മുംബൈ: രാജ്യത്ത് രണ്ടാമത് ഏറ്റവും കൂടുതല്‍ കാലം എംഎല്എയായിരുന്നുവെന്ന റെക്കോര്‍ഡ് കരസ്ഥമാക്കിയ ജനപ്രതിനിധിയും പെസന്റ് ആന്‍ഡ് വര്‍ക്കേഴ്സ് പാര്‍ട്ടി മുതിര്‍ന്ന നേതാവുമായ ഗണപത് റാവു ദേശ്മുഖ് അന്തരിച്ചു. സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
95 വയസ്സായിരുന്നു. അന്ത്യ കര്‍മ്മങ്ങള്‍ സംഗോളില് ശനിയാഴ്ചക്ക് ഉച്ചക്ക് ശേഷം നടക്കും.
ജനപ്രിയ നേതാവും ലളിത ജീവിതത്തിന് ഉടമയുമായിരുന്ന ദേശ്മുഖ് സംഗോള് മണ്ഡലത്തില്‍ നിന്നാണ് 11 തവണ മഹാരാഷ്ട്ര നിയമസഭയിലേക്ക് എത്തിയത്. 1962ലാണ് ആദ്യമായി സംഗോളില് നിന്ന് വിജയിക്കുന്നത്.

രണ്ട് തവണയാണ് ദേശ്മുഖ് പരാജയപ്പെട്ടത്. 1972ലും 1995ലും. രണ്ടാം തവണ സ്വന്തം ചെറുമകനോടാണ് പരാജയപ്പെട്ടത്. 190 വോട്ടിനായിരുന്നു അന്നത്തെ തോല്‍വി.
രണ്ട് തവണ മന്ത്രിയായിട്ടുണ്ട്. 1978ല്‍ ശരദ് പവാര്‍ മന്ത്രിസഭയിലും 1999ല്‍ വിലാസ് റാവു ദേശ്മുഖ് മന്ത്രിസഭയിലും. 2019ല്‍ തന്റെ വിരമിക്കല്‍ ദേശ്മുഖ് പ്രഖ്യാപിച്ചിരുന്നു.
പരേതനായ എം കരുണാനിധിയാണ് എംഎല്‍എയായി ഏറ്റവും കൂടുതല്‍ കാലം പ്രവര്‍ത്തിച്ചത്. അതിന് പിന്നിലാണ് ദേശ്മുഖ്.
ദേശ്മുഖിന്റെ മരണത്തില്‍ മുഖ്യമന്ത്രി ഉദ്ദവ് താക്കറേ, പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് എന്നിവര്‍ ദു:ഖം രേഖപ്പെടുത്തി. മറ്റ് രാഷ്ട്രീയ നേതാക്കളും തങ്ങളുടെ ദു:ഖം രേഖപ്പെടുത്തി.