല്‍ഡിഎഫിലും കഴിഞ്ഞ ദിവസങ്ങളില്‍ ചര്‍ച്ച പുരോഗമിച്ചത്. കഴിഞ്ഞ മന്ത്രിസഭയിലെ മികച്ച പ്രകടനവും മട്ടന്നൂരില്‍ ലഭിച്ച 60,000ത്തില്‍ കൂടുതല്‍ വോട്ടുകളുടെ ഭൂരിപക്ഷവും പരിഗണിച്ച് കെകെ ശൈലജയ്ക്ക് ഇത്തവണയും മന്ത്രിസ്ഥാനം നല്‍കുമെന്നായിരുന്നു ആദ്യഘട്ടത്തില്‍ പുറത്തുവന്ന സൂചനകള്‍.

മന്ത്രിസഭയില്‍ കെകെ ശൈലജയെ നിലനിര്‍ത്തണമെന്ന് സംസ്ഥാന സമിതിയില്‍ ഏഴ് അംഗങ്ങള്‍ മാത്രമാണ് ആവശ്യപ്പെട്ടത്. ഭൂരിപക്ഷം അംഗങ്ങളും കഴിഞ്ഞ മന്ത്രിസഭയിലെ ആരും ഇത്തവണ വേണ്ടെന്ന് വ്യക്തമാക്കി കോടിയേരി ബാലകൃഷ്ണന്‍ അവതരിപ്പിച്ച നിര്‍ദ്ദേശത്തെ പിന്തുണയ്ക്കുകയായിരുന്നു.

പാര്‍ട്ടിക്കപ്പുറത്ത് ശൈലജ ടീച്ചര്‍ക്കുള്ള പൊതുസമ്മതിയും കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിച്ച ആഗോള ശ്രദ്ധ, മട്ടന്നൂരിലെ റെക്കോര്‍ഡ് ഭൂരിപക്ഷം എന്നിവ പരിഗണിക്കുമ്പോള്‍, മാറ്റി നിര്‍ത്താനാവില്ലെന്നായിരുന്നു പാര്‍ട്ടിയില്‍ ആദ്യമുയര്‍ന്ന വാദം. കെകെ ശൈലജയക്ക് ലഭിച്ച് സ്ത്രീ വോട്ടര്‍മാരുടെ പിന്തണയാണ് ഭരണത്തുടര്‍ച്ചയ്ക്കുണ്ടായ ഒരു കാരണമെന്നും വിലയിരുത്തലുണ്ടായിരുന്നു. ശൈലജയെ ഒഴിവാക്കുന്നത് മറ്റ് തരത്തിലുള്ള ചര്‍ച്ചകള്‍ക്ക് വഴിവെക്കുമെന്ന അഭിപ്രായങ്ങളും ഉയര്‍ന്നിരുന്നു.

പക്ഷേ, പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും അടക്കമുള്ള സംസ്ഥാന ഘടകകള്‍ ഒരു മാറ്റം വേണമെന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ശൈലജ ടീച്ചറെ മാറ്റാനുള്ള അന്തിമ തീരുമാനം പാര്‍ട്ടി എടുത്തത്.