കോട്ടയം: പൂഞ്ഞാര്‍ മണ്ഡലത്തില്‍ ഇത്തവണയും വിജയിച്ചു വരുമെന്നാണ് പിസി ജോര്‍ജ് കരുതിയിരുന്നത്. എന്നാല്‍ ജോര്‍ജിന്റെ വിജയ മോഹത്തെ തകര്‍ത്തത് ഈരാറ്റുപേട്ട നഗരസഭയിലെ വോട്ടര്‍മാര്‍.
പിസി ജോര്‍ജ് എക്കാലത്തും പൂഞ്ഞാറില്‍ വിജയിക്കുമ്പോള്‍ ശക്തമായ പിന്തുണ ഈരാറ്റുപേട്ട നഗരസഭയിലെ വോട്ടര്‍മാര്‍ നല്കാറുണ്ടായിരുന്നു. എന്നാല്‍ ഇത്തവണ ഈരാറ്റുപേട്ടയിലെ വോട്ടര്‍മാര്‍ ഇക്കുറി ജോര്‍ജിനെ കയ്യൊഴിഞ്ഞു. പിസി ജോര്‍ജ് നഗരസഭ പ്രദേശങ്ങളില്‍ ജീവിക്കുന്ന മനുഷ്യര്‍ക്കെതിരെ വര്‍ഗീയ പരാമര്‍ശം നടത്തിയെന്നാരോപണം ശക്തമായിരുന്നു. ഇതിന്റെ പ്രതിഫലനമാണ് വോട്ട് കണക്കില്‍ കണ്ടത്.
2016ലെ തെരഞ്ഞെടുപ്പില്‍ നഗരസഭ പരിധിയില്‍ ജോര്‍ജിന് 7195 വോട്ടുകളാണ് ലഭിച്ചത്. ഇക്കുറി അത് 1125 വോട്ടുകളായി ചുരുങ്ങി. ഇവിടെ കുറയുന്ന വോട്ടുകള്‍ മറ്റ് പഞ്ചായത്തുകളില്‍ നിന്ന് അധികം നേടാമെന്നായിരുന്നു പിസി ജോര്‍ജ് കരുതിയിരുന്നത്. എന്നാല്‍ അതിനും കഴിഞ്ഞില്ല.
പൂഞ്ഞാര്‍, പൂഞ്ഞാര്‍ തെക്കേകര, തിടനാട് പഞ്ചായത്തുകളില്‍ മുന്നേറാന്‍ കഴിഞ്ഞെങ്കിലും ഭൂരിപക്ഷത്തിലേക്കെത്താന്‍ കഴിഞ്ഞില്ല. അവസാന റൗണ്ടുകളില്‍ കൂട്ടിക്കല്‍, മുണ്ടക്കയം, കോരുത്തോട്, എരുമേലി പഞ്ചായത്തുകള്‍ എണ്ണിയപ്പോഴെക്കും എല്‍ഡിഎഫ് തങ്ങളുടെ ഭൂരിപക്ഷം വലിയ തോതില്‍ ഉയര്‍ത്തി.
എല്‍ഡിഎഫിന്റെ സെബാസ്റ്റ്യന്‍ കുളത്തിങ്കലാണ് പിസി ജോര്‍ജിനെതിരെ വിജയം നേടിയത്. 16817 വോട്ടിന്റെ ഭൂരിപക്ഷമാണ് നേടിയത്. കഴിഞ്ഞ തവണ 27,821 വോട്ടിന്റെ ഭൂരിപക്ഷം നേടിയാണ് പിസി ജോര്‍ജിന്റെ വിജയം.