തിരുവനന്തപുരം: അന്തരിച്ച മുന്‍ മന്ത്രിമാരായ കെആര്‍ ഗൗരിയമ്മയ്ക്കും ആര് ബാലകൃഷ്ണപിള്ളയ്ക്കും സ്മാരകങ്ങള്‍ നിര്‍മ്മിക്കുന്നതിന് പകരം വിദ്യാര്‍ത്ഥികള്‍ക്ക് പഠന സാമഗ്രികള്‍ എത്തിച്ചുകൂടെയെന്ന നിര്‍ദ്ദേശവുമായി സഭയില്‍ കോണ്‍ഗ്രസ് എംഎല്‍എ പിസി വിഷ്ണുനാഥ്. സ്മാരകങ്ങളുടെ കാര്യത്തില്‍ വിവേകപൂര്‍ണമായ തീരുമാനമെടുത്ത് രാജ്യത്തിന് മാതൃകയാവുന്ന ധനമന്ത്രിയാവാന്‍ കഴിയുമോ എന്നാണ് തന്റെ ചോദ്യമെന്നായിരുന്നു വിഷ്ണുനാഥ് പറഞ്ഞത്. എന്നാല്‍ ഏറ്റെടുക്കാന്‍ കഴിയാത്ത പ്രഖ്യാപനങ്ങള്‍ നടത്തി മാതൃകയാവാന്‍ കഴിയില്ലെന്ന മറുപടിയാണ് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ നല്‍കിയത്.
‘ധനവിനിയോഗത്തെ സംബന്ധിച്ച് വളരെ മുന്‍കരുതലുകള്‍ ഉണ്ടാകേണ്ട കാലമാണ്. സംസ്ഥാനത്ത് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളാണ് പഠനത്തിന് ഫോണോ ലാപ്ടോപ്പോ ഇല്ലാതെ വിഷമിക്കുന്നത്. സ്മാരകങ്ങള്‍ നിര്‍മ്മിക്കുമെന്ന നിര്‍ദ്ദേശം ധനമന്ത്രിയും ബജറ്റിലുണ്ട്. കെആര്‍ ഗൗരിയമ്മയുടെ പേരില്‍ സംസ്ഥാനത്തെ പഠനസൗകര്യമില്ലാത്ത മുഴുവന്‍ പെണ്‍കുട്ടികള്‍ക്കും ലാപ്ടോപ്പും ഫോണും നല്കുന്ന പദ്ധതി സ്മാരകമായി പ്രഖ്യാപിക്കാന്‍ കഴിയുമോ?’, വിഷ്ണുനാഥ് ചോദിച്ചു.
കേന്ദ്രസര്‍ക്കാര്‍ വാക്സിന് സൗജന്യമായി നല്‍കുമെന്ന് അറിയിച്ചതുകൊണ്ട് അതിനായി മാറ്റിവെച്ച ആയിരം കോടി അവിടെയുണ്ട്. സംസ്ഥാനത്തെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും പഠനോപകരണങ്ങള്‍ നല്‍കുന്നതിന് വേണ്ടി അതില്‍നിന്നും വളരെ ചെറിയൊരു തുക മാറ്റിവെച്ചാല്‍ മതിയല്ലോ. കുട്ടികളെല്ലാം സമ്മര്‍ദ്ദത്തിലാണ്. എംഎല്‍എമാരെ മുഴുവര്‍ അവര്‍ വിളിക്കുന്നത് അതുകൊണ്ടാണ്. സമ്പന്നരായ എംഎല്‍എമാര്‍ക്ക് ഫോണും മറ്റും വാങ്ങിക്കൊടുക്കാന്‍ കഴിയുമായിരിക്കും. ഒന്നരവര്‍ഷമായി കടകള്‍ അടച്ചുകിടക്കുന്നതിനാല്‍ സ്പോണ്സര് ചെയ്യാന്‍ പോലും കഴിയാത്ത അവസ്ഥയാണ്. ആര് ബാലകൃഷ്ണന്റെയോ കെആര്‍ ഗൗരിയമ്മയുടേയോ പേരിലുള്ള സ്മാരകങ്ങളുടെ കാര്യത്തില്‍ വിവേകപൂര്‍ണമായ തീരുമാനമെടുത്ത് കുട്ടികള്‍ക്ക് ഉപകരണങ്ങള്‍ വാങ്ങിക്കൊടുക്കുന്ന ഒരു പദ്ധതി പ്രഖ്യാപിച്ച് രാജ്യത്തിന് മാതൃകയാവുന്ന ധനമന്ത്രിയായി കെഎന്‍ ബാലഗോപാലിന് മാറാന്‍ കഴിയുമോ എന്നാണ് തന്റെ ചോദ്യമെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റെടുക്കാന്‍ കഴിയാത്ത പ്രഖ്യാപനങ്ങള്‍ നടത്തി രാജ്യത്തിന് മാതൃകയാവാന്‍ കഴിയില്ലെന്നായിരുന്നു ഇതിന് ധനമന്ത്രിയുടെ മറുപടി. ‘അങ്ങനെ മാതൃകയാവാന്‍ കഴിയില്ല. കയ്യടിക്കുവേണ്ടി ഒരു കാര്യം പറഞ്ഞിട്ടും കാര്യമില്ല. എംഎല്‍എ എന്നനിലയില്‍ ഞങ്ങളെല്ലാവരും അദ്ദേഹം പറഞ്ഞ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. പഠനോപകരണങ്ങള്‍ക്ക് പത്ത്ലക്ഷം പേര് ആവശ്യപ്പെട്ടാല്‍പ്പോലും പത്തായിരം കോടി രൂപ വേണ്ടി വരും. കണക്കുകൂടി നോക്കിയിട്ട് വേണം ഇക്കാര്യങ്ങള്‍ പറയാന്‍. സര്‍ക്കാര്‍ പരമാവധി കാര്യങ്ങള്‍ ചെയ്യും’ എല്ലാവരും സഹികരിച്ചുള്ള കാര്യങ്ങള്‍ ആലോചിക്കാമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.